ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് നേതാക്കള്‍; ഡി രാജയും കെ കെ രാഗേഷും ജെഎന്‍യുവില്‍; ദില്ലി പൊലീസ് ആസ്ഥാനത്ത് പ്രതിഷേധം തുടരുന്നു

ജെഎന്‍യു സര്‍വകലാശാലയില്‍ നടന്ന അക്രമ സംഭവങ്ങളില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരെ സിപിഐഎം പിബി അംഗം ബൃന്ദ കാരാട്ട് ദില്ലി എയിംസ് ആശുപത്രിയില്‍ നേരിട്ടെത്തി സന്ദര്‍ശിച്ചു. പ്രിയങ്ക ഗാന്ധിയും ആക്രമണത്തില്‍ പരിക്കേറ്റ വിദ്യാര്‍ത്ഥികളെ കാണാന്‍ എയിംസ് ആശുപത്രിയില്‍ എത്തിയിരുന്നു.

ഡി രാജ അടക്കമുള്ള ഇടതുനേതാക്കള്‍ ജെഎന്‍യുവിലെത്തി വിദ്യാര്‍ത്ഥികളെ കണ്ടു. ആശുപത്രിയിലെത്തി പരിക്കേറ്റവരെ സന്ദര്‍ശിച്ച ശേഷം ബൃന്ദാ കാരാട്ട് ജെഎന്‍യുവിലേക്ക് പോയി. ഡി രാജ, കെ കെ രാഗേഷ് എംപി എന്നിവരടക്കമുള്ള ഇടതു നേതാക്കളുടെ സംഘവും ജെഎന്‍യുവിലെത്തി. ജെഎന്‍യു സര്‍വകലാശാലയില്‍ നടന്ന അക്രമ സംഭവങ്ങള്‍ ഞെട്ടിക്കുന്നതെന്ന് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.

‘മുഖംമൂടി ധരിച്ചെത്തിയ അക്രമി സംഘം ജെഎന്‍യുവിലെ വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും ആക്രമിച്ച് ഗുരുതരമായി പരിക്കേല്‍പ്പിച്ച സംഭവം ഞെട്ടിപ്പിക്കുന്നതാണ്. നമ്മുടെ ധീരരായ വിദ്യാര്‍ത്ഥികളുടെ ശബ്ദത്തെ രാജ്യം ഭരിക്കുന്ന ഫാസിസ്റ്റുകള്‍ ഭയക്കുകയാണ്. ആ ഭയത്തിന്റെ പ്രതിഫലനമാണ് ജെഎന്‍യുവില്‍ ഇന്നുണ്ടായ സംഭവങ്ങള്‍,’ എന്ന് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.

ഐഷി ഘോഷും സുചിത്ര സെന്നും അടക്കം അഞ്ച് പേര്‍ക്കാണ് ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റത്. ഇവരെ ദില്ലി എയിംസ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരുന്നത്. ഇവിടെ ഇവരെ കാണാനെത്തിയ ദേശീയ നേതാക്കളെ ഉള്‍പ്പെടെ തടയുന്ന ഒരു കാഴ്ച്ചയാണ് കാണാനായത്. കക്ഷി രാഷ്ട്രീയ ഭേദമന്യേ വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണയുമായി ദേശീയ നേതാക്കള്‍ രംഗത്ത് വന്നിട്ടുണ്ട്.

നിലവില്‍ വിവിധ സര്‍വകലാശാലകളില്‍ നിന്നെത്തിയ വിദ്യാര്‍ത്ഥികളുള്‍പ്പെടെ ജെഎന്‍യു കാമ്പസിന്റെ പ്രധാന ഗേറ്റിന് സമീപം പ്രതിഷേധിക്കുകയാണ്. അതേസമയം ജാമിയ മിലിയ സര്‍വ്വകലാശാല വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ ദില്ലി പൊലീസ് ആസ്ഥാനത്തിന് മുന്നില്‍ ശക്തമായ പ്രതിഷേധം തുടരുന്നു. വിദ്യാര്‍ത്ഥികളും മുന്‍ ജെഎന്‍യു വിദ്യാര്‍ത്ഥികളും പ്രദേശവാസികളടക്കമുള്ള ആളുകളാണ് ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് ദില്ലി പൊലീസ് ആസ്ഥാനം ഉപരോധിച്ചിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here