ജെഎൻയുവിലെ നരനായാട്ട്; ആസൂത്രിതമെന്ന് തെളിവുകൾ; രാജ്യവ്യാപക പ്രതിഷേധം

ജെഎൻയുവിലെ നരനായാട്ടിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം അലയടിച്ചു. എസ്‌എഫ്‌ഐ പ്രതിഷേധദിനം ആചരിച്ചു. ഡൽഹി, മുംബൈ, കൊൽക്കത്ത, ചെെന്നെ, ബംഗളൂരു തുടങ്ങിയ നഗരങ്ങളിലെല്ലാം വൻ പ്രതിഷേധം നടന്നു.

സിപിഐ എം, സിപിഐ, കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ്, ഡിഎംകെ തുടങ്ങി വിവിധ പ്രതിപക്ഷ പാർടികളുടെ നേതാക്കൾ വിദ്യാർഥികൾക്ക് ഐക്യദാർഢ്യവുമായി ജെഎൻയു ക്യാമ്പസിലെത്തി. ബോളിവുഡിലെ പ്രമുഖ ചലച്ചിത്രതാരങ്ങളും പരസ്യമായി പ്രതിഷേധം രേഖപ്പെടുത്തി.

വിദ്യാർഥികളുമായി ചർച്ച നടത്താൻ ഡൽഹി ലഫ്. ഗവർണർ അനിൽ ബൈജാനോട്‌ നിർദേശിച്ചതായി ആഭ്യന്തരമന്ത്രാലയം അറിയിച്ചു. ആഭ്യന്തരമന്ത്രാലയത്തിന്റെ നിഷ്‌ക്രിയത്വം ചോദ്യംചെയ്യപ്പെട്ടതോടെയാണ് അമിത് ഷായുടെ ഇടപെടല്‍. പൊലീസ് കമീഷണറോട് റിപ്പോർട്ട് തേടി.

അതേസമയം ജെഎൻയുവിൽ ഞായറാഴ്‌ച രാത്രി അരങ്ങേറിയ ആക്രമണത്തിന്‌ പിന്നിൽ ആർഎസ്‌എസ്‌– എബിവിപി ക്രിമിനലുകളാണെന്നതിന്‌ തെളിവുമായി വാട്‌സാപ്‌ ഗ്രൂപ്പ്‌ ചാറ്റുകളും ചിത്രങ്ങളും. യൂണിറ്റി എഗൻസ്‌റ്റ്‌ ലെഫ്‌റ്റ്‌, ഫ്രണ്ട്‌സ്‌ ഓഫ്‌ ആർഎസ്‌എസ്‌, ലെഫ്‌റ്റ്‌ ടെറർ ഡൗൺ ഡൗൺ എന്നീ വാട്‌സാപ്‌ ഗ്രൂപ്പുകളിലൂടെയാണ്‌ ആക്രമണം ആസൂത്രണം ചെയ്‌തതും നടപ്പാക്കിയതും. ഞായറാഴ്‌ച വൈകിട്ടാണ് ഗ്രൂപ്പുകൾ പ്രത്യക്ഷപ്പെട്ടത്‌. ഗ്രൂപ്പിൽ ഉൾപ്പെടുന്നതിനുള്ള ലിങ്ക്‌ വ്യാപകമായി പങ്കുവയ്‌ക്കപ്പെട്ടു.

ഗ്രൂപ്പിലെ ചർച്ചകളുടെ സ്‌ക്രീൻ ഷോട്ട്‌ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചതോടെ ക്രിമിനലുകൾ ഫോൺ സ്വിച്ച്‌ഓഫ്‌ ആക്കി. പലരും ട്രൂകോളറിലെ പേരുകളടക്കം മാറ്റി. ചിലർ മുസ്ലിം പേരുകളിലേക്ക്‌ മാറിയപ്പോൾ മറ്റുചിലർ ഇടതുപക്ഷ അനുഭാവികളെന്ന്‌ തോന്നിക്കുംവിധം പ്രൊഫൈലുകളിൽ മാറ്റം വരുത്തി. പലരും ഫെയ്‌സ്‌ബുക്ക്‌ അക്കൗണ്ടും ഡിലീറ്റ്‌ ചെയ്‌തു.

ജെഎൻയു എബിവിപി സെക്രട്ടറി മനീഷ്‌ ജംഗിദ്‌, എബിവിപി ഭാരവാഹികളായ യോഗേന്ദ്ര ഭരദ്വാജ്‌, ഓങ്കാർ ശ്രീവാസ്‌തവ, ഹിതേഷ്‌ ജയിൻ, നിധി ത്രിപാഠി, വികാസ്‌ പട്ടേൽ, യശ്വസി ഹർഷ, സുമന്ത സാഹു, വെങ്കട്‌ ചൗബെ, വലന്റിന ബ്രഹ്‌മ എന്നിവർ ഗ്രൂപ്പുകളിൽ സജീവമായിരുന്നു. ജെഎൻയു ക്യാമ്പസിലെ ക്രമസമാധാനം കൈകാര്യംചെയ്യേണ്ട ചീഫ്‌ പ്രോക്‌ടർ ധനഞ്‌ജയ്‌ സിങ്ങും ഫ്രണ്ട്‌സ്‌ ഓഫ്‌ ആർഎസ്‌എസ്‌ ഗ്രൂപ്പിൽ ഉൾപ്പെട്ടിരുന്നു.

‘അവന്മാരെയെല്ലാം അടിച്ചൊതുക്കണം. അതാണ്‌ വേണ്ടത്‌’ എന്ന്‌ പറഞ്ഞുകൊണ്ട്‌ യോഗേന്ദ്ര ഭരദ്വാജാണ്‌ യൂണിറ്റ്‌ എഗൻസ്‌റ്റ്‌ ലെഫ്‌റ്റ്‌ എന്ന ഗ്രൂപ്പിൽ ചർച്ചയ്‌ക്ക്‌ തുടക്കമിട്ടത്‌. പിന്നീട്‌ ഡൽഹി സർവകലാശാലയിൽ നിന്നുള്ളവർ എവിടെ എത്തണമെന്ന്‌ ഓങ്കാർ ശ്രീവാസ്‌തവ നിർദേശിച്ചു. പിന്നാലെയാണ്‌ മെയിൻ ഗേറ്റിൽ യോഗേന്ദ്ര യാദവ്‌ ആക്രമിക്കപ്പെട്ടത്‌.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News