നിര്‍ഭയ കേസില്‍ മരണവാറണ്ട്; നാലു പ്രതികളെയും 22ന് തൂക്കിലേറ്റും; നടപടികള്‍ പൂര്‍ത്തിയാക്കി കോടതി; മകള്‍ക്ക് നീതി ലഭിച്ചെന്ന് മാതാവ്

ദില്ലി: നിര്‍ഭയ കേസില്‍ നാലുപ്രതികളുടെയും വധശിക്ഷ 22ന് രാവിലെ ഏഴു മണിക്ക് നടപ്പിലാക്കും.

പട്യാല ഹൗസ് കോടതിയാണ് മരണവാറണ്ട് പുറപ്പെടുവിച്ചത്. പ്രതികളായ മുകേഷ് (29), വിനയ് ശര്‍മ (23), അക്ഷയ് കുമാര്‍ സിങ് (31), പവന്‍ ഗുപ്ത (22) എന്നിവരുടെ വധശിക്ഷയാണ് 22ന് നടപ്പിലാക്കുക.

കേസില്‍ ശിക്ഷിക്കപ്പെട്ട നാലു പേരെയും തൂക്കിക്കൊല്ലാനുള്ള നടപടിക്രമങ്ങള്‍ ത്വരിതപ്പെടുത്താന്‍ വേണ്ടിയും പ്രതികള്‍ക്കെതിരെ മരണ വാറണ്ട് പുറപ്പെടുവിക്കുകയും ചെയ്യണമെന്ന് ആവശ്യപ്പെട്ട് നിര്‍ഭയയുടെ മാതാപിതാക്കള്‍ നടത്തിയ ഹര്‍ജിയിലാണ് വിധി.

വിധിയില്‍ നിര്‍ഭയയുടെ അമ്മ സന്തോഷം പ്രകടിപ്പിച്ചു. മകള്‍ക്ക് നീതി ലഭിച്ചെന്നും രാജ്യത്തെ സ്ത്രീകള്‍ക്ക് നിയമത്തില്‍ വിശ്വാസം ഉറപ്പിക്കുന്ന വിധിയാണിതെന്നും നിര്‍ഭയയുടെ അമ്മ പ്രതികരിച്ചു.

പ്രതികളുടെ പുനഃപരിശോധനാ ഹര്‍ജി സുപ്രീംകോടതി നേരത്തെ തള്ളിയിരുന്നു.

നാലു പ്രതികള്‍ക്കും വധശിക്ഷ നല്‍കാനുള്ള കീഴ്‌കോടതിയുടെ ഉത്തരവ് സുപ്രീംകോടതി ശരിവെയ്ക്കുകയായിരുന്നു. ചീഫ് ജസ്റ്റീസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ ആര്‍ ഭാനുമതി, അശോക് ഭൂഷണ്‍ എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പ്രഖ്യാപിച്ചത്. വധശിക്ഷ ലഭിച്ചതില്‍ മൂന്നു പേരാണ് പുനഃപരിശോധന ഹര്‍ജി നല്‍കിയിരുന്നത്.

2012 ഡിസംബര്‍ 16നാണ് ഓടിക്കൊണ്ടിരുന്ന ബസില്‍ ഫിസിയോതെറാപ്പി വിദ്യാര്‍ഥിനിയെ കൂട്ടബലാല്‍സംഗം ചെയ്തത്. സിംഗപ്പൂരില്‍ ചികിത്സയിലായിരിക്കെ രണ്ടാഴ്ചയ്ക്ക് ശേഷം പെണ്‍കുട്ടി മരണത്തിന് കീഴടങ്ങി.

പ്രയാപൂര്‍ത്തിയാകാത്ത ഒരാള്‍ ഉള്‍പ്പെടെ ആറുപേരായിരുന്നു പ്രതികള്‍. കേസിലെ ഒന്നാംപ്രതി റാം സിങ് 2013 മാര്‍ച്ചില്‍ തിഹാര്‍ ജയിലില്‍ ജീവനൊടുക്കിയിരുന്നു. പ്രായപൂര്‍ത്തിയാകാത്ത മറ്റൊരു പ്രതിയെ ജുവനൈല്‍ നിയമം അനുസരിച്ച് മൂന്നു വര്‍ഷത്തെ ശിക്ഷയ്ക്കു വിധിച്ചിരുന്നു. ഇയാള്‍ ശിക്ഷാകാലാവധി കഴിഞ്ഞു പുറത്തിറങ്ങിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here