തംബുരുവിന്റെ ശ്രുതിയിൽ കുതിര മാളിക ഉണർന്നു; സ്വാതി സംഗീതോൽസവത്തിന് തുടക്കമായി

ക്ലാസിക്കൽ കച്ചേരി ആസ്വാദകരുടെ ഇഷ്ട സംഗീതോത്സവമായ സ്വാതി സംഗീതോൽസവം തിരുവനന്തപുരത്ത് തുടരുകയാണ്. സ്വാതി തിരുനാളിന്റെ കൃതികൾ ആലപിക്കുന്ന സ്വാതി സംഗീതോൽസവ്വം തിരുവതാംകൂറിന്റെ പ്രധാന സംഗീതോൽസവങ്ങളിലൊന്നാണ്.

സ്വാതി തിരുനാളിന്റെ പ്രസിദ്ധമായ കീർത്തനങ്ങൾ പലതും പിറവിയെടുത്ത കുതിര മാളികയുടെ പൂമുഖത്ത് തംബുരുവിന്റെ ശ്രുതി ഉയർന്നു. കർണ്ണാടക സംഗീതജ്ഞ അമ്യതാ വെങ്കിടേഷിന്റെ കച്ചേരിയോടെയാണ് ഈ വർഷത്തെ സ്വാതി സംഗീതോത്സവത്തിന് തുടക്കം കുറിക്കപ്പെട്ടത് .

പ്രശാന്ത സുന്ദരമായ അന്തരീക്ഷത്തിൽ ആരംഭിച്ച കച്ചേരി അൽപ്പസമയം പിന്നിട്ടപ്പോൾ ക്ഷണിക്കപ്പെടാത്ത അതിത്ഥിയായി മഴയെത്തി. തംബുരുവിന്റെ ശ്രുതിയും, മൃദംഗത്തിന്റെയും, ഘടത്തിന്റെയും താള പെരുക്കവും, വയലിന്റെ നാദവീചിയും കേട്ട് ആസ്വദിച്ച് മഴ കുതിര മാളികയുടെ ഓരം പറ്റി നിന്നു. മഴയും, സംഗീതവും ഒത്ത് ചേർന്ന തൃസന്ധ്യയിൽ അമൃതാ വെങ്കിടേഷ് സ്വയം ആസ്വദിച്ച് പാടി

മഹാരാജ സ്വാതി തിരുന്നാളിന്റെ സ്മരണാർത്ഥം 1990 കളിൽ വരെ കുതിരമാളികയിൽ സ്വാതി സംഗീതോത്സവം നടത്തിയിരുന്നത് സംസ്ഥാന സർക്കാർ ആയിരുന്നു. എന്നാൽ കേരളത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് സ്വാതി സംഗീതോൽസവം പറിച്ച് നടപ്പെട്ടപ്പോൾ പ്രിൻസ് രാമവർമ്മ മുൻകൈയെടുത്താണ് സ്വാതി സംഗീതോൽസവം എല്ലാ വർഷവും കുതിര മാളികയിൽ സംഘടിപ്പിച്ച് വരുന്നത്.

ബാലമുരളീകൃഷ്ണ, TM ക്യഷ്ണ, സഞ്ജയ് സുബ്രമണ്യം, മദ്രാസ് പി. ഉണ്ണികൃഷ്ണൻ ജീവിച്ചിരിക്കുന്നവരും മരിച്ചവരുമായ പ്രതിഭകളുടെ സംഗമഭൂമിയായി സ്വാതി സംഗീതോൽസവം തലയുയർത്തി നിൾക്കുന്നു.

സ്വാതിയുടെ പല പ്രസിദ്ധ കീർത്തനങ്ങളും പിറവി കൊണ്ട കുതിര മാളികയിലെ കൽ തൂണുകൾക്ക് സപ്തസ്വരങ്ങൾ മനപാഠം മാണ്. ആടി ഉലഞ്ഞത്തുന്ന കാറ്റിനൊപ്പം താളം പിടിക്കുന്ന പുൽനാമ്പുകൾ പോലും രാഗഭാവത്തിന് ഒപ്പം തല കുലുക്കി ചിരിക്കും. കർണ്ണാടക സംഗീതത്തിൽ സ്വാതി തിരുനാൾ മഹാരാജാവിന്റെ , രാജമുദ്ര പതിഞ്ഞ് കിടക്കുന്ന ഈ മണ്ണിൽ ഇരിക്കുമ്പോൾ ആരും താളം പിടിച്ച് പോകും

രാഗ വിസ്താരത്തിലെ കൈയ്യടക്കവും, നിരവലിലും, മനോധർമ്മത്തിലും പുലർത്തിയ വൈവിദ്ധ്യങ്ങളും കൊണ്ട് സംഗീതാനുഭവമായിരുന്നു അമൃതയുടെ കച്ചേരി. ആലാപനത്തിന്റെ തെളിമ കൊണ്ട് പാട്ടുകാരിയും ,സദസും ഒന്നായി പരിണമിക്കുന്ന അവസ്ഥയായിരുന്നു ഉത്ഘാന ദിവസത്തിലെ സംഗീതാനുഭവം

കർണ്ണാടക സംഗീതത്തിലെ പ്രമുഖരായ സഞ്ജയ് സുബ്രമണ്യം,ഒ എസ് അരുൺ, ടി.വി ഗോപാലകൃഷ്ണൻ തുടങ്ങിയവർ വരും ദിവസങ്ങളിൽ സ്വാതി സംഗീതോൽസച്ചത്തിൽ എത്തിച്ചേരും. തലസ്ഥാന നഗരത്തിലെ ക്ലാസിക്കൽ സംഗീതാസ്വാദകരുടെ ഇഷ്ട സംഗീതോത്സവമായ സ്വാതി സംഗീതോൽസവം ജനുവരി 14 ന് അവസാനിക്കും .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News