”ജെഎന്‍യു: ഭീകരമായ വിദ്യാര്‍ത്ഥിവേട്ട അമിത് ഷായുടെ നിയന്ത്രണത്തിലുള്ള പൊലീസിന്റെ ഒത്താശയോടെ; വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും മാരകായുധങ്ങളുമായി വേട്ടയാടി സംഘി ക്രിമിനലുകള്‍; ജനങ്ങള്‍ തെരുവിലിറങ്ങുന്നത് പോരാട്ടങ്ങള്‍ക്ക് ഊര്‍ജ്ജം പകരും”; ഇന്നലെ ജെഎന്‍യുവില്‍ നടന്നത്…

ദില്ലി: ജെഎന്‍യു ക്യാമ്പസില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ നടന്ന സംഘപരിവാര്‍ ആക്രമണത്തെക്കുറിച്ച് കെകെ രാഗേഷ് എംപി പറയുന്നു.

കെകെ രാഗേഷിന്റെ വാക്കുകള്‍:

ഡെല്‍ഹി ജവഹര്‍ ലാല്‍ നെഹ്റു യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ പുറമേനിന്നെത്തിയ ആര്‍.എസ്.എസ്. എബിവിപി സംഘം ഭീകരമായ അക്രമം അഴിച്ചുവിട്ടു എന്ന വാര്‍ത്തയാണ് ഇന്നലെ ഡെല്‍ഹിയില്‍ എത്തിയ ഉടന്‍ അറിയാന്‍ കഴിഞ്ഞത്.

ജെ.എന്‍.യു.എസ്.യു. പ്രസിഡന്റ് ഐഷി ഘോഷ് ഉള്‍പ്പെടെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഗുരുതരമായ പരിക്കേറ്റു എന്നറിഞ്ഞ ഉടന്‍ എയിംസിലേക്ക് പുറപ്പെട്ടു.

അവിടെ എത്തിയപ്പോള്‍ പരിക്കേറ്റ നിരവധി വിദ്യാര്‍ത്ഥികളെ ട്രോമാ കെയര്‍ സെന്ററില്‍ എത്തിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഐഷി ഘോഷിനെ അടിയന്തിര സ്‌കാനിങ്ങിന് വിധേയമാക്കി. സുചിത്ര സെന്‍, അമിത് പരമേശ്വരന്‍ തുടങ്ങിയ പ്രൊഫസര്‍മാര്‍ക്കും സാരമായ പരിക്കേറ്റിട്ടുണ്ട്. ഇരുമ്പു ദണ്ഡ്കൊണ്ട് തലക്കടിയേറ്റ ഒരു വിദ്യാര്‍ത്ഥി അബോധാവസ്ഥയിലായിരുന്നു.

ജെ.എന്‍.യുവില്‍ അപ്പോഴും സംഘപരിവാര്‍ അക്രമം അഴിച്ചുവിടുകയാണ് എന്നറിഞ്ഞതിനെ തുടര്‍ന്ന് നേരെ ജെ.എന്‍.യുവിലേക്ക് പുറപ്പെട്ടു. മെയിന്‍ ഗേറ്റ് പൂര്‍ണ്ണമായും ആര്‍.എസ്.എസ്സിന്റെ നിയന്ത്രണത്തിലായിരുന്നു.

വാഹനങ്ങള്‍ തല്ലിത്തകര്‍ത്തപ്പോഴും ആംബുലന്‍സ് പോലും തടഞ്ഞുവെച്ചപ്പോഴും നേതാക്കളെ ആക്രമിച്ചപ്പോഴുമെല്ലാം ഡെല്‍ഹി പോലീസ് കേവലം കാഴ്ചക്കാരായി മാറുകയായിരുന്നു. മറ്റൊരു ഗേറ്റിലൂടെ ഞാനും വിജുകൃഷ്ണനും ചേര്‍ന്ന് ജെ.എന്‍.യു.വിനകത്ത് കടന്നു. അവിടെ അക്രമത്തിനിരയായ വിദ്യാര്‍ത്ഥികള്‍ കൂട്ടംകൂടി നില്‍ക്കുകയാണ്.

വണ്ടിയില്‍ നിന്നിറങ്ങുമ്പോള്‍ കണ്ട കാഴ്ച നൂറുകണക്കിന് പോലീസുകാര്‍ ഈ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ പാഞ്ഞടുക്കുന്നതാണ്. സമാധാനപരമായി ക്യാമ്പസിനകത്ത് കുത്തിയിരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നേരെയാണ് പോലീസിന്റെ ഈ അതിക്രമം.

ഞങ്ങള്‍ വാഹനത്തില്‍ നിന്നിറങ്ങി പോലീസിനെ തടഞ്ഞതിനെ തുടര്‍ന്നാണ് പോലീസ് പിന്മാറിയത്. അപ്പോഴാണ് പോലീസിന്റെ കൂടെ മുഖംമൂടിയണിഞ്ഞ് കയ്യില്‍ ദണ്ഡയുമായി വേറെയും ചിലരെ കാണുന്നത്!

ജെ.എന്‍.യു.വില്‍ നടന്ന ഭീകരമായ വിദ്യാര്‍ത്ഥിവേട്ട അമിത്ഷായുടെ നിയന്ത്രണത്തിലുള്ള ഡെല്‍ഹി പോലീസിന്റെ ഒത്താശയോടെയാണെന്ന് വ്യക്തം.

ജെ.എന്‍.യു.എസ്.യു. പ്രസിഡന്റിനെയും അധ്യാപകരെയും ഉള്‍പ്പെടെ മുഖംമൂടിയണിഞ്ഞ് മാരകായുധങ്ങളുമായി വേട്ടയാടിയ ക്രിമിനലുകള്‍ ഗേറ്റിന് പുറത്ത് കൊലവിളി നടത്തിയപ്പോള്‍ പോലീസ് ഒരു നടപടിയും എടുത്തുകണ്ടില്ല. ഡി.സി.പി.യും കമ്മീഷണറും ഉള്‍പ്പെടെയുള്ള ഡെല്‍ഹി പോലീസ് മേധാവികളാകെ സ്ഥലത്തുണ്ടായിരുന്നു.

നൂറോളം വരുന്ന ക്രിമിനലുകളെ ആയിരത്തോളം വരുന്ന പോലീസ് സംഘത്തിന് നിഷ്പ്രയാസം അറസ്റ്റ് ചെയ്യാനാവുമായിരുന്നു. സ്ഥലത്തുവെച്ചുതന്നെ ഡി.സി.പി.യോടും കമ്മീഷണറോടും അക്രമകാരികളെ അറസ്റ്റ് ചെയ്യണമെന്ന് എം.പി. എന്ന നിലയില്‍ ഞാനാവശ്യപ്പെട്ടു.

എന്നാല്‍ അതൊന്നും ചെയ്യാതെ ജെ.എന്‍.യു.വിലെ വിദ്യാര്‍ത്ഥികളെ സംഘപരിവാര്‍ ക്രിമിനലുകള്‍ക്കൊപ്പം ചേര്‍ന്ന് അക്രമിക്കാന്‍ ശ്രമിക്കുന്ന കാഴ്ചക്കാണ് സാക്ഷിയാവേണ്ടിവന്നത്.

ഒരുപക്ഷെ ഞങ്ങളവിടെ എത്തിയില്ലായിരുന്നുവെങ്കില്‍, ജെ.എന്‍.യു.വിലെ അധ്യാപകരാകെ ഒറ്റക്കെട്ടായി ഈ നീക്കത്തെ തടഞ്ഞില്ലായിരുന്നുവെങ്കില്‍ വിദ്യാര്‍ത്ഥികളെ പോലീസും തല്ലിച്ചതക്കുമായിരുന്നു.

വിദ്യാര്‍ത്ഥികള്‍ക്ക് നേരെയുള്ള അക്രമവാര്‍ത്ത പുറംലോകമറിഞ്ഞതോടെ ആരുടെയും ആഹ്വാനമില്ലാതെതന്നെ വിദ്യാര്‍ത്ഥികളും യുവാക്കളും തെരുവിലേക്കിറങ്ങിവരുന്ന കാഴ്ചയാണ് കണ്ടത്.

ഡെല്‍ഹി പോലീസ് ഹെഡ്ക്വാര്‍ട്ടേഴ്സിന് മുന്നില്‍ ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളാണ് പ്രതിഷേധവുമായി തടിച്ചുകൂടിയത്. പുലര്‍ച്ചെ വരെ വിദ്യാര്‍ത്ഥി പ്രതിഷേധം തുടര്‍ന്നു. ഇത് അമിത്ഷായ്ക്കും കൂട്ടര്‍ക്കുമുള്ള ശക്തമായ താക്കീതായിരുന്നു.

ജെ.എന്‍.യു.വിന് നേരെ നടന്ന കടന്നാക്രമണം യാദൃച്ഛികമല്ല. കഴിഞ്ഞ കുറേ മാസങ്ങളായി രാജ്യത്തെ ക്യാമ്പസ്സുകള്‍ ശക്തമായ പ്രതിഷേധത്തിലാണ്. ഫീസ് വര്‍ദ്ധനവിനെതിരെ ജെ.എന്‍.യു.വില്‍ ആരംഭിച്ച സമരങ്ങള്‍ക്ക് പൗരത്വനിയമഭേദഗതിയോടെ പുതിയ മാനങ്ങള്‍ കൈവന്നു.

പൗരത്വഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങള്‍ രാജ്യത്തെ നിരവധി സര്‍വ്വകലാശാലകളില്‍ അലയടിച്ചു.

ഈ പോരാട്ടങ്ങളുടെയാകെ ശക്തിസ്രോതസ്സും ധൈഷണിക നേതൃത്വവുമാണ് ജെ.എന്‍.യു. ആ ജെ.എന്‍.യു.വിനെ മര്‍ദ്ദിച്ച് ഇല്ലാതാക്കിക്കളയാമെന്ന ലക്ഷ്യത്തോടെ, ഉന്നത ബിജെപി നേതാക്കളുടെയും കേന്ദ്രഭരണാധികാരികളുടെയും അറിവും ഒത്താശയുമോടെ അക്രമകാരികള്‍ക്ക് ഒപ്പംനിന്ന് ഇരകളെ വേട്ടയാടുന്ന ഗുജറാത്ത് മോഡല്‍ പോലീസ് സംവിധാനത്തെയാണ് ഇന്നലെ ജെ.എന്‍.യു.വില്‍ കണ്ടത്.

അക്രമം ആസൂത്രണം ചെയ്യുന്നതിന് പ്രത്യേകം വാട്ട്സ്ആപ്പ് ഗ്രൂപ്പുണ്ടാക്കി. ഏതൊക്കെ ഹോസ്റ്റലുകളില്‍ ആരെയൊക്കെ ആക്രമിക്കണം, ഏത് ഗേറ്റുവഴി അകത്തുകടക്കണം എന്നെല്ലാം ആസൂത്രണം ചെയ്ത് നടത്തിയ കടന്നാക്രമണം ഭരണനേതൃത്വത്തിന്റെ അറിവോടെയാണെന്ന് വ്യക്തം. രാജ്യം എവിടേക്കാണ് പോകുന്നത് എന്നതിന്റെ സൂചനയാണിത്.

ഫാസിസ്റ്റ് നീക്കങ്ങള്‍ക്കെതിരായി സ്വയംസന്നദ്ധമായി ഇന്നലെ ജനങ്ങള്‍ തെരുവിലിറങ്ങിയെന്നത് വരുംനാളുകളിലെ പോരാട്ടങ്ങള്‍ക്ക് ഊര്‍ജ്ജം പകരുക തന്നെ ചെയ്യും.

കെ.കെ. രാഗേഷ് (612020)

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here