ദേശീയ പണിമുടക്കിനോട് ഐക്യപ്പെട്ട് തൊഴിലാളികള്‍; രാവിലെ തൊഴില്‍ കേന്ദ്രങ്ങളില്‍ പ്രകടനം

കേന്ദ്ര സർക്കാരിന്റെ തൊഴിലാളി– ജനവിരുദ്ധ നയങ്ങൾക്കെതിരെ ദേശീയ പണിമുടക്ക്‌ ആരംഭിച്ചു. ട്രേഡ്‌ യൂണിയൻ സംയുക്ത സമിതി ആഹ്വാന പ്രകാരം ചൊവ്വാഴ്‌ച അർധരാത്രി ആരംഭിച്ച പണിമുടക്കിൽ രാജ്യത്തിന്റെ സമസ്‌ത മേഖലയും അണിചേർന്നു. പണിമുടക്ക്‌ ബുധനാഴ്‌ച അർധരാത്രിവരെ തുടരും.

തൊഴിലാളികളും കർഷകരും കേന്ദ്ര സംസ്ഥാന ജീവനക്കാരും വ്യാപാരികളും വിദ്യാർഥികളും യുവജനങ്ങളും ഉൾപ്പെടെ 30 കോടിയോളം പേർ പണിമുടക്കിൽ പങ്കെടുക്കുന്നുണ്ട്‌.

ഗ്രാമങ്ങളിൽ കർഷകരും കർഷകത്തൊഴിലാളികളും കൃഷിയിടങ്ങളിലിറങ്ങാതെ ബുധനാഴ്‌ച ഗ്രാമീണ ഹർത്താലാചരിക്കും.

രാജ്യത്തെ 175 കർഷക, കർഷകത്തൊഴിലാളി യൂണിയനുകൾ പണിമുടക്കിലുണ്ട്‌. 60 ഓളം വിദ്യാർഥി സംഘടനകളും വിവിധ സർവകലാശാലകളിലെ യൂണിയൻ ഭാരവാഹികളും പണിമുടക്കിനെ പിന്തുണയ്ക്കുന്നു. സംസ്ഥാനത്ത്‌ ഗതാഗതം പൂർണമായും സ്‌തംഭിക്കും.

കെഎസ്‌ആർടിസി ജീവനക്കാരും പണിമുടക്കിലാണ്‌. പണിമുടക്കിന്‌ മുന്നോടിയായി നഗര–-ഗ്രാമ കേന്ദ്രങ്ങളിൽ ചൊവ്വാഴ്‌ച രാത്രി തൊഴിലാളികൾ പന്തം കൊളുത്തി പ്രകടനം നടത്തി.

തൊഴിലാളികളുടെ മിനിമം വേതനം പ്രതിമാസം 21,000 രൂപയായി നശ്‌ചയിക്കുക, പൊതുമേഖലാ സ്വകാര്യവൽക്കരണം ഉപേക്ഷിക്കുക, തൊഴിൽ നിയമം മുതലാളികൾക്കനുകൂലമായി ഭേദഗതി ചെയ്യരുത്‌, വിലക്കയറ്റം തടയുക, പൊതുവിതരണം ശക്തിപ്പെടുത്തുക, കർഷകരുടെ ഉൽപ്പന്നങ്ങൾക്ക്‌ ന്യായവില ഉറപ്പുവരുത്തുക, കർഷക കടങ്ങൾ എഴുതിതള്ളുക, തൊഴിലില്ലായ്‌മ പരിഹരിക്കുക, വർഗീയത തടയുക, പൗരത്വ ഭേദഗതി നിയമം റദ്ദാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ്‌ പണിമുടക്ക്‌.

അവശ്യ സർവീസുകളായ പാൽ, ആശുപത്രി, പത്രം എന്നിവയെയും ശബരിമല തീർഥാടക വാഹനങ്ങളെയും ടൂറിസം മേഖലയെയും ഒഴിവാക്കിയിട്ടുണ്ട്‌.

പണിമുടക്കിയ തൊഴിലാളികൾ ബുധനാഴ്‌ച രാവിലെ തൊഴിൽ കേന്ദ്രങ്ങളിൽ പ്രകടനം നടത്തും. തുടർന്ന്‌ 10 മുതൽ വൈകിട്ട്‌ ആറുവരെ ജില്ലാ, നിയോജകമണ്ഡല കേന്ദ്രങ്ങളിൽ സത്യഗ്രഹമിരിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News