കേന്ദ്രസർക്കാരിന്റെ തൊഴിലാളിവിരുദ്ധ, ജനവിരുദ്ധ, ദേശവിരുദ്ധനയങ്ങൾക്കെതിരായി ജനുവരി എട്ടിന് നടക്കുന്ന ദേശീയപണിമുടക്കിൽ മുപ്പത് കോടിയോളം തൊഴിലാളികൾ പങ്കെടുക്കും. കർഷകരും കർഷകത്തൊഴിലാളികളും ജനുവരി എട്ടിന് ഗ്രാമീണബന്ദ് പ്രഖ്യാപിച്ചിട്ടുണ്ട്.
ജീവനക്കാരും അധ്യാപകരും യുവാക്കളും സ്‌ത്രീകളും വിദ്യാർഥികളും പിന്തുണ പ്രഖ്യാപിച്ചു. വിവേചനപരമായ പൗരത്വ നിയമത്തിനെതിരായി രാജ്യമാകെ തെരുവിലിറങ്ങിയ ഘട്ടത്തിലാണ് കേന്ദ്രത്തിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ തൊഴിലാളിവർഗത്തിന്റെ ഒറ്റക്കെട്ടായ മുന്നേറ്റം.
സിഐടിയു, എഐടിയുസി, ഐഎൻടിയുസി, എച്ച്‌എംഎസ്, എഐയുടിയുസി, ടിയുസിസി, സേവ, എഐസിസിടിയു, എൽപിഎഫ്, യുടിയുസി എന്നീ കേന്ദ്ര ട്രേഡ് യൂണിയനുകളാണ് പണിമുടക്ക് ആഹ്വാനം നടത്തിയിട്ടുള്ളത്. നിരവധി സ്വതന്ത്ര യൂണിയനുകളും അസോസിയേഷനുകളും ഫെഡറേഷനുകളും പിന്തുണയുമായുണ്ട്. സംഘപരിവാർ സംഘടനയായ ബിഎംഎസ് പണിമുടക്കിൽനിന്ന് പിൻവലിഞ്ഞു.
ഉദാരവൽക്കരണനയങ്ങൾക്ക് തുടക്കമിട്ട 1991ലാണ് ട്രേഡ് യൂണിയനുകൾ ആദ്യ ദേശീയ പണിമുടക്ക് സംഘടിപ്പിച്ചത്. 2009ലെ പണിമുടക്കിൽ ഐഎൻടിയുസിയും ബിഎംഎസും പങ്കാളികളായി. ട്രേഡ് യൂണിയനുകളുമായി തൊഴിൽമന്ത്രി ചർച്ച നടത്തിയിരുന്നെങ്കിലും പരാജയപ്പെട്ടു.
പൊതുമേഖലാ സ്വകാര്യവൽക്കരണം അവസാനിപ്പിക്കുക, പ്രതിരോധനിർമാണം, റെയിൽവേ, കൽക്കരി അടക്കമുള്ള മേഖലകളിൽ 100 ശതമാനം എഫ്‌ഡിഐ അനുവദിച്ചത് പിൻവലിക്കുക, ദേശീയതലത്തിൽ 21,000 രൂപ മിനിമം വേതനം നടപ്പാക്കുക, വിലക്കയറ്റം തടയുക, ലേബർ കോഡുകൾ പിൻവലിക്കുക തുടങ്ങിയവയാണ് പണിമുടക്കിൽ ഉന്നയിക്കുന്ന പ്രധാന ആവശ്യങ്ങൾ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here