തിരക്കുകളില്‍ നിന്ന് വെളളായണി കായലിന്റെ മാദകസൗന്ദര്യം ആസ്വാദിക്കാന്‍ പോകാം; ഗ്രാമഭംഗിയിലേക്ക് അരമണിക്കൂര്‍ മാത്രം യാത്ര; അനുഭവിച്ച് അറിയുക ഈ സൗന്ദര്യം

തിരുവനന്തപുരം നഗരത്തില്‍ നിന്ന് കേവലം 17 കിലോ മീറ്റര്‍ മാറി സ്ഥിതി ചെയ്യുന്ന ഒരു ചെറിയ ഗ്രാമമാണ് വെളളായണി. പച്ചപ്പ് കൊണ്ടും, ജൈവ വൈവിദ്ധ്യങ്ങള്‍ കൊണ്ടും, സുന്ദരമായ ഈ ഗ്രാമം പ്രകൃതിരമണീയമായ കാഴ്ച്ചനുഭവമാണ് സഞ്ചാരികള്‍ക്ക് നല്‍കുന്നത്.

താമരപാടങ്ങള്‍ താലി ചാര്‍ത്തിയ വെളളായണി കായലിന്റെ മാദകസൗന്ദര്യം ഒരിക്കലെങ്കിലും കണ്ടാല്‍ നിങ്ങള്‍ എന്നേന്നേക്കുമായി ആ സൗന്ദര്യലഹരിക്ക് അടിമയാകും. ഗ്രാമവിശുദ്ധിയുടെ കാല്‍പനിക സൗകുമാര്യം വെളളായണിയില്‍ തുടങ്ങി വെളളായണിയില്‍ അവസാനിക്കുന്നു എന്ന് വിശേഷിപ്പിച്ചാല്‍ അത് ഏങ്ങനെ അതിശയോക്തിയാവും.

ഭൂഖണ്ഡങ്ങള്‍ താണ്ടി വരുന്ന ദേശാടനപക്ഷികളുടെ ഇഷ്ടലാവണമാണ് വെളളായണി,പേരറിയാത്ത ദിക്കുകളില്‍ നിന്നെത്തുന്ന പക്ഷികളും പറവകളും പരസ്പര സൗഹൃദത്തോടെ ആകാശത്ത് കുശലം പറഞ്ഞ് പറക്കുന്നു. ശുദ്ധജല താടകത്തിന്റെ ആഴങ്ങളില്‍ രുചിപെരുമയുമായി പെറ്റ് പെരുകുന്ന കരീമീന്‍ കുഞ്ഞുങ്ങള്‍, കാറ്റിലുടഞ്ഞ് നീങ്ങുന്ന ഞെട്ടറ്റ് വീണ താമരയിലകള്‍. പ്രകൃതിയുടെ വശ്യസൗന്ദര്യം കാഴ്ച്ചക്കാരെ ഭ്രമിപ്പിച്ച് കൊണ്ട് വെളളായണിലേക്ക് വലിച്ചടുപ്പിക്കുന്നു. പ്രകൃതിയുടെ മാദകനൃത്തം കാണാന്‍ പതിയെ പതിയെ പെറ്റ് പെരുകുകയാണ് വിനോദ സഞ്ചാരികള്‍.

തിരുവനന്തപുരം നഗരത്തെ പൂ ചൂടിക്കുന്ന ഗ്രാമമാണ് വെളളായണി. നഗരത്തിലേക്ക് ആവശ്യമായ താമരപൂക്കള്‍ കൃഷി ചെയ്യുന്നത് ഇവിടുത്തെ താമരപാടങ്ങളിലാണ്. തിരുവനന്തപുരം നഗരത്തിന്റെ അതിര്‍ത്തിയിലാണ് വെളളായണി എന്ന കാര്‍ഷിക ഗ്രാമം സ്ഥിതി ചെയ്യുന്നത്. തിരുവനന്തപുരം നഗരത്തിന്റെ കാതടിപ്പിക്കുന്ന തിരക്കുകളില്‍ നിന്ന് വെളളായണിയുടെ ഗ്രാമഭംഗിയിലേക്ക് അരമണിക്കൂര്‍ മാത്രമാണ് യാത്ര. ഗൃഹാതുരതയിലേക്ക് ഉളള മൂങ്ങാംകുഴിയിടല്‍ അത് അനുഭവിച്ച് അറിയുക തന്നെ വേണം.

പ്രകൃതി കനിഞ്ഞ് അനുഗ്രഹിച്ച മലയാള നാട്ടിലെ മായാദ്വീപ് ഏറെ ടൂറിസം സാധ്യതയുളള പ്രദേശമാണ് . എന്നാല്‍ സഞ്ചാരികള്‍ക്ക് താമസിച്ച് ഇത്തരം കാഴ്ച്ചകള്‍ കാണാന്‍ കഴിയുന്ന റിസോര്‍ട്ടുകളോ ഹോംസ്റ്റേകളോ പോലും വെളളായണിയില്‍ ഇല്ല. ഇവിടെ കാഴച്ച കാണാനെത്തുന്നവര്‍ പലരും വെളളായണിക്ക് അടുത്ത് എവിടെയെങ്കിലും താമസിച്ച് കാഴ്ച്ച കണ്ട് മടങ്ങുകയാണ് പതിവ്.

വ്യത്യസ്ഥ ഇനം ദേശാടനപക്ഷികളുടെ ആവാസകേന്ദ്രമാണ് വെളളായണി. അന്യദേശങ്ങളില്‍ നിന്ന് വെളളായണിയിലേക്ക് എത്തുന്ന പക്ഷികള്‍ ഈ നാടിന്റെ താരുണ്യത്തില്‍ മതിമറന്നത് കൊണ്ടാവാം വീണ്ടും വീണ്ടും ഇവിടേക്ക് കൂട്ടത്തോടെയെത്തുന്നത്.

എതൊരു നാട് പോലെയും സാംസ്‌കാരികമായും, ഐതിഹ്യപരമായും നിരവധി പൈതൃകം ഉളളില്‍ പേറുന്ന നാടാണ് വെളളായണിയും, ക്ഷേത്രപ്രവേശന വിളംബരം വരും മുന്‍പ് തന്നെ അവര്‍ണ്ണ സവര്‍ണ വ്യത്യാസമില്ലാതെ എല്ലാ വിഭാഗം ആളുകള്‍ക്കും പ്രവേശനം ഉണ്ടായിരുന്ന ക്ഷേത്രമാണ് വെളളായണി ദേവി ക്ഷേത്രം.

കേരളത്തിലെ മൂന്ന് ശുദ്ധജലതാടകങ്ങളില്‍ അഗ്രഗണ്യനാണ് വെളളായണി കായല്‍.കാഴ്ച്ച പോലെ തന്നെ ഭക്ഷണപ്രിയരായ സഞ്ചാരികളെ മാടിവിളിക്കുന്ന പുഞ്ചക്കരിയിലെ കളള് ഷാപ്പില്‍ കുടുംബത്തോടെയെത്തി ഭക്ഷണം കഴിച്ച് മടങ്ങുന്നവര്‍ നിരവധിയാണ് .രുചി വൈവിധ്യങ്ങള്‍ക്കും നല്ലയിനം തെങ്ങിന്‍ കളളിനും പേര് കേട്ട പുഞ്ചക്കരി ഷാപ്പും സന്ദര്‍ശിച്ച് മാത്രമേ യാത്രികര്‍ അവരുടെ വെളളായണി യാത്ര അവസാനിപ്പിക്കാറുളളു

സിനിമക്കാരുടെ ഇഷ്ട ലെക്കേഷനാണ് വെളളായണി. കളളിചെല്ലമ്മ മുതല്‍ നിരവധി സിനിമകള്‍ക്ക് വേദിയായിട്ടുണ്ടെങ്കിലും കീരീടം സിനിമയിലെ പാട്ട് രംഗമാണ് വെളളായണിയെ കൂടുതല്‍ പ്രശസ്തമാക്കിയത്. നായകകഥാപാത്രത്തിന്റെ വികാരവ്യഥകള്‍ വാരിചൂടിയ ഗാനാവിഷ്‌കാരത്തിലെ പാലം പില്‍കാലത്ത് കീരീടം പാലം എന്ന പേരില്‍ പ്രശസ്തമായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel