പൗരാണിക സാംസ്‌കാരിക പൈതൃകകേന്ദ്രങ്ങങ്ങളടക്കം തകർക്കും; ട്രംപിന്റെ ഭീഷണിക്കെതിരെ യുഎസ്‌ നേതാക്കളും

ഇറാനിലെ പൗരാണിക സാംസ്‌കാരിക പൈതൃകകേന്ദ്രങ്ങങ്ങളടക്കം തകർക്കുമെന്ന അമേരിക്കൻ പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപിന്റെ ഭീഷണിക്കെതിരെ യുഎസ്‌ നേതാക്കളും. യുഎസ്‌ കോൺഗ്രസിന്റെ അനുമതിയില്ലാതെ യുദ്ധം നടത്തുന്നതിന്‌ പണമനുവദിക്കുന്നത്‌ വിലക്കാൻ യുഎസ്‌ കോൺഗ്രസിലെ പുരോഗമനവാദികളായ ബെർണീ സാൻഡേഴ്‌സും റോ ഖന്നയും ചേർന്ന്‌ ബിൽ അവതരിപ്പിച്ചു. വരുന്ന പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക്‌ പാർടി സ്ഥാനാർഥിത്വത്തിന്‌ രംഗത്തുള്ളയാളാണ്‌ സോഷ്യലിസ്റ്റായ സാൻഡേഴ്‌സ്‌.

തെരഞ്ഞെടുപ്പിൽ ട്രംപിന്റെ എതിരാളിയാകാൻ ഇടയുള്ള മുൻ വൈസ്‌ പ്രസിഡന്റ്‌ ജോ ബൈഡൻ, യുഎസ്‌ കോൺഗ്രസിന്റെ പ്രതിനിധി സഭാ സ്‌പീക്കറായ നാൻസി പെലോസി തുടങ്ങിയ പ്രമുഖരും ട്രംപിന്റെ യുദ്ധക്കൊതിക്കെതിരെ പ്രതികരിച്ചു. വഴി അടയുന്തോറും ട്രംപ്‌ കൂടുതൽ

ഭ്രാന്തനാവുകയാണ്‌ എന്ന്‌ ബൈഡൻ പ്രസ്‌താവനയിൽ പറഞ്ഞു. ട്രംപ്‌ അമേരിക്കൻ നയതന്ത്രജ്ഞരുടെയും സൈനികരുടെയും ജീവൻ അപകടത്തിലാക്കുകയാണെന്ന്‌ നാൻസി പെലോസി പ്രതികരിച്ചു. യുദ്ധക്കുറ്റം ചെയ്യുമെന്നാണ്‌ ട്രംപിന്റെ ഭീഷണിയെന്ന്‌ സെനറ്റർ എലിസബത്ത്‌ വാറൻ പറഞ്ഞു.

ഇറാന്റെ സാംസ്‌കാരികകേന്ദ്രങ്ങളടക്കം പെന്റഗൺ ട്രംപിന്‌ ആക്രമണലക്ഷ്യമായി നൽകുമെന്ന്‌ വിശ്വസിക്കാനാകുന്നില്ലെന്ന്‌ ബറാക്‌ ഒബാമ ഭരണകാലത്ത്‌ ദേശീയ സുരക്ഷാ സമിതിയിൽ ഉന്നതസ്ഥാനം വഹിച്ച കോളിൻ കാൾ പറഞ്ഞു. യുദ്ധനിയമങ്ങൾ ട്രംപ്‌ കാര്യമാക്കണമെന്നില്ല. എന്നാൽ, പ്രതിരോധവകുപ്പും (പെന്റഗൺ) ആസൂത്രകരും അഭിഭാഷകരും അവ മാനിക്കണം. സാംസ്‌കാരിക കേന്ദ്രങ്ങൾ ആക്രമിക്കുന്നത്‌ യുദ്ധക്കുറ്റമാണ്‌– കോളിൻ കാൾ പറഞ്ഞു.

ഇതേസമയം, ഡസൻകണക്കിന്‌ അമേരിക്കൻ നഗരങ്ങളിൽ ശനിയാഴ്‌ച ട്രംപിന്റെ യുദ്ധഭ്രാന്തിനെതിരെ പ്രകടനങ്ങൾ നടന്നു. കോഡ്‌പിങ്ക്‌, യുദ്ധത്തിനും വംശീയതയ്‌ക്കുമെതിരായ കൂട്ടായ്‌മ എന്നിവ 70ൽപരം പ്രകടനം സംഘടിപ്പിച്ചതായി അസോസിയറ്റഡ്‌ പ്രസ്‌ അറിയിച്ചു. വാഷിങ്‌ടണിൽ വൈറ്റ്‌ഹൗസിനു മുന്നിലും അമേരിക്കൻ സാമ്പത്തികകേന്ദ്രമായ ന്യൂയോർക്കിലും മറ്റ്‌ പ്രധാന നഗരങ്ങളിലും പ്രകടനങ്ങൾ നടന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News