മരട്; ഹോളിഫെയ്‌ത്ത്‌ എച്ച്‌2ഒ ഫ്ലാറ്റിൽ 1471 ദ്വാരങ്ങളിലായി 215 കിലോ സ്‌ഫോടകവസ്‌തു നിറച്ചു

മരടിൽ പൊളിക്കുന്ന ഹോളിഫെയ്‌ത്ത്‌ എച്ച്‌2ഒ ഫ്ലാറ്റിൽ സ്‌ഫോടകവസ്‌തു നിറയ്‌ക്കുന്ന ജോലികൾ പൂർത്തിയായി. അമോണിയം നൈട്രേറ്റ്‌ മുഖ്യഘടകമായ സ്‌ഫോടകവസ്‌തുക്കൾ ശനിയാഴ്‌ചമുതലാണ്‌ ഫ്ലാറ്റിലെ തൂണുകളിലെ ദ്വാരങ്ങളിൽ നിറച്ചുതുടങ്ങിയത്‌. 1471 ദ്വാരങ്ങളിലായി 215 കിലോ സ്‌ഫോടക വസ്‌തുക്കളാണ്‌ നിറച്ചത്‌.

ആൽഫ സെറീൻ ഫ്ലാറ്റ്‌ പൊളിക്കുന്ന സമയത്തിലും മാറ്റം വരുത്തിയിട്ടുണ്ട്‌. 11ന്‌ പകൽ 11.30നാണ്‌ ഫ്ലാറ്റ്‌ പൊളിക്കാൻ ആദ്യം നിശ്‌ചയിച്ചിരുന്നത്‌. പകൽ 11ന്‌ ഹോളിഫെയ്‌ത്ത്‌ എച്ച്2ഒ പൊളിച്ചശേഷം 11.05ന്‌ ആൽഫ സെറീൻ ഇരട്ടസമുച്ചയങ്ങൾ പൊളിക്കും. 12ന് പകൽ 11ന് ഗോൾഡൻ കായലോരവും പകൽ രണ്ടിന് ജെയ്ൻ കോറൽകോവും പൊളിക്കും.

ജെയ്ൻ കോറൽ കോവ് ഫ്ലാറ്റിലെ രണ്ടുനിലകളിൽ സ്‌ഫോടകവസ്‌തുക്കൾ ഞായറാഴ്‌ച നിറച്ചു. തിങ്കളാഴ്‌ച ജെയ്ൻ കോറലിൽ സ്‌ഫോടകവസ്‌തുക്കൾ നിറയ്‌ക്കുന്നത്‌ പൂർത്തിയാകും. സ്‌ഫോടകവസ്‌തുക്കൾ നിറയ്‌ക്കുന്ന സമയത്ത്‌ ജീവനക്കാർ മൊബൈൽഫോൺ ഉപയോഗിക്കരുതെന്ന്‌ കർശന നിർദേശമുണ്ട്‌.

ആൽഫ സെറീൻ ഇരട്ട ഫ്ലാറ്റ്‌ സമുച്ചയങ്ങളിൽ സ്‌ഫോടകവസ്‌തുക്കൾ നിറയ്‌ക്കുന്നത്‌ തിങ്കളാഴ്‌ച തുടങ്ങും. ഇതിനുശേഷമാണ്‌ ഗോൾഡൻ കായലോരം ഫ്ലാറ്റിൽ സ്‌ഫോടകവസ്‌തുക്കൾ നിറയ്‌ക്കുക.

ഹോളിഫെയ്‌ത്ത്‌ എച്ച്‌2ഒ ഫ്ലാറ്റിനുസമീപം ഇന്ത്യൻ ഓയിൽ കോർപറേഷന്റെ ഡീസൽ–പെട്രോൾ പൈപ്പുകൾ കാലിയാക്കി വെള്ളം നിറച്ചു. പൈപ്പുകൾക്കുമുകളിൽ നാലുനിര മണൽച്ചാക്ക്‌ നിരത്തി സുരക്ഷിതമാക്കുന്ന ജോലികൾ പൂർത്തിയായതായി എക്‌സ്‌പ്ലോസീവ് ഡെപ്യൂട്ടി കൺട്രോളർ ആർ വേണുഗോപാൽ പറഞ്ഞു.

ഹോളിഫെയ്‌ത്തിന്റെ കാർ പോർച്ചിൽനിന്ന്‌ ആറരമീറ്റർ ദൂരത്താണ്‌ ആദ്യ പൈപ്പ്‌. എച്ച്‌2ഒ ഫ്ലാറ്റിലേക്ക്‌ വാഹനം കയറി പോകാനുള്ള സ്ഥലം ഒഴിവാക്കിയാണ്‌ മണൽച്ചാക്കുകൾ നിരത്തിയിട്ടുള്ളത്‌. ഒഴിവാക്കിയ സ്ഥലത്ത്‌ 10ന്‌ മണൽച്ചാക്കുകൾ നിറയ്‌ക്കും.

വൻ സുരക്ഷയൊരുക്കും: കമീഷണർ

മരടിൽ ഫ്ലാറ്റുകൾ പൊളിക്കുമ്പോൾ പരിസരവാസികൾക്ക്‌ ബുദ്ധിമുട്ടോ വസ്‌തുവകകൾക്ക്‌ കേടുപാടോ ഉണ്ടാകാതിരിക്കാൻ സുരക്ഷാ സംവിധാനങ്ങളൊരുക്കുമെന്ന് കൊച്ചി സിറ്റി പൊലീസ് കമീഷണർ വിജയ് സാഖറെ പറഞ്ഞു. സുരക്ഷാ ക്രമീകരണങ്ങൾക്കായി ഓരോ ഫ്ലാറ്റിനുചുറ്റും 500 പൊലീസുകാരെ വിന്യസിക്കും. ആംബുലൻസും ഫയർഫോഴ്സും പൊലീസും സ്ഥലത്തുണ്ടാകും. പൊളിക്കുന്ന ദിവസം ഫ്ലാറ്റുകളുടെ 200 മീറ്റർ ചുറ്റളവിൽ നിരോധനാജ്ഞ പ്രഖ്യാപിക്കും.

സമീപവീടുകൾ ഒഴിപ്പിക്കും. രാവിലെമുതൽ റോഡിൽ ഗതാഗതം നിയന്ത്രിക്കും. പ്രധാന റോഡുകൾ പത്തുമിനിറ്റും ഇടവഴികൾ അരമണിക്കൂറും മുമ്പ്‌ ബ്ലോക്ക്‌ ചെയ്യും. ഏഴുമുതൽ പത്തു മിനിറ്റുവരെ മാത്രമേ ദേശീയപാതയിൽ ഗതാഗതം നിയന്ത്രിക്കേണ്ടതുള്ളൂ.സ്ഫോടനം കാണാനെത്തുന്നവർക്കും നിയന്ത്രണമേർപ്പെടുത്തും. പ്രദേശത്ത്‌ വൈദ്യുതി നിയന്ത്രണവുമുണ്ടാകും. ഡ്രോണുകൾ അനുവദിക്കില്ലെന്നും കമീഷണർ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News