ബിജെപിയുടെ ടോൾഫ്രീ നമ്പരിൽ ഡേറ്റിങും സെക്‌സ്‌ ചാറ്റും മസാജ്‌ പാർലറും; ബിജെപി സൈബർ സെല്ലിന്റെ പുതിയ തന്ത്രം

പൗരത്വ ഭേദഗതി നിയമത്തിൽ പിന്തുണ ഉറപ്പിക്കാനായി കൊണ്ടുവന്ന ടോൾഫ്രീ നമ്പരിന്‌ പ്രതികരണം കുറഞ്ഞപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ പൂഴിക്കടകൻ പ്രയോഗവുമായി ബിജെപി. 8866288662 എന്ന നമ്പരാണ്‌ രാജ്യവ്യാപകമായി ബിജെപി പ്രചരിപ്പിച്ചത്‌.

ഈ നമ്പരിലേക്ക്‌ മിസ്‌കോൾ ചെയ്‌ത്‌ പൗരത്വ ഭേദഗതി നിയമത്തെ പിന്തുണയ്‌ക്കണമെന്ന്‌ പ്രധാനമന്ത്രിയും അമിത്‌ ഷായുമുൾപ്പടെയുള്ളവർ അഭ്യർഥിക്കുകയും ചെയ്‌തു. എന്നാൽ, കാര്യമായ പ്രതികരണം ഉണ്ടായില്ല. അതിനിടെയാണ്‌ സാമൂഹ്യമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടാറുള്ള ഓൺലൈൻ തട്ടിപ്പുകളുടെ പരസ്യങ്ങളിൽ ബിജെപിയുടെ ടോൾഫ്രീ നമ്പർ പ്രത്യക്ഷപ്പെട്ടത്‌.


ഫോൺ ചാറ്റിങ്‌, സെക്‌സ്‌ ചാറ്റിങ്‌, മസാജ്‌ പാർലർ, സൗഹൃദം തേടുന്ന സ്‌ത്രീ, ഡേറ്റിങ്‌, ഒറ്റയ്‌ക്കു താമസിക്കുന്ന സ്‌ത്രീ സൗഹൃദംതേടുന്നു, തട്ടിപ്പ്‌ ആയുർവേദ മരുന്നുകൾ തുടങ്ങി നൂറുകണക്കിനു പരസ്യങ്ങളിൽ ഈ നമ്പർ പ്രത്യക്ഷപ്പെട്ടു.

ഇങ്ങനെ വരുന്ന മിസ്‌കോളുകളുടെ എണ്ണംകൂടി കാട്ടി പൗരത്വ ഭേദഗതി നിയമത്തിന്‌ വ്യാപകമായ പിന്തുണ ലഭിക്കുന്നുവെന്ന്‌ കാട്ടാനാണ്‌ ശ്രമം. ഇതിന്‌ വിദഗ്‌ധരുടെ സഹായത്തോടെ ബിജെപിയുടെ സൈബർ സെൽ ആസൂത്രണം ചെയ്‌തതാണ്‌ പുതിയ തന്ത്രമെന്ന്‌ വിമർശമുയർന്നു.

മെമ്പർഷിപ്‌ ക്യാമ്പയിനുവേണ്ടി ബിജെപി സമാന രീതിയാണ്‌ പ്രയോഗിച്ചത്‌. മിസ്‌കോൾ നൽകിയാൽ ബിജെപി അംഗമാകുന്ന രീതിയായിരുന്നു. നിർബന്ധിച്ച്‌ നിരവധിപേരെക്കൊണ്ട്‌ ഈ നമ്പരിലേക്ക്‌ മിസ്‌കോൾ അടിപ്പിച്ചാണ്‌ അംഗസംഖ്യ ഉയർത്തിക്കാട്ടിയത്‌.

കൂടാതെ, ഈ നമ്പരിൽ മിസ്‌കോൾ അടിച്ചാൽ പ്രധാനമന്ത്രിയുടെ ആനുകൂല്യങ്ങൾ നേരിട്ട്‌ ലഭിക്കും എന്നും പ്രചരിപ്പിച്ചു. ഈ രീതിയിലാണ്‌ അംഗസംഖ്യ പെരുപ്പിച്ചത്‌.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel