”മുഖംമൂടി നീക്കി, ജെഎന്‍യുവില്‍ അക്രമം നടത്തിയ ഗുണ്ടകളെ ഇപ്പോള്‍ തിരിച്ചറിയാം”

ദില്ലി: ജെഎന്‍യുവിലെ സംഘപരിവാര്‍ അക്രമിസംഘത്തിന്റെ ചിത്രങ്ങള്‍ ട്വിറ്ററിലൂടെ പുറത്തുവിട്ട് സാമൂഹ്യപ്രവര്‍ത്തകയായ കവിത കൃഷ്ണന്‍.

മുഖംമൂടി നീക്കിയിരിക്കുന്നു. ജെഎന്‍യുവില്‍ അക്രമം നടത്തിയ ഗുണ്ടകളെ ഇപ്പോള്‍ തിരിച്ചറിയാം. വനിതാ ഹോസ്റ്റലില്‍ എത്തിയവരില്‍ ഒരാള്‍ അറിയപ്പെടുന്ന എബിവിപി പ്രവര്‍ത്തകയാണ്. മറ്റുള്ളവരേയും ഉടനെ തിരിച്ചറിയാം. എന്ന കുറിപ്പോടെയാണ് കവിതാ കൃഷ്ണന്‍ ചിത്രങ്ങള്‍ പുറത്തുവിട്ടത്.

വനിതാ എബിവിപി പ്രവര്‍ത്തകയുടെ ചിത്രം സഹിതമാണ് ട്വീറ്റ്. ക്യാമ്പസിന് അകത്ത് ഒരു വടിയും മറ്റുമായി കൂട്ടം ചേര്‍ന്ന് നില്‍ക്കുന്ന സംഘികളുടെ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്.

അതേസമയം, ഞായറാഴ്ച നടന്ന ആക്രമണത്തില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ സര്‍വകലാശാലകളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ പ്രതിഷേധവുമായി തെരുവിലിറങ്ങി.

അലിഗഡ്, ജാദവ്പൂര്‍, പൂണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് തുടങ്ങിയ ക്യാംപസുകളില്‍ വിദ്യാര്‍ഥികള്‍ പ്രതിഷേധിച്ചു. ദില്ലി പൊലീസ് ആസ്ഥാനം ജാമിയ മില്ലിയ സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ ഉപരോധിച്ചു. മുംബൈയിലെ ഇന്ത്യ ഗേറ്റിന് മുന്നില്‍ അര്‍ധരാത്രിയില്‍ തുടങ്ങിയ വിദ്യാര്‍ഥിളുടെ പ്രതിഷേധം തുടരുകയാണ്.

ഞായറാഴ്ച രാത്രിയാണ് ഹോസ്റ്റല്‍ ഫീസ് വര്‍ധന ഉള്‍പ്പെടെയുള്ള നടപടികള്‍ക്കെതിരെ സമരം നടത്തുന്ന ജെഎന്‍യു വിദ്യാര്‍ഥികളെ ആര്‍എസ്എസ് കാപാലിക സംഘം ആക്രമണമിച്ചത്. വനിതാ, മിക്‌സ്ഡ് ഹോസ്റ്റലുകളില്‍ അതിക്രമിച്ചു കയറിയുള്ള തേര്‍വാഴ്ചയില്‍ വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റ് ഐഷി ഘോഷ്, അധ്യാപിക പ്രഫ. സുചരിത സെന്‍ തുടങ്ങിയവര്‍ക്കു തലയ്ക്കു ഗുരുതര പരുക്കേറ്റു. ഐഷി ഘോഷിനെ കൊണ്ടുപോയ ആംബുലന്‍സും തടഞ്ഞും ആക്രമം തുടര്‍ന്നു.

അക്രമി സംഘത്തില്‍ മുഖം മറച്ച് കുറുവടികളും മറ്റുമായി പെണ്‍കുട്ടികളുമുണ്ടായിരുന്നു. മുഖം മറച്ചവര്‍ ഇരുമ്പുകമ്പികളും വടിവാളും മറ്റ് മാരകായുധങ്ങളുമായി വിദ്യാര്‍ഥികളെ ക്രൂരമായി മര്‍ദിക്കുകയും ഹോസ്റ്റല്‍ മുറികളും മറ്റും അടിച്ചു തകര്‍ക്കുകയും ചെയ്യുന്ന നിരവധി വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

ആക്രമണത്തില്‍ പരിക്കേറ്റ് വിദ്യാര്‍ഥികളെയും അധ്യാപകരെയും ചികിത്സിക്കുകയായിരുന്ന എയിംസിലെ മെഡിക്കല്‍ സംഘത്തെ ജെഎന്‍യുവിനകത്ത് വച്ച് എബിവിപി ആക്രമിച്ചു. ഡോക്ടര്‍മാര്‍, നേഴ്‌സുമാര്‍, വളണ്ടയിര്‍മാര്‍ എന്നിവരടങ്ങുന്ന സംഘത്തിനെ ജെഎന്‍യുവില്‍ വച്ച് ആക്രമിച്ചുവെന്ന് എയിംസിലെ ഡോക്ടര്‍ ഹര്‍ജിത് സിങ് ബട്ടി ട്വീറ്റ് ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News