നടിയെ ആക്രമിച്ച കേസ്; ദിലീപ് അടക്കമുള്ള പ്രതികള്‍ക്കെതിരെ കോടതി കുറ്റം ചുമത്തി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപ് ഉള്‍പ്പടെ മുഴുവന്‍ പ്രതികള്‍ക്കുമെതിരെ വിചാരണക്കോടതി കുറ്റം ചുമത്തി.

പ്രതികള്‍ക്കെതിരെയുള്ള കുറ്റങ്ങള്‍ കോടതി വായിച്ചു കേള്‍പ്പിച്ച ശേഷമാണ് കുറ്റം ചുമത്തിയത്. കേസില്‍ വിചാരണ തുടങ്ങുന്ന തിയ്യതി കോടതി നാളെ തീരുമാനിക്കും.

കേസില്‍ വിചാരണ തുടങ്ങുന്നതിന്റെ മുന്നോടിയായാണ് മുഴുവന്‍ പ്രതികളോടും ഇന്ന് ഹാജരാകാന്‍ കോടതി നിര്‍ദേശിച്ചിരുന്നത്. ദിലീപ് ഉള്‍പ്പടെ 10 പ്രതികളും കോടതിയില്‍ ഹാജരായതോടെ കുറ്റപത്രം വായിച്ചു കേള്‍പ്പിക്കുന്ന നടപടി തുടങ്ങി.ഇതിനു ശേഷം പ്രതികള്‍ക്കു മേല്‍ പ്രോസിക്യൂഷന്‍ ആരോപിക്കുന്ന കുറ്റം ചുമത്തി.

കൂട്ടമാനഭംഗം ഉള്‍പ്പടെയുള്ള കുറ്റമാണ് ദിലീപിനെതിരെ ചുമത്തിയത്.എന്നാല്‍ ദിലീപ് ഉള്‍പ്പടെയുള്ള പ്രതികള്‍ കുറ്റ നിഷേധിച്ചു.അങ്ങനെയെങ്കില്‍ വിചാരണ തുടങ്ങാമെന്ന് കോടതി പറഞ്ഞു.

27ന് വിചാരണ തുടങ്ങാമെന്ന നിര്‍ദേശമാണ് കോടതി മുന്നോട്ട് വെച്ചത്. എന്നാല്‍ ദിലീപിന്റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടത് 29ന് തുടങ്ങാമെന്നായിരുന്നു.

അതേ സമയം ഒന്നാം പ്രതി പള്‍സര്‍ സുനിക്ക് വേണ്ടി അഭിഭാഷകന്‍ ആവശ്യപ്പെട്ട തിയ്യതി 28 ആയിരുന്നു.ഈ സാഹചര്യത്തില്‍ വിചാരണ തിയ്യതി നാളെ തീരുമാനിക്കാമെന്ന് കോടതി വ്യക്തമാക്കി.കൂടാതെ വിസ്തരിക്കേണ്ട സാക്ഷികളുടെ പട്ടിക തയ്യാറാക്കി നല്‍കാന്‍ പ്രോസിക്യൂഷന് കോടതി നിര്‍ദേശം നല്‍കി.

ഇതനുസരിച്ച് പട്ടിക നാളെ കൈമാറിയാല്‍ സാക്ഷികള്‍ക്ക് കോടതി സമന്‍സ് അയക്കും.ഒന്നാം സാക്ഷിയും ഇരയുമായ നടിയെയായിരിക്കും ആദ്യം വിസ്തരിക്കുക.

അതേ സമയം, വിടുതല്‍ ഹര്‍ജി തള്ളിയ വിചാരണക്കോടതി ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിക്കാന്‍ ദിലീപ് തീരുമാനിച്ചിട്ടുണ്ട്.ഈ ആഴ്ചതന്നെ ഹര്‍ജി സമര്‍പ്പിക്കുമെന്നാണ് വിവരം.

കോടതി കുറ്റം ചുമത്തിയെങ്കിലും കുറ്റവിമുകതനാക്കണമെന്ന ഹര്‍ജി തള്ളിയ വിചാരണക്കോടതി ഉത്തരവിനെതിരെ ദിലീപ് അപ്പീല്‍ പോകുന്നതില്‍ നിയമ തടസ്സങ്ങളില്ലെന്നാണ് നിയമ വിദഗ്ധര്‍ വ്യക്തമാക്കുന്നത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here