ജെഎന്‍യു; ആക്രമണം ആസൂത്രിതം; വാട്‌സാപ്പ് സന്ദേശങ്ങള്‍ പുറത്ത്

ജെഎന്‍യുവില്‍ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കുമെതിരെ എബിവിപി പ്രവര്‍ത്തകര്‍ ഇന്നലെ നടത്തിയ അക്രമങ്ങള്‍ ആസൂത്രിതമെന്ന് തെളിയിക്കുന്ന വാട്‌സാപ്പ് സന്ദേശങ്ങള്‍ പുറത്ത്. അക്രമം നടത്തുന്നതിനെക്കുറിച്ചും അക്രമികള്‍ക്ക് ജെഎന്‍യുവിലേക്ക് എത്താനുള്ള വഴികളെക്കുറിച്ചും ജെഎന്‍യു പ്രധാന ഗേറ്റില്‍ സംഘര്‍ഷം ഉണ്ടാക്കേണ്ടതിനെ കുറിച്ചുമുള്ള വാട്‌സ് സംഭാഷണമാണ് പുറത്ത് വന്നിരിക്കുന്നത്. യുണൈറ്റ് എഗൈന്‍സ്റ്റ് ലെഫ്റ്റ് എന്ന വാട്‌സാപ്പ് ഗ്രൂപ്പിലാണ് ആക്രമണം നടത്തുന്നതിന് മുന്‍പായി ആസൂത്രണം നടത്തിയിരിക്കുന്നത്.

ജെഎന്‍യു പ്രധാന ഗേറ്റില്‍ സംഘര്‍ഷം ഉണ്ടാക്കേണ്ടതിനെ കുറിച്ചും എങ്ങനെ അക്രമം നടത്താമെന്നും ഏതു വഴിയിലൂടെ അകത്തെത്തണമെന്നതടക്കമുള്ള നിര്‍ദേശങ്ങള്‍ ഈ ഗ്രൂപ്പിലൂടെ നല്‍കിയിട്ടുണ്ട്. ക്യാമ്പസിലെ പൊലീസ് സാന്നിധ്യം അന്വേഷിക്കുകയും ചെയ്യുന്നുണ്ടെന്നും വാട്‌സ് ആപ്പ് സന്ദേശത്തില്‍ കാണാം.

ആക്രമണത്തിന് പിന്നില്‍ കൃത്യമായ ആസൂത്രണം നടന്നിട്ടുണ്ടെന്നതിന്റെ വ്യക്തമായ തെളിവാണ് പുറത്ത് വരുന്ന വാട്‌സ് ആപ്പ് സന്ദേശങ്ങള്‍. മുഖം മറച്ച് ലാത്തിയും, വടികളും, ചുറ്റികയുമായി ക്യാംപസിലെത്തിയ എബിവിപി ഗുണ്ടകള്‍ അഴിഞ്ഞാടിയത്. മുഖം മൂടി ധരിച്ച് ആക്രമണം നടത്തിയ സംഘത്തില്‍ സ്ത്രീകളും ഉണ്ടായിരുന്നു. അക്രമം നടന്ന സമയത്ത് കാമ്പസിന് പുറത്തുള്ള എല്ലാ ലൈറ്റുകയും ഓഫാക്കിയിരുന്നു.

ഇന്നലെ അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിന് സമീപം അധ്യാപക സംഘടന നടത്തിയ പ്രതിഷേധ പരിപാടിക്കിടെയാണ് ആര്‍എസ്എസ് എബിവിപി ഗുണ്ടാസംഘത്തിന്റെ അഴിഞ്ഞാട്ടം. സബര്‍മതി ഹോസ്റ്റല്‍, മഹി മാണ്ഡ്വി ഹോസ്റ്റല്‍, പെരിയാര്‍ ഹോസ്റ്റല്‍ എന്നിവ കേന്ദ്രീകരിച്ചായിരുന്നു ആക്രമണം അഴിച്ചുവിട്ടത്.

ആക്രമണത്തില്‍ ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് ഐഷി ഘോഷിന് ഗുരുതരമായി പരിക്കേറ്റു. സര്‍വ്വകലാശാലയിലെ മറ്റൊരു എസ്എഫ്‌ഐ നേതാവ് സൂരിയടക്കം നിരവധി വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും സര്‍വകലാശാലയിലെ ജീവനക്കാര്‍ക്കും പരിക്കേറ്റിട്ടുണ്ട്.

അക്രമി സംഘത്തിലെ ആളുകളുടെ ചിത്രങ്ങളും വീഡിയോകളും ജെഎന്‍യു സ്റ്റുഡന്റ്‌സ് യൂണിയന്‍ സോഷ്യല്‍ മീഡിയകളിലൂടെ പുറത്തുവിട്ടിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News