രാജ്യത്തുനിന്ന് അമേരിക്കൻ സൈനികരെ പുറത്താക്കണമെന്ന് ഇറാഖ് പാർലമെന്റ് ആവശ്യപ്പെട്ടതിന് പിന്നാലെ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഉപരോധ ഭീഷണി. ഇറാഖിൽ അമേരിക്ക വളരെ ചെലവേറിയ വ്യോമതാവളം നിർമിച്ചിട്ടുണ്ടെന്നും അവിടെനിന്ന് സൈന്യത്തെ പിൻവലിക്കണമെങ്കിൽ ശതകോടിക്കണക്കിന് ഡോളർ നഷ്‌ടപരിഹാരം നൽകണമെന്നും ട്രംപ് പറഞ്ഞു.
അല്ലാത്തപക്ഷം ഇറാനുമേൽ ചുമത്തിയതിലും ഭീമമായ ഉപരോധം ഇറാഖിന്‌മേൽ ചുമത്തുമെന്ന് ട്രംപ് ഭീഷണി മുഴക്കി. ഫ്ലോറിഡയിലെ റിസോർട്ടിൽ ക്രിസ്‌മസ്–പുതുവത്സര അവധി ആഘോഷിച്ച ശേഷം വൈറ്റ്‌ഹൗസിലേക്ക് മടങ്ങുമ്പോൾ വിമാനത്തിൽ മാധ്യമപ്രവർത്തകരോടാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്.
ഇറാന്റെ ഖുദ്‌സ് സേനാ തലവൻ ഖാസിം സുലൈമാനിയും ഇറാഖിലെ ഷിയാ പാരാമിലിറ്ററി സേനാ വിഭാഗമായ ഹാഷിദ് അൽ ശാബിയുടെ ഉപനായകൻ അബു മഹ്‌ദി അൽ മുഹന്ദിസും അടക്കം 10 പേരെ വെള്ളിയാഴ്‌ച അമേരിക്ക ഡ്രോൺ ആക്രമണത്തിൽ വധിച്ചതിനെ തുടർന്നാണ് ഇറാഖ് പാർലമെന്റ് പ്രമേയം പാസാക്കിയത്.
അമേരിക്കൻ അംബാസിഡറെ വിളിപ്പിച്ച് ഇറാഖ് പ്രതിഷേധം അറിയിച്ചു. മണിക്കൂറുകൾക്കകം യുഎസ് എംബസിക്ക് സമീപം രണ്ട് റോക്കറ്റുകൾ പതിച്ചു. ശനിയാഴ്‌ചയും യുഎസ് എംബസി സ്ഥിതി ചെയ്യുന്ന ഗ്രീൻ സോണിലും യുഎസ് സേനാകേന്ദ്രമുള്ള വ്യോമ താവളത്തിലും ആക്രമണമുണ്ടായിരുന്നു.

Get real time update about this post categories directly on your device, subscribe now.