പനയിൽ നിന്ന്‌ കോളകൾ; പുതിയ മാറ്റങ്ങളുമായി കെൽപാം

തിരുവനന്തപുരം: പനയില്‍നിന്നുളള അസംസ്‌കൃത വസ്തുക്കളുടെ മുല്യവര്‍ദ്ധന ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ കെല്‍പാമിന്റെ ഉല്‍പ്പന്നങ്ങള്‍ പുതിയ മാറ്റങ്ങളുമായി വിപണിയില്‍. വ്യവസായ മന്ത്രി ഇ പി ജയരാജന്‍ സിനിമാ താരം മഞ്ജുവാര്യര്‍ക്ക് നല്‍കി കോളയുടെ വിപണനോദ്ഘാടനം നിര്‍വഹിച്ചു.

സ്ഥാപനത്തിന്റെ നവീകരണവുമായി ബന്ധപ്പെട്ട് സ്ഥാപിച്ച പെറ്റ് ബോട്ടില്‍ യൂണിറ്റില്‍ നിന്നുള്ള ആറു തരം കോളകളാണ് ഇന്ന് വിപണിയില്‍ ഇറക്കുന്നത്.

പനം പഞ്ചസാര ഉപയോഗിച്ച് ഓറഞ്ച്, ജീരകം, പാം, ജിഞ്ചര്‍, ലെമണ്‍, ഗുവ എന്നീ ആറു രുചികളിലാണ് തിരുവനന്തപുരം യൂണിറ്റില്‍ കോളകള്‍ ഉല്‍പാദിപ്പിക്കുന്നത്. വര്‍ഷം 3 കോടി രൂപയുടെ വില്‍പ്പന പ്രതീക്ഷിക്കുന്നു. 250 എം എൽ ബോട്ടിലിന്‌ 18 രൂപയാണ്‌ വില.

കേരളത്തിലും തമിഴ്‌നാട്ടിലും സുലഭമായി വളരുന്ന കല്‍പവൃക്ഷമായ പന (കരിമ്പന) യില്‍ നിന്നു ലഭിക്കുന്ന അസംസ്‌കൃത വസ്തുക്കളായ അക്കാനി, നൊങ്ക്, പനംപഴം, പനയോല, പനംതണ്ട് (മടല്‍), പനംതടി എന്നിവ ഉപയോഗിച്ച് ഒരു വിഭാഗം ജനങ്ങള്‍ ഉപജീവനമാര്‍ഗ്ഗം കണ്ടെത്തിയിരുന്നു.

ഇവരെ സഹായിക്കാനായി 1985 ല്‍ രൂപീകൃതമായ പൊതുമേഖലാ സ്ഥാപനമാണ് കെല്‍പാം. പനയുമായി ബന്ധപ്പെട്ട് ജീവിതം മുന്നോട്ടുകൊണ്ടുപോകുന്നവരുടെ ക്ഷേമത്തിനും, ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിനും, തൊഴില്‍ സംരക്ഷണത്തിനും കെല്‍പാമിന് കഴിഞ്ഞു.

കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചതോടെ ജീവിതനിലവാരം മെച്ചപ്പെടുത്തി ഇക്കൂട്ടരെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനും സാധിച്ചു.

തുടക്കം മുതല്‍ ലാഭത്തില്‍ പ്രവര്‍ത്തിച്ചിരുന്ന സ്ഥാപനമാണ് കെല്‍പാം. എന്നാല്‍, കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് അടച്ചുപൂട്ടലിന്റെ വക്കിലെത്തി.

ഈ സര്‍ക്കാര്‍ വന്നതോടെ സ്ഥാപനത്തെ തിരിച്ചു കൊണ്ടുവരാന്‍ ശ്രമം തുടങ്ങി. 2018ലെ ബജറ്റില്‍ 68 ലക്ഷവും 2019ല്‍ ഒരു കോടിയും നല്‍കി. പൊതുമേഖലാ സ്ഥാപനങ്ങളെ സംരക്ഷിക്കുക എന്ന സര്‍ക്കാര്‍ നയത്തിന്റെ ഭാഗമായി നവീകരണപ്രവര്‍ത്തനങ്ങള്‍ നടപ്പാക്കി. അതിലൂടെ സ്ഥാപനത്തിന്റെ നഷ്ടം കുത്തനെ കുറച്ചു.

തിരുവനന്തപുരത്തും പാലക്കാടുമായി രണ്ട് ഉല്‍പ്പാദന യൂണിറ്റുകളാണ് കെല്‍പാമിനുള്ളത്. ഇവിടങ്ങളില്‍ ആധുനികവല്‍ക്കരണവും വൈവിധ്യവല്‍ക്കരണവും ലക്ഷ്യമിട്ട് വിവിധ പദ്ധതികള്‍ നടപ്പാക്കുകയാണ്.

തിരുവനന്തപുരത്ത് നിലവില്‍ സെമി ഓട്ടോമാറ്റിക്ക് പെറ്റ്‌ബോട്ടില്‍ യൂണിറ്റാണുള്ളത്. പൂർണമായും ഓട്ടോമാറ്റിക്കാക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.

കെല്‍പാം ഉല്‍പന്നങ്ങള്‍ക്കുള്ള അസംസ്‌കൃത വസ്തുക്കള്‍ സീസണ്‍ അനുസരിച്ച് മാത്രം ലഭിക്കുന്നതിനാല്‍ അവ സംസ്‌കരിച്ച് ശീതീകരിച്ച് സൂക്ഷിക്കാന്‍ കോമണ്‍ ഫെസിലിറ്റി സര്‍വീസ് സെന്റര്‍ ഒരുക്കിയിട്ടുണ്ട്.

ഒപ്പം ഉല്‍പന്ന ഗുണമേന്മ ഉറപ്പാക്കാന്‍ ക്വാളിറ്റി കണ്‍ട്രോള്‍ ലാബും സജ്ജമാക്കി. ഈ രണ്ട് പദ്ധതികള്‍ക്കുമായി ഒരു കോടി രൂപ സര്‍ക്കാര്‍ നല്‍കി.

കെല്‍പാം ഉല്‍പന്നങ്ങള്‍ക്ക് ബാര്‍കോഡ്, ട്രേഡ്മാര്‍ക്ക്, ഐഎസ്ഒ സര്‍ട്ടിഫിക്കേഷന്‍, എഫ്എസ്എസ്എഐ എന്നീ അംഗീകാരങ്ങള്‍ ലഭ്യമാക്കി. പനംപഴത്തില്‍ നിന്നും നൊങ്കില്‍ നിന്നും ഉല്‍പ്പാദിപ്പിക്കുന്ന സ്‌ക്വാഷിനും ജാമിനും കെല്‍പാമിന് പേറ്റന്റ് ലഭിച്ചിട്ടുണ്ട്.

പനം സര്‍ബത്ത്, പനം കല്‍ക്കണ്ടം, പനം കരുപ്പട്ടി ,പനം കിഴങ്ങും തേനും ചേര്‍ത്തു കുട്ടികള്‍ക്കുള്ള പോഷകാഹാരം എന്നിവ ഉല്‍പാദിപ്പിക്കാന്‍ നടപടി സ്വീകരിച്ചു വരികയാണ്.

പാലക്കാടും സമീപപ്രദേശങ്ങളിലും ഉല്‍പാദിപ്പിക്കുന്ന നെല്ല് സംഭരിച്ച് ഉന്നത ഗുണനിലവാരത്തിലുള്ള അരിയാക്കി വിപണിയിലെത്തിക്കാനും നെല്‍ക്കൃഷി പ്രോത്സാഹിപ്പിക്കാനും ആലത്തൂരിനടുത്ത കല്ലേപ്പുള്ളിയില്‍ ആധുനിക റൈസ്മില്ലിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങളും പുരോഗമിക്കുന്നു.

കെല്‍പാമിന്റെ കൈവശമുള്ള 1.2 ഏക്കര്‍ സ്ഥലത്ത് 9.61 കോടി രൂപ ചെലവിലാണ് മില്‍ സജ്ജമാക്കുന്നത്. ഈ പദ്ധതികള്‍ നടപ്പാക്കുന്നതോടെ ഈ മേഖലയിലുള്ള നിരവധി ആളുകള്‍ക്ക് നേരിട്ടും അനുബന്ധമായും തൊഴില്‍ ലഭിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News