ശബരിമല കേസ്: പുനപരിശോധന ഹര്‍ജികള്‍ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ 9 അംഗ ബെഞ്ച് പരിഗണിക്കും

ശബരിമല സ്ത്രീ പ്രവേശന വിധി ചോദ്യം ചെയ്തുള്ള പുനപരിശോധന ഹര്‍ജികള്‍ ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡേ അധ്യക്ഷന്‍ ആയ 9 അംഗ ബെഞ്ച് പരിഗണിക്കും. നവംബര്‍ 14 ലെ വിധി എഴുതിയ ബെഞ്ചിലെ ആരും പുതിയ ബെഞ്ചില്‍ അംഗം അല്ല. ജസ്റ്റിസ് ആര്‍ ഭാനുമതിയാണ് ബെഞ്ചിലെ ഏക വനിതാ അംഗം. ജനുവരി 13നാണ് ബെഞ്ചിന്റെ ആദ്യ സിറ്റിംഗ്.

ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ, ജസ്റ്റിസുമാരായ അശോക് ഭൂഷന്‍, എല്‍ നാഗേശ്വര്‍ റാവു, മോഹന്‍ ശാന്തന ഗൗഡര്‍, എസ് അബ്ദുള്‍ നസീര്‍, ആര്‍ സുഭാഷ് റെഡ്ഢി, ബി ആര്‍ ഗവായ്, സൂര്യകാന്ത് എന്നിവര്‍ അംഗങ്ങള്‍ ആയ 9 അംഗ ഭരണ ഘടനാ ബഞ്ച് ആണ് സ്ത്രീ പ്രവേശന വിധി ചോദ്യം ചെയ്തുള്ള പുനപരിശോധന ഹര്‍ജികളില്‍ വാദം കേള്‍ക്കുക.

2018 സെപ്റ്റംബറിലെ വിധി ചോദ്യം ചെയ്ത് സമര്‍പ്പിക്കപ്പെട്ട 60ഓളം ഹര്‍ജികള്‍ ആണ് കോടതിയുടെ പരിഗണനയ്ക്ക് വരിക. ശബരിമല ദര്‍ശനം നടത്താന്‍ അനുവദിക്കണം എന്ന് ആവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട അപേക്ഷകളും പരിഗണിക്കാന്‍ ഇടയുണ്ട്. വിരമിച്ച ജസ്റ്റിസ് രഞ്ജന്‍ ഗാഗോയിയെ മാറ്റി നിര്‍ത്തിയാല്‍ ജസ്റ്റിസുമാരായ ഡി. വൈ ചന്ദ്രചൂഡ്, ആര്‍.എഫ് നരിമാന്‍, ഇന്ദു മല്‍ഹോത്ര, എ എം ഖാന്‍വില്‍ക്കര്‍ എന്നിവര്‍ ആയിരുന്നു നവംബര്‍ 14ലെ വിധി എഴുതിയവര്‍.

ഇവരില്‍ ആരും പുതിയ ഭരണ ഘടനാ ബെഞ്ചിന്റെ ഭാഗം അല്ല. ബെഞ്ചില്‍ ഏക വനിതാ അംഗം ജസ്റ്റിസ് ആര്‍ ഭാനുമതി ആണ്. ജനുവരി 13ന് കേസ് പരിഗണിക്കും. ശബരിമല നട അടയ്ക്കുന്നത് ആകട്ടെ ജനുവരി 21നും. അതിന് മുന്‍പായി കോടതിയുടെ തീര്‍പ്പ് ഉണ്ടാക്കാന്‍ സാധ്യത കുറവാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here