ജെഎന്‍യു സംഘപരിവാര്‍ ആക്രമണം; ശക്തമായി പ്രതികരിച്ച് പൃഥ്വിരാജും

തിരുവനന്തപുരം: ജെഎന്‍യു വിദ്യാര്‍ഥികള്‍ക്ക് നേരെ സംഘപരിവാര്‍ ആക്രമണത്തില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി നടന്‍ പൃഥ്വിരാജും.

പൃഥ്വിരാജ് പറയുന്നു:

നിങ്ങള്‍ ഏതു പ്രത്യയശാസ്ത്രത്തിന് വേണ്ടി നില കൊണ്ടാലും, എന്തിനു വേണ്ടി പോരാടിയാലും, നമ്മള്‍ പ്രതീക്ഷിക്കുന്ന ലക്ഷ്യം എന്തായാലും അക്രമവും വിധ്വംസനവും ഒരിക്കലും ഒന്നിനുമുള്ള ഉത്തരമല്ല.

അഹിംസയിലൂടെയും നിസ്സഹകരണ പ്രസ്ഥാനത്തിലൂടെയും അധിനിവേശത്തില്‍നിന്ന് സ്വാതന്ത്ര്യം നേടിയെടുത്ത ഒരു രാഷ്ട്രത്തെ സംബന്ധിച്ചിടത്തോളം വിപ്ലവം എന്ന വാക്ക് അക്രമത്തിനും അരാജകത്വത്തിനുമുള്ള എളുപ്പത്തിലുള്ള അര്‍ത്ഥമായി മാറുന്നത് സങ്കടകരമാണ്.

വിജ്ഞാനത്തിന്റെയും വിദ്യാഭ്യാസത്തിന്റെയും സ്ഥാപനത്തിലേക്ക് അതിക്രമിച്ചു കയറി, ക്രമസമാധാനത്തിനു പുല്ലുവില പോലും കല്‍പ്പിക്കാതെ വിദ്യാര്‍ത്ഥികള്‍ക്കുമേല്‍ അതിക്രമം കെട്ടഴിച്ചു വിടുന്നത് എല്ലാ ജനാധിപത്യ മൂല്യങ്ങളേയും ഹിംസിക്കുന്നതിനു തുല്യമാണ്.

നിര്‍ദ്ദയമായ ശിക്ഷ അര്‍ഹിക്കുന്ന, അങ്ങേയറ്റം വൃത്തികെട്ട ക്രൂരമായ അപരാധമാണ്. ഒന്നു കൂടി ഓര്‍ക്കുക, അക്രമത്തെ അംഗീകരിക്കുന്ന ഏതുതരം പ്രക്ഷോഭവും തുല്യമായ അളവില്‍ പ്രതിഷേധാര്‍ഹമാണ്. ആവര്‍ത്തിക്കട്ടെ…. ലക്ഷ്യം എപ്പോഴും മാര്‍ഗത്തെ ന്യായീകരിക്കുന്നില്ല.
ജയ് ഹിന്ദ്.

ജെഎന്‍യു ക്യാമ്പസില്‍ നടന്ന സംഘപരിവാര്‍ ആക്രമണങ്ങളെ അപലപിച്ച് നടന്‍ നിവിന്‍ പോളിയും 

കഴിഞ്ഞ രാത്രിയില്‍ ജെഎന്‍യുവിലുണ്ടായത് ഭീകരവും പേടിപ്പെടുത്തുന്നതുമായ സംഭവമാണ്. ക്രൂരത അതിന്റെ പാരമ്യത്തിലെത്തിയതാണ് ഇത്. വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും നേരെയുണ്ടായ ആക്രമണത്തിന് പിന്നിലുള്ളവര്‍ ശിക്ഷിക്കപ്പെടണമെന്നും നിവിന്‍ പോളി പറഞ്ഞു.
വിദ്വേഷത്തിനും ആക്രമണങ്ങള്‍ക്കുമെതിരെ നിലകൊള്ളേണ്ട സമയമാണിതെന്നും നിവിന്‍ പറഞ്ഞു.

വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണയുമായി നടി മഞ്ജു വാര്യരും രംഗത്തെത്തിയിരുന്നു.

മഞ്ജുവിന്റെ വാക്കുകള്‍:

ജെ.എന്‍.യുവില്‍നിന്നുള്ള മുഖങ്ങള്‍ രാവിലെ ടിവിയില്‍ കണ്ടപ്പോള്‍ ഞെട്ടിപ്പോയി.

ചോര ഒലിച്ചുകൊണ്ടുള്ള കുറെ മുഖങ്ങള്‍. രാത്രി അവരെ മൂന്നു മണിക്കൂറോളം പലരും ചേര്‍ന്ന് അക്രമിച്ചിരിക്കുന്നു. ജെഎന്‍യു എന്നതു ഈ രാജ്യത്തിന്റെ അറിവിന്റെ അടയാളമായിരുന്നു. അവിടെ പഠിക്കുക എന്നതു അറിവിന്റെ മാനദണ്ഡമായിരുന്നു.

അവിടെ പഠിച്ച പലരുമാണ് ഇന്നും നമ്മളെ നയിക്കുന്നതും ഭരിക്കുന്നതും. അവരുടെ രാഷ്ട്രീയം പലതായിരുന്നുവെങ്കിലും അവരുടെ രാജ്യസ്‌നേഹം ചോദ്യം ചെയ്യാനാകില്ല. രാഷ്ട്രീയ അഭിപ്രായ വ്യത്യാസത്തിനിടയിലും അവര്‍ അവിടെ കലാപമുണ്ടാക്കുകയല്ല ചെയ്തത്.

പുറത്തുനിന്നുള്ളവര്‍ കൂടി ചേര്‍ന്നു ഇരുളിന്റെ മറവില്‍ അക്രമം നടത്തുന്നുവെന്നു പറയുമ്പോള്‍ അതിലെ രാഷ്ട്രീയം എന്തായാലും തുണയ്ക്കാനാകില്ല. കുട്ടികളെ അവിടെ പഠിപ്പിക്കാന്‍ വിട്ട അമ്മമാരില്‍ ഭൂരിഭാഗവും സാധാരണക്കാരാകും.

ടിവിയില്‍ ചോരയില്‍ കുതിര്‍ന്ന പലരുടെയും മുഖങ്ങള്‍ കാണുമ്പോള്‍ ആ അമ്മമാരുടെ മനസ്സിന്റെ അവസ്ഥ എന്താകും. നമുക്ക് ആ കുട്ടികളുടെ കൂടെ നില്‍ക്കാതിരിക്കാനാകില്ല. ഞാനും കൂടെ നില്‍ക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News