‘ഷെയിം ഷെയിം ഡൽഹി പൊലീസ്‌’; നരനായാട്ട് കണ്ടിട്ടും കെെകെട്ടി നിന്ന് ഷാ പൊലീസ്

ജെഎൻയുവില്‍ വിദ്യാര്‍ഥികളെയും അധ്യാപകരെയും തല്ലിച്ചതച്ചത് ആര്‍എസ്എസ്​, എബിവിപി ​ഗുണ്ടകളാണെന്ന് വെളിപ്പെട്ടിട്ടും നടപടിയെടുക്കാതെ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിനുകീഴിലുള്ള ഡല്‍ഹി പൊലീസ്‌.

രാജ്യതലസ്ഥാനത്തെ ക്യാമ്പസിനുള്ളിൽ അഞ്ച്‌ മണിക്കൂറോളം നരനായാട്ട്‌ നടത്തിയവരുടെ ചിത്രങ്ങള്‍ പുറത്തുവന്നിട്ടും ഒരാളെപ്പോലും അറസ്റ്റ്‌ ചെയ്‌തില്ല. തിങ്കളാഴ്‌ച ക്യാമ്പസിനു പുറത്ത്‌ ആർഎസ്‌എസ്‌–-ബജ്‌രംഗ്‌ദൾ പ്രവർത്തകർ സംഘടിച്ച് പ്രകോപനം സൃഷ്ടിച്ചു.

ജെഎൻയുവിൽ അഞ്ചുമണിക്കൂർ നീണ്ട ആർഎസ്‌എസ്‌, എബിവിപി ഗുണ്ടാവിളയാട്ടം കണ്ടു രസിക്കുകയായിരുന്നു ഡൽഹി പൊലീസ്‌. അക്രമികൾ ക്യാമ്പസ്‌ വിട്ടശേഷമാണ്‌ പൊലീസ്‌ രംഗത്തെത്തിയത്‌. ഡിസംബർ 15ന്‌ ജാമിയ മിലിയയിലെ വിദ്യാർഥികളെ തല്ലിച്ചതച്ച പൊലീസ്‌ ഞായറാഴ്‌ച രാത്രി ജെഎൻയുവിൽ നരനായാട്ടിന്‌ കൂട്ടുനിന്നു.

മുഖം മറച്ച്‌ മാരകായുധങ്ങളുമായി വിദ്യാർഥികളെ ക്രൂരമായി മർദിക്കുന്ന ആർഎസ്‌എസ്‌ ഗുണ്ടകളുടെ ഫോട്ടോകളും വീഡിയോകളും സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിച്ചിട്ടും അവരെ കണ്ടെത്താനോ അറസ്‌റ്റ്‌ ചെയ്യാനോ പൊലീസ്‌ ശ്രമിച്ചില്ല. പരിക്കേറ്റ്‌ ചോരയൊലിക്കുന്ന വിദ്യാർഥികളെ ആശുപത്രിയിലേക്ക്‌ കൊണ്ടുപോകാൻ എത്തിയ ആംബുലൻസുകളുടെ ടയറുകൾ ഗുണ്ടകൾ കുത്തിക്കീറുന്നതും പൊലീസ്‌ കണ്ടുനിന്നു.

മുഴുവൻ ഗുണ്ടകളും ക്യാമ്പസ്‌ വിട്ടശേഷം തിങ്കളാഴ്‌ച പുലർച്ചെ രണ്ടരയോടെ പൊലീസ്‌ ഫ്ലാഗ്‌മാർച്ച്‌ നടത്തി. ‘ഷെയിം ഷെയിം ഡൽഹി പൊലീസ്‌’, ‘ഡൽഹി പൊലീസ്‌ ഗോബാക്ക്‌’ തുടങ്ങിയ മുദ്രാവാക്യങ്ങൾ മുഴക്കി വിദ്യാർഥികൾ രോഷം പ്രകടിപ്പിച്ചു.

ശനിയാഴ്‌ച ജെഎൻയു യൂണിയൻ പ്രസിഡന്റ്‌ ഐഷിഘോഷ്‌ ഉൾപ്പെടെയുള്ള വിദ്യാർഥികളെ ആർഎസ്‌എസ്‌, എബിവിപി പ്രവർത്തകരും സെക്യൂരിറ്റി ജീവനക്കാരും ക്രൂരമായി മർദിച്ചിരുന്നു. ഞായറാഴ്‌ചയും ക്യാമ്പസിൽ ഗുണ്ടകൾ സംഘടിക്കുന്നതായി യൂണിയൻ ഭാരവാഹികൾ വസന്ത്‌ കുഞ്‌ജ്‌ പൊലീസിനെ വിവരം അറിയിച്ചെങ്കിലും പ്രതികരണമുണ്ടായില്ലെന്ന്‌ യൂണിയൻ വൈസ്‌ പ്രസിഡന്റ്‌ സാകേത്‌മൂൺ പ്രതികരിച്ചു. പൊലീസ്‌ ഗെയ്‌റ്റിൽ ഉണ്ടായിരുന്നെങ്കിലും ഇടപെട്ടില്ലെന്ന്‌ ജെഎൻയുവിലെ പ്രൊഫസർ അയേഷാക്വദായിയും പറഞ്ഞു.

ജെഎൻയു ക്യാമ്പസിൽ സായുധരായ ഗുണ്ടകൾ കയറി അതിക്രമം നടത്തുമ്പോൾ പൊലീസ്‌ എന്തുചെയ്യുകയായിരുന്നെന്ന്‌ ഡൽഹി പൊലീസിന്റെ അഭിഭാഷകനായ രാഹുൽ മെഹ്‌റ. എബിവിപിക്കാർ ക്യാമ്പസിൽ കാട്ടിയ തോന്ന്യാസങ്ങൾ കണ്ട്‌ ഡൽഹി പൊലീസിന്റെ സ്‌റ്റാൻഡിങ്‌ കൗൺസലായ താൻ ലജ്ജ കൊണ്ട്‌ തല കുനിക്കുകയാണെന്ന്‌ രാഹുൽ മെഹ്‌റ ട്വിറ്ററിൽ കുറിച്ചു.

ഗുണ്ടകൾ ചിരിച്ചുകൊണ്ട്‌ ക്യാമ്പസിലേക്ക്‌ കയറുകയും നിരപരാധികളായ വിദ്യാർഥികളെ മർദിക്കുകയും പൊതുസ്വത്ത്‌ നശിപ്പിക്കുകയും പിന്നീട്‌ നിർഭയം ഇറങ്ങിപ്പോകുകയും ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ കണ്ട്‌ ലജ്ജയാൽ തല കുനിക്കുന്നു. എവിടെയാണ്‌ പൊലീസെന്ന്‌ കമീഷണർ വ്യക്തമാക്കണം.

ആരാണ്‌ അക്രമികൾ, ആരാണ്‌ ഇരകൾ എന്ന കാര്യത്തിൽ ഇനിയും സംശയമുള്ളവർ എബിവിപിക്കാർക്കാണോ അതോ ഇടതുപക്ഷ വിദ്യാർഥി പ്രവർത്തകർക്കാണോ പരിക്കെന്ന്‌ നോക്കിയാൽ മതി. മെഹ്‌റ പറഞ്ഞു.

ഹോസ്റ്റൽ അതിക്രമം തടയാൻ കഴിയാത്തതിന്റെ ധാർമിക ഉത്തരവാദിത്തമേറ്റ് സബർമതി ഹോസ്റ്റൽ വാർഡൻ ആർ മീണ രാജിവച്ചു. ജെഎൻയു അധ്യാപക അസോസിയേഷന്റെ നേതൃത്വത്തിൽ ക്യാമ്പസിൽ മനുഷ്യച്ചങ്ങല തീർത്തു.

തിങ്കളാഴ്ച ക്യാമ്പസ് സന്ദർശിച്ച ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ വിദ്യാർഥികൾ മുദ്രാവാക്യം മുഴക്കി. അക്രമം തടയാൻ ഇടപെടാത്ത വൈസ്‌ ചാൻസലർ എം ജഗദേഷ്‌ കുമാർ രാജിവയ്‌ക്കണമെന്ന്‌ അധ്യാപക അസോസിയേഷനും വിദ്യാർഥി യൂണിയനും ആവശ്യപ്പെട്ടു.

എബിവിപിക്കാരാണ്‌ ആക്രമണം നടത്തിയതെന്നും ക്യാമ്പസിനുള്ളിൽപ്പോലും വിദ്യാര്‍ഥികള്‍ക്ക് സുരക്ഷയൊരുക്കാൻ കഴിയാത്ത വിസി രാജി വയ്‌ക്കണമെന്നും യൂണിയൻ പ്രസിഡന്റ്‌ ഐഷി ഘോഷ്‌ ആവശ്യപ്പെട്ടു. നൂറോളംവരുന്ന ക്രിമിനലുകളെ ആയിരത്തോളംവരുന്ന പൊലീസ് സംഘത്തിന് നിഷ്‌പ്രയാസം അറസ്റ്റ് ചെയ്യാമായിരുന്നു.

വാഹനങ്ങൾ തല്ലിത്തകർക്കുകയും ആംബുലൻസുപോലും തടഞ്ഞുവയ്‌ക്കുകയും നേതാക്കളെ കൈയേറ്റം ചെയ്യുകയും ചെയ്‌തിട്ടും പൊലീസ്‌ കാഴ്‌ചക്കാരായി നിന്നെന്നും ഐഷി പറഞ്ഞു. മുറിവേറ്റ ഐഷി ഘോഷും അധ്യാപിക സുചരിത സെന്നുമടക്കം പരിക്കേറ്റ 34 പേരും എയിംസ്‌ വിട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News