വിദ്വേഷത്തിനും ആക്രമണങ്ങള്‍ക്കുമെതിരെ നിലകൊള്ളേണ്ട സമയമാണിത്; ജെഎന്‍യു സംഘപരിവാര്‍ ആക്രമണങ്ങള്‍ക്കെതിരെ നിവിന്‍ പോളിയും

തിരുവനന്തപുരം: ജെഎന്‍യു ക്യാമ്പസില്‍ നടന്ന സംഘപരിവാര്‍ ആക്രമണങ്ങളെ അപലപിച്ച് നടന്‍ നിവിന്‍ പോളിയും.

കഴിഞ്ഞ രാത്രിയില്‍ ജെഎന്‍യുവിലുണ്ടായത് ഭീകരവും പേടിപ്പെടുത്തുന്നതുമായ സംഭവമാണ്. ക്രൂരത അതിന്റെ പാരമ്യത്തിലെത്തിയതാണ് ഇത്. വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും നേരെയുണ്ടായ ആക്രമണത്തിന് പിന്നിലുള്ളവര്‍ ശിക്ഷിക്കപ്പെടണമെന്നും നിവിന്‍ പോളി പറഞ്ഞു.
വിദ്വേഷത്തിനും ആക്രമണങ്ങള്‍ക്കുമെതിരെ നിലകൊള്ളേണ്ട സമയമാണിതെന്നും നിവിന്‍ പറഞ്ഞു.

വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണയുമായി നേരത്തെ നടി മഞ്ജു വാര്യരും രംഗത്തെത്തിയിരുന്നു.

മഞ്ജുവിന്റെ വാക്കുകള്‍:

ജെ.എന്‍.യുവില്‍നിന്നുള്ള മുഖങ്ങള്‍ രാവിലെ ടിവിയില്‍ കണ്ടപ്പോള്‍ ഞെട്ടിപ്പോയി.

ചോര ഒലിച്ചുകൊണ്ടുള്ള കുറെ മുഖങ്ങള്‍. രാത്രി അവരെ മൂന്നു മണിക്കൂറോളം പലരും ചേര്‍ന്ന് അക്രമിച്ചിരിക്കുന്നു. ജെഎന്‍യു എന്നതു ഈ രാജ്യത്തിന്റെ അറിവിന്റെ അടയാളമായിരുന്നു. അവിടെ പഠിക്കുക എന്നതു അറിവിന്റെ മാനദണ്ഡമായിരുന്നു.

അവിടെ പഠിച്ച പലരുമാണ് ഇന്നും നമ്മളെ നയിക്കുന്നതും ഭരിക്കുന്നതും. അവരുടെ രാഷ്ട്രീയം പലതായിരുന്നുവെങ്കിലും അവരുടെ രാജ്യസ്‌നേഹം ചോദ്യം ചെയ്യാനാകില്ല. രാഷ്ട്രീയ അഭിപ്രായ വ്യത്യാസത്തിനിടയിലും അവര്‍ അവിടെ കലാപമുണ്ടാക്കുകയല്ല ചെയ്തത്.

പുറത്തുനിന്നുള്ളവര്‍ കൂടി ചേര്‍ന്നു ഇരുളിന്റെ മറവില്‍ അക്രമം നടത്തുന്നുവെന്നു പറയുമ്പോള്‍ അതിലെ രാഷ്ട്രീയം എന്തായാലും തുണയ്ക്കാനാകില്ല. കുട്ടികളെ അവിടെ പഠിപ്പിക്കാന്‍ വിട്ട അമ്മമാരില്‍ ഭൂരിഭാഗവും സാധാരണക്കാരാകും.

ടിവിയില്‍ ചോരയില്‍ കുതിര്‍ന്ന പലരുടെയും മുഖങ്ങള്‍ കാണുമ്പോള്‍ ആ അമ്മമാരുടെ മനസ്സിന്റെ അവസ്ഥ എന്താകും. നമുക്ക് ആ കുട്ടികളുടെ കൂടെ നില്‍ക്കാതിരിക്കാനാകില്ല. ഞാനും കൂടെ നില്‍ക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News