ഹോസ്റ്റല്‍ മുറിയുടെ കതകില്‍ അംബേദ്ക്കറിന്റെ ചിത്രം; അന്ധവിദ്യാര്‍ഥിയ്ക്ക് എബിവിപി ക്രിമിനലുകളുടെ ക്രൂരമര്‍ദ്ദനം

ദില്ലി: ജെഎന്‍യുവില്‍ മുഖംമൂടിയണിഞ്ഞ സംഘപരിവാറുകാരുടെ ആക്രമണത്തില്‍ അന്ധവിദ്യാര്‍ഥിക്കും പരിക്ക്. ഞായറാഴ്ച സബര്‍മതി ഹോസ്റ്റല്‍ മുറിയില്‍ കയറിയുള്ള ആക്രമണത്തില്‍ ഉത്തര്‍പ്രദേശ് സ്വദേശിയായ അന്ധവിദ്യാര്‍ഥി സൂര്യ പ്രകാശിനാണ് മര്‍ദനമേറ്റത്. വൈകിട്ട് 6.50 ഓടെ ഹോസ്റ്റലിലെത്തിയ അക്രമികള്‍ തന്റെ മുറിയുടെ കതകില്‍ അംബേദ്കറിന്റെ ചിത്രം കണ്ടതോടെ വാതില്‍ തകര്‍ത്ത് അകത്തുകയറുകയായിരുന്നുവെന്ന് സൂര്യ പറഞ്ഞു.

സംഘം അടിച്ചുപൊട്ടിച്ച ജനലിന്റെ ചില്ല് തലയിലാണ് വീണത്. കമ്പിളിത്തൊപ്പി വച്ചിരുന്നതിനാല്‍ പരിക്കേറ്റില്ല. കൈകൊണ്ടും കമ്പുകൊണ്ടും അടിച്ചു. കാഴ്ചയില്ലാത്തയാളാണെന്ന് വിളിച്ചു പറഞ്ഞിട്ടും മര്‍ദനം തുടര്‍ന്നു.

അക്രമിസംഘത്തിലുള്ളവര്‍ മദ്യപിച്ചിരുന്നു. സഹപാഠികളാണ് പ്രാഥമിക ശുശ്രൂഷ നല്‍കി എയിംസില്‍ കൊണ്ടുപോയത്. നടന്ന സംഭവങ്ങള്‍ പുറത്തുപറയരുതെന്ന് ഭീഷണിപ്പെടുത്തി നിരവധി ഫോണ്‍കോളുകള്‍ വരുന്നതായും സൂര്യ പറഞ്ഞു. സമീപ മുറിയിലുണ്ടായിരുന്ന പശ്ചിമബംഗാള്‍ സ്വദേശി സന്തോഷ് ഭഗതിനെ അക്രമികള്‍ ആക്രമിച്ചശേഷം ബാല്‍ക്കണിയില്‍നിന്ന് താഴേക്കെറിഞ്ഞു. കതക് തകര്‍ത്ത് അകത്തുകയറിയാണ് മര്‍ദിച്ചതെന്നും താഴേക്കെറിഞ്ഞതെന്നും സന്തോഷ് പറഞ്ഞു.

ഒന്നാം നിലയിലെ കശ്മീരി വിദ്യാര്‍ഥിയുടെ മുറിയിലാണ് ഏറ്റവുമധികം നാശമുണ്ടാക്കിയത്. സമീപത്തുള്ള മുറിയിലേക്ക് വിദ്യാര്‍ഥി രക്ഷപ്പെടുകയായിരുന്നു. മുറികള്‍ തെരഞ്ഞുപിടിച്ചാണ് ആക്രമണം നടത്തിയത്. വിദ്യാര്‍ഥികള്‍ സഹായത്തിനായി നിരവധി തവണ പൊലീസുകാരെ ബന്ധപ്പെട്ടെങ്കിലും ഒരു പ്രതികരണവും ഉണ്ടായില്ല. ആക്രമണം ഉണ്ടായതോടെ സര്‍വകലാശാലയുടെ സുരക്ഷാ ജീവനക്കാര്‍ ഹോസ്റ്റലുകള്‍വിട്ട് ഓടിപ്പോയതായും വിദ്യാര്‍ഥികള്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News