തിരിച്ചടിക്കാനൊരുങ്ങിയാൽ 52 കേന്ദ്രങ്ങൾ തകർക്കും; കൂടുതൽ പ്രകോപനങ്ങളുമായി ട്രംപ്‌; അമേരിക്കൻ സൈന്യത്തെ പുറത്താക്കണമെന്ന്‌ ഇറാഖ്‌ പാർലമെന്റ്‌

ഇറാനെ അനുനയിപ്പിക്കാൻ യൂറോപ്യൻ യൂണിയനടക്കം ശ്രമങ്ങൾ ഊർജിതമാക്കുന്നതിനിടെ സ്ഥിതി വഷളാക്കുന്ന പ്രകോപനങ്ങളുമായി അമേരിക്കൻ പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപ്‌. ഇറാന്റെ വിശിഷ്ട സേനാ വിഭാഗമായ ഖുദ്‌സിന്റെ നായകൻ ജനറൽ ഖാസിം സുലൈമാനിയെ വധിച്ചതിന്‌ തിരിച്ചടിക്കാനൊരുങ്ങിയാൽ ഇറാന്റെ 52 കേന്ദ്രങ്ങൾ ആക്രമിക്കാൻ കണ്ടുവച്ചിട്ടുണ്ടെന്ന്‌ ട്രംപ്‌ പ്രഖ്യാപിച്ചു. ഇറാന്റെ പൗരാണിക സാംസ്‌കാരികകേന്ദ്രങ്ങളും തകർക്കുമെന്നാണ്‌ ഭീഷണി. ട്രംപിന്റെ ഭ്രാന്തമായ ട്വിറ്റർ പ്രസ്‌താവനയ്‌ക്കെതിരെ യുഎസ്‌ നേതാക്കളും രംഗത്തുവന്നു.

അമേരിക്കക്കാരെയോ അമേരിക്കൻ ആസ്‌തികളെയോ ആക്രമിച്ചാൽ 52 കേന്ദ്രങ്ങളിൽ ആക്രമിക്കുമെന്നാണ്‌ ട്രംപ്‌ പറയുന്നത്‌. ഇറാൻ ഇതുവരെ നേരിട്ടിട്ടില്ലാത്തത്ര വലിയ ആക്രമണമായിരിക്കുമെന്ന്‌ 10 മണിക്കൂറിന്‌ ശേഷം ഭീഷണി ആവർത്തിച്ചു. അമേരിക്കയെ നാണം കെടുത്തി 1979ൽ ഇറാൻകാർ ബന്ദിയാക്കിയ 52 യുഎസ്‌ പൗരന്മാരെ പ്രതിനിധാനംചെയ്‌താണ്‌ 52 ആക്രമണലക്ഷ്യങ്ങൾ.

സാംസ്‌കാരികകേന്ദ്രങ്ങൾ ആക്രമിക്കുന്നത്‌ യുദ്ധക്കുറ്റമാണെന്ന്‌ ഓർമിപ്പിച്ച ഇറാൻ തങ്ങളുമായി അമേരിക്കയുടെ നയതന്ത്രകാര്യങ്ങൾ നോക്കുന്ന സ്വിറ്റ്‌സർലൻഡിന്റെ പ്രതിനിധിയെ വിദേശമന്ത്രാലയത്തിൽ വിളിപ്പിച്ച്‌ പ്രതിഷേധം അറിയിച്ചു. ട്രംപിന്റെ ഭീഷണി അന്താരാഷ്‌ട്ര നിയമങ്ങളുടെ അനിഷേധ്യമായ ലംഘനമാണെന്ന്‌ ഇറാൻ വിദേശ ഉപമന്ത്രി അബ്ബാസ്‌ അറഗ്‌ഛി ചൂണ്ടിക്കാട്ടി. പെന്റഗൺ പ്രതികരിച്ചിട്ടില്ല.

ഇറാൻ വിദേശമന്ത്രി ജവാദ്‌ സറീഫിനെ യൂറോപ്യൻ യൂണിയൻ വിദേശനയ തലവൻ ജോസിപ്‌ ബോറെൽ അനുനയ ചർച്ചകൾക്കായി ബ്രസൽസിലേക്ക്‌ ക്ഷണിച്ചതായി ഞായറാഴ്‌ച ഇയു വാർത്താകുറിപ്പിൽ അറിയിച്ചു.

അമേരിക്കൻ സൈന്യത്തെ രാജ്യത്തുനിന്ന്‌ പുറത്താക്കണമെന്ന്‌ ഇറാഖ്‌ പാർലമെന്റ്‌ ആവശ്യപ്പെട്ടു. ഇത്‌ സംബന്ധിച്ച പ്രമേയം ഷിയാ മുസ്ലീം വിഭാഗക്കാർക്ക്‌ ആധിപത്യമുള്ള പാർലമെന്റ്‌ വൻ ഭൂരിപക്ഷത്തോടെ പാസാക്കി. പല സുന്നി, കുർദ്‌ അംഗങ്ങളും പങ്കെടുത്തില്ല. അമേരിക്കൻ സേനാ സാന്നിധ്യത്തിന്‌ അനുവദിക്കുന്ന കരാർ റദ്ദാക്കണമെന്ന്‌ പാർലമെന്റ്‌ സർക്കാരിനോട്‌ ആവശ്യപ്പെട്ടു.

ഇറാഖിൽ വച്ച്‌ ഖാസിം സുലൈമാനിയെ അമേരിക്ക വധിച്ചതിനെ അപലപിക്കണമെന്ന്‌ ഇറാഖ്‌ യുഎൻ രക്ഷാസമിതിയോട്‌ ആവശ്യപ്പെട്ടു. സുലൈമാനി, അബു മഹ്‌ദി അൽ മുഹന്ദിസ്‌ തുടങ്ങിയവരെ വധിച്ചതിനെതിരെ രണ്ട്‌ പരാതികളാണ്‌ നൽകിയതെന്ന്‌ ഇറാഖ്‌ വിദേശമന്ത്രാലയം അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel