‘ജെഎന്‍യുവിന്റെ ജനിതക ഘടനയും കമ്മിസാര്‍മാരും’; കൈരളി ടിവി എംഡിയും ജെഎന്‍യുവിലെ പൂര്‍വ വിദ്യാര്‍ത്ഥിയുമായ ജോണ്‍ ബ്രിട്ടാസ് എഴുതുന്നു

ജെ എന്‍ യുവിലെ വിദ്യാര്‍ത്ഥികളും അധ്യാപകരും ഉള്‍പ്പെടുന്ന അക്കാദമിക് സമൂഹം നടത്തുന്ന പോരാട്ടം അവരുടെ ഏതെങ്കിലും താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനല്ല.

ബഹുസ്വരതയിലും സ്വാതന്ത്ര്യത്തിലുമൂന്നിയ ഇന്ത്യ എന്ന ആശയത്തെ ആശ്ലേഷിക്കാനാണ്. നിരാശയും നിസ്സഹായാവസ്ഥയും വിളമ്പാനല്ല മറിച്ച് പ്രതിരോധത്തിന്റെ പ്രതീക്ഷകള്‍ വിതറാനാണ് ജെ എന്‍ യു വിദ്യാര്‍ത്ഥികളുടെ ചുവടുകള്‍ നിണമണിയുന്നത്.

ധിഷണയെ ഉദ്ദീപിപ്പിക്കുന്ന ജെ എന്‍ യു പോലുള്ള വിളക്കുമാടങ്ങളെ എറിഞ്ഞുടച്ചാലേ തങ്ങളുടെ മാര്‍ഗ്ഗം സുഗമമാകൂ എന്ന് ആര്‍ എസ് എസിന് നന്നായി അറിയാം. ജെ എന്‍ യുവിന് പോറലേല്‍ക്കുമ്പോള്‍ ഇന്ത്യയുടെ ജനിതകഘടനയില്‍ മാറ്റം വരുമെന്ന് ഓരോ പൗരനും ഓര്‍മ്മിക്കണം.

എന്ത് കൊണ്ടാണ് സംഘപരിവാര്‍ ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളെ ലക്ഷ്യമിടുന്നത്? സമൂഹത്തെ മാറ്റിമറിക്കുന്നതും നവീകരിക്കുന്നതുമായ ആശയങ്ങള്‍ പലപ്പോഴും ഉടലെടുക്കുന്നത് കലാശാലകളിലാണ്. ജെ എന്‍ യുവില്‍ രാത്രിയും പകലാണ്. മിക്ക ഹോസ്റ്റലുകളുടെ മുന്നിലും ചെറിയ ധാബകള്‍ (തട്ടുകട) ഉണ്ട്.

രാത്രി വൈകിയും വിദ്യാര്‍ത്ഥികള്‍ കൂട്ടം കൂടിയിരുന്ന് ലോകത്തിന്റെ വിദൂര കോണുകളിലുള്ള പ്രതിസന്ധികളെക്കുറിച്ച് പോലും ചര്‍ച്ച ചെയ്യും. ജാതിയുടെയും മതത്തിന്റെയും മുള്‍പ്പടര്‍പ്പില്‍ കഴിയുന്ന ഗ്രാമങ്ങളില്‍ നിന്ന് വരുന്ന വിദ്യാര്‍ത്ഥികളില്‍ പലരും ഇത്തരം സംവാദങ്ങളില്‍ പങ്ക് ചേരും.

ബിഹാറിലെ സിവാനില്‍ അനീതിക്കെതിരെ പൊരുതി വെടിയേറ്റു മരിച്ച ജെ എന്‍ യു വിദ്യാര്‍ത്ഥി യൂണിയന്‍ അധ്യക്ഷനായിരുന്ന ചന്ദ്രശേഖര്‍ പ്രസാദ് ഇതിന്റെ ഒരു പരിഛേദമാണ്.

സ്വതന്ത്രമായ അക്കാദമിക് ചിന്തകള്‍ക്കും പരീക്ഷണങ്ങള്‍ക്കുമുള്ള പ്രതലമെന്ന നിലയ്ക്കാണ് ജെ എന്‍ യു രൂപീകൃതമായത്. ഇന്ത്യയുടെ ഒട്ടേറെ സമസ്യകള്‍ക്ക് ഉത്തരം കണ്ടെത്തുന്ന ജ്ഞാനനിര്‍മ്മിതിക്കും ആശയ ബഹിര്‍സ്ഫുരണത്തിനും ജെ എന്‍ യു എക്കാലത്തും വേദിയായിരുന്നു. അമിതാധികാരത്തിനെതിരെയുള്ള പ്രതിരോധത്തിന് ഉലയൂതിയ തിളങ്ങുന്ന ഏടുകളുമുണ്ട്.

അടിയന്തരാവസ്ഥയ്ക്ക് എതിരെയുള്ള ചെറുത്തുനില്‍പ്പ് തന്നെ ഉദാഹരണം. അന്നൊന്നും ഒരു വി സിമാരും ജെ എന്‍ യുവിന്റെ അക്കാദമിക് സൈ്വര്യവിഹാരത്തിന് കടിഞ്ഞാണ്‍ ഇട്ടിരുന്നില്ല. കെ ആര്‍ നാരായണനെ പോലുള്ള വ്യക്തികള്‍ ഇരുന്ന കസേരയിലാണ് ഇന്ന് ആര്‍ എസ് എസ്‌ക്കാരന്‍ അമര്‍ന്ന് ഇരിക്കുന്നത്.

ജെ എന്‍ യുവിന് തനതായ ഒരു സംസ്‌കാരമുണ്ട്. അതിന്റെ എറ്റവും സുപ്രധാനമായ ശിലകളിലൊന്ന് അതിന്റെ അഡ്മിഷന്‍ നയം തന്നെയായിരുന്നു. ഏത് സാമ്പത്തികശ്രേണിയിലുള്ളവര്‍ക്കും താങ്ങാന്‍ കഴിയുന്ന തുച്ഛമായ ഫീസ്. ഭക്ഷണത്തിനും താമസത്തിനും വളരെ ചുരുങ്ങിയ തുക മതി.

അതിലും പ്രധാനപ്പെട്ട ഒരു ഘടകമുണ്ടായിരുന്നു-ഡിപ്രിവേഷന്‍ പോയിന്റ്. നഗരങ്ങളിലെആഷ്പുഷ് കോളേജുകളില്‍ നിന്ന് വരുന്ന വരേണ്യവര്‍ഗ്ഗ വിദ്യാര്‍ത്ഥികളുമായി ദരിദ്ര-പിന്നാക്ക-ദുര്‍ബലവിദ്യാര്‍ത്ഥികള്‍ മത്സരിക്കുമ്പോള്‍ സ്വാഭാവികമായുണ്ടാകുന്ന കടുത്ത അസമത്വത്തെ ഭേദിക്കുന്നതിനായിരുന്നു ഈ ഡിപ്രിവേഷന്‍പോയിന്റ്.

എന്ന് വെച്ചാല്‍ സ്ത്രീകള്‍ക്കും പിന്നാക്ക പ്രദേശങ്ങളില്‍ നിന്നും വരുന്നവിദ്യാര്‍ത്ഥികള്‍ക്കും പ്രവേശനത്തിന് പ്രത്യേക
പോയിന്റുകള്‍ നല്‍കുക. സാധാരണഗതിയില്‍ ജെ എന്‍ യു പോലുള്ള ക്യാമ്പസില്‍ ഇടം കിട്ടില്ലാതിരുന്ന ദുര്‍ബല വിദ്യാര്‍ത്ഥികള്‍ ഇങ്ങനെ 15 പോയിന്റുകള്‍ വരെ ലഭിക്കുമ്പോള്‍ അവര്‍ പ്രവേശനത്തിന് അര്‍ഹരാകുന്നു.

ഈ ബഹുസ്വരതയെ തകര്‍ക്കാന്‍ വേണ്ടിയാണ് രണ്ട് വര്‍ഷം മുന്‍പ് ഡിപ്രിവേഷന്‍ പോയിന്റ് എടുത്ത് കളഞ്ഞത്. ഇതിന്റെ തുടര്‍ച്ചയെന്നോണം എല്ലാ തലങ്ങളിലുമുള്ള ഫീസുകള്‍ കുത്തനെ വര്‍ദ്ധിപ്പിക്കാന്‍ കഴിഞ്ഞയിടെ തീരുമാനിച്ചത്.

ജെ എന്‍ യുവിനെ സവര്‍ണ്ണ വരേണ്യ കോട്ടയായി മാറ്റാനുള്ള ഈ തീരുമാനത്തിനെതിരെയാണ് മൂന്ന് മാസം മുന്‍പ് വിദ്യാര്‍ത്ഥികള്‍ സമരപാതയിലിറങ്ങിയത്. പൗരത്വഭേദഗതിക്കെതിരെയുള്ള പ്രതിഷേധത്തെ സമന്വയിപ്പിച്ച് ജെ എന്‍ യു വിദ്യാര്‍ത്ഥികള്‍ ഇന്ത്യയ്ക്ക് മാതൃക കാട്ടുകയും ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here