നിസ്സാന്‍ മുന്‍ ഉടമ രക്ഷപ്പെട്ടത്, ബുള്ളറ്റ് ട്രെയിനിലും പ്രൈവറ്റ് ജെറ്റിലുമായി എന്ന് പുതിയ റിപ്പോര്‍ട്ടുകള്‍

വീട്ടുതടങ്കലിലായിരുന്ന നിസ്സാന്‍ മുന്‍ ഉടമ കാര്‍ലോസ് ഗോസന്‍ ജപ്പാനില്‍ നിന്ന് രക്ഷപ്പെട്ടത് ബുള്ളറ്റ് ട്രെയിനിലും പ്രൈവറ്റ് ജെറ്റിലുമായി എന്ന് പുതിയ റിപ്പോര്‍ട്ടുകള്‍. കാര്‍ലോസ് ഗോസന്റെ രക്ഷപ്പെടലോടെ ജപ്പാന്‍ അതിര്‍ത്തി നിയന്ത്രണം കര്‍ശനമാക്കിയതായി നീതിന്യായ വകുപ്പ് മന്ത്രി പറഞ്ഞിരുന്നു. ഒരാഴ്ച മുമ്പാണ് കാര്‍ലോസ് ഗോസന്‍ വിദഗ്ധമായി ജപ്പാന്‍ അധികൃതരുടെ കണ്ണുവെട്ടിച്ച് രാജ്യം വിട്ടത്. കാര്‍ലോസ് ഗോസന്‍ ശവപ്പെട്ടിയില്‍ ഒളിച്ചുകടന്നു എന്നാണ് റിപ്പോര്‍ട്ടുണ്ടായിരുന്നത്. എന്നാല്‍ ഗോസന്റെ ഭാര്യ ഇത് നിഷേധിക്കുകയായിരുന്നു. ജപ്പാനിലെ വിവിധ കോടതികളില്‍ സാമ്പത്തിക ക്രമക്കേട് കേസുകളില്‍ വിചാരണ നേരിട്ട് വരുകയായിരുന്നു കാര്‍ലോസ് ഗോസന്‍.അതേസമയം കാര്‍ലോസ് ഗോസന്‍ രക്ഷപ്പെട്ടത് സംബന്ധിച്ച് അന്വേഷണം നടത്തിവരുകയാണ് എന്ന് ജപ്പാന്‍ അധികൃതര്‍ പറയുന്നു. കര്‍ശന വ്യവസ്ഥകളോടെയാണ് ഗോസനെ ജയിലില്‍ നിന്ന് മാറ്റിയിരുന്നത്. അതേസമയം നിപ്പോണ്‍ ടെലിവിഷന്‍ നെറ്റ് വര്‍ക്ക് (എന്‍ടിവി) റിപ്പോര്‍ട്ട് ചെയ്തത് ഡിസംബര്‍ 29ന് ടോക്കിയോവിലെ ഷിനാഗാവ സ്റ്റേഷനില്‍ നിന്ന് കാര്‍ലോസ് ഗോസന്‍, ഷിന്‍കാന്‍സെന്‍ ബുള്ളറ്റ് ട്രെയിനില്‍ രക്ഷപ്പെട്ടു എന്നാണ്. വെസ്റ്റേണ്‍ ഒസാക്കയിലെ സ്റ്റേഷനിലാണ് ഇറങ്ങിയത്. വൈകീട്ട് 7.30ന് ഇവിടെയെത്തിയ ഗോസന്‍, ടാക്സി പിടിച്ച് കന്‍സായ് എയര്‍പോര്‍ട്ടിന് സമീപമുള്ള ഹോട്ടലിലേയ്ക്ക് പോയി.ഇവിടെ നിന്ന് ഒരു സ്വകാര്യ ജെറ്റ് വിമാനത്തില്‍ തുര്‍ക്കിയിലെ ഇസ്താംബുളിലേയ്ക്ക് പറന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News