ഇന്ത്യയ്ക്ക് അനായാസ ജയം; ശ്രീലങ്കയെ തകര്‍ത്തത് ഏഴ് വിക്കറ്റിന്

ഇന്‍ഡോര്‍: ശ്രീലങ്കയ്ക്കെതിരായ രണ്ടാം ട്വന്റി20 മത്സരത്തില്‍ ഇന്ത്യയ്ക്ക് ഏഴ് വിക്കറ്റ് വിജയം. 142 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടക്കുകയായിരുന്നു. കെഎല്‍ രാഹുലാണ് ടോപ്സ്‌കോറര്‍.

രാഹുല്‍ 45 റണ്‍സും ശിഖര്‍ ധവാന്‍ 32 റണ്‍സും ശ്രേയാംസ് അയ്യര്‍ 34 റണ്‍സും നേടി. ക്യാപ്റ്റന്‍ വീരാട് കോലി 17 പന്തില്‍ നിന്ന് 30 റണ്‍സ് എടുത്തു. റിഷഭ് പന്ത് ഒരു റണ്‍സ്മാത്രമാണ് നേടിയത്.

ഇന്ത്യയുടെ കണിശതയാര്‍ന്ന ബൗളിങ്ങിന് മുന്നില്‍ ലങ്കന്‍ പട തകര്‍ന്നുവീഴുകയായിരുന്നു. നിശ്ചിത ഓവറില്‍ ലങ്ക നേടിയത് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 142 റണ്‍സ് മാത്രമായിരുന്നു. രണ്ട് റണ്‍സിനിടയിലാണ് ലങ്കയ്ക്ക് അവസാന മൂന്നു വിക്കറ്റ് നഷ്ടമായത്.

ഇന്ത്യക്കായി പന്തെടുത്തവരെല്ലാം വിക്കറ്റ് വീഴ്ത്തി. ശര്‍ദ്ദുല്‍ ഠാക്കൂറായിരുന്നു കൂടുതല്‍ അപടകാരി. ഠാക്കൂര്‍ മൂന്നു വിക്കറ്റെടുത്തപ്പോള്‍ നവദീപ് സയ്നിയും കുല്‍ദീപ് യാദവും രണ്ടു വീതം വിക്കറ്റ് വീഴ്ത്തി. വാഷ്ങ്ടണ്‍ സുന്ദര്‍, ജസ്പ്രീത് ബുംറ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.

34 റണ്‍സെടുത്ത കുശാല്‍ പെരേരയാണ് ലങ്കയുടെ ടോപ്പ് സ്‌കോറര്‍. 38 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടയില്‍ ലങ്കയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. അതിനുശേഷം കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീണു. അവസാന ഓവറുകളിലെത്തിയപ്പോഴേക്കും ലങ്കയുടെ ബാറ്റ്സ്മാന്‍മാര്‍ ഓരോരുത്തരായി ക്രീസ് വിട്ടു. നാല് പേര്‍ രണ്ടക്കം കാണാതെ പുറത്തായി. ഓപ്പണര്‍മാരായ ഗുണതിലകെ 20ഉം അവിഷ്‌ക ഫെര്‍ണാണ്ടൊ 22ഉം റണ്‍സ് നേടി.

ടോസ് നേടിയ ഇന്ത്യ ലങ്കയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ഗുവാഹത്തിയില്‍ നടന്ന ആദ്യ ട്വന്റി20 മത്സരം മഴമൂലം ഉപേക്ഷിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here