ശത്രുതയുടെ ഏഴുപതിറ്റാണ്ട്; ഇറാനും യുഎസും തമ്മിലുള്ള പ്രശ്‌നമെന്ത്‌ ?

ഖാസിം സൊലൈമാനിയുടെ കൊലപാതകത്തെ തുടര്‍ന്ന് ലോക രാഷ്ട്രീയം വീണ്ടും യുദ്ധഭീതിയിലേക്ക് നീങ്ങുകയാണ്. ബാഗ്ദാദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നടത്തിയ വ്യോമാക്രമണത്തിലൂടെയാണ് അമേരിക്ക ഖാസിം സൊലൈമാനിയെ കൊലപ്പെടുത്തിയത്.

പശ്ചിമേഷ്യയിലെ ഏറ്റവും ശക്തനായ പട്ടാളമേധാവിയാണ് കൊല്ലപ്പെട്ട ഖാസിം സൊലൈമാനി. ഇറാനിലെ ഏറ്റവും കരുത്തനായ രണ്ടാമത്തെ നേതാവുമായിരുന്നു സൊലൈമാനി.

അതേസമയം, മേഖലയിലെ സമാധാനത്തിന് ഭീഷണിയായ ഭീകരനായിട്ടാണ് അമേരിക്കയും സഖ്യകക്ഷികളും ഖാസിം സൊലൈമാനിയെ കണക്കാക്കുന്നത്.

എന്നാല്‍ ഇറാനും യുഎസും തമ്മിലുള്ള വൈരാഗ്യത്തിന് ഏ‍ഴുപതിറ്റാണ്ടിന്‍റെ ചരിത്രമുണ്ട്.

തുടക്കം 1953 അട്ടിമറിയിൽ

1953 ൽ ജനാധിപത്യമാർഗത്തിൽ തിരഞ്ഞെടുക്കപ്പെട്ട ഇറാൻ പ്രധാനമന്ത്രി മുഹമ്മദ് മുസാദിഖിനെ യുഎസ്, ബ്രിട്ടിഷ് ചാരസംഘടനകൾ ചേർന്ന് അട്ടിമറിച്ചു.

സോവിയറ്റ് യൂണിയനുമായുള്ള (റഷ്യ) സൗഹൃദമായിരുന്നു ഒരു കാരണം. പിന്നാലെ മുഹമ്മദ് റസ പഹ്‌ലവിയുടെ നേതൃത്വത്തിൽ അധികാരമേറ്റ ഷാ ഭരണകൂടത്തിന് യുഎസ് പിന്തുണയുണ്ടായിരുന്നു. തുടർന്നുള്ള വർഷങ്ങൾ ഇറാൻ– യുഎസ് സൗഹൃദത്തിന്റേത്.

1979 ഇസ്‌ലാമിക വിപ്ലവം

1970 കളിൽ ഷാ ഭരണകൂടത്തിനെതിരെ ഇറാനിലെങ്ങും അതൃപ്തി പടർന്നു. 1979 ൽ മാസങ്ങൾ നീണ്ട ജനകീയ പ്രക്ഷോഭങ്ങൾക്കൊടുവിൽ ഷായ്ക്കു രാജ്യം വിട്ടുപോകേണ്ടി വന്നു.

ആയത്തുല്ല ഖുമൈനിയുടെ നേതൃത്വത്തിൽ 1979 ഏപ്രിൽ ഒന്നിനു ഇസ്‌ലാമിക് റിപ്പബ്ലിക് ഓഫ് ഇറാൻ നിലവിൽ വന്നു. യുഎസ് ശത്രുപക്ഷത്തേക്ക്. ഇറാനെതിരെ ആദ്യ യുഎസ് ഉപരോധം.

1979 നവംബറിൽ ടെഹ്റാനിലെ യുഎസ് എംബസി ഉപരോധിച്ച പ്രക്ഷോഭകർ, യുഎസ് നയതന്ത്ര ഉദ്യോഗസ്ഥരെ ബന്ദികളാക്കി.

444 ദിവസത്തിനുശേഷം 1981 ജനുവരിയിൽ 52 യുഎസ് പൗരന്മാർ ഉൾപ്പെടെ എല്ലാ ബന്ദികളെയും വിട്ടയച്ചു. ബന്ദികളുടെ മോചനത്തിനായി നേരത്തെ യുഎസ് നടത്തിയ സൈനിക നടപടി ദയനീയമായി പരാജയപ്പെട്ടു.

1988 ഇറാൻ വിമാനം യുഎസ് വീഴ്ത്തി

1988 ജൂലൈ മൂന്നിനു ഇറാൻ യാത്രാവിമാനം ഗൾഫ് മേഖലയിൽ യുഎസ് യുദ്ധക്കപ്പൽ വെടിവച്ചിട്ടു. വിമാനത്തിലെ 290 പേരും കൊല്ലപ്പെട്ടു.

എ300 എയർബസ്, എഫ്–14 പോർവിമാനമാണെന്നു തെറ്റിദ്ധരിച്ചാണു വീഴ്ത്തിയതെന്ന് യുഎസ് വാദം. മക്കയിലേക്കുള്ള തീർഥാടകരായിരുന്നു യാത്രക്കാരിലേറെയും

2002 ‘തിന്മയുടെ അച്ചുതണ്ട്’

യുഎസ് പ്രസിഡന്റ് ജോർജ് ഡബ്ള്യു. ബുഷ് കോൺഗ്രസിൽ നടത്തിയ പ്രസംഗത്തിൽ ഇറാഖ്, ഉത്തര കൊറിയ എന്നീ രാജ്യങ്ങൾക്കൊപ്പം ഇറാനെ തിന്മയുടെ അച്ചുതണ്ട് എന്നു വിശേഷിപ്പിച്ചു. ഇറാനിലെങ്ങും കടുത്ത രോഷമുയർന്നു.

2002 ൽ മഹ്മൂദ് അഹ്മദിനിജാദിന്റെ ഭരണകാലത്ത് ഇറാന്റെ ആണവ പദ്ധതി സംബന്ധിച്ച വിവാദമുയർന്നു. ആണവായുധങ്ങൾ ഉണ്ടാക്കുന്നുവെന്ന ആരോപണം ഇറാൻ നിഷേധിച്ചു.

ഐക്യരാഷ്ട്ര സംഘടന ഇടപെട്ടു. യുഎൻ, യുഎസ്, യൂറോപ്യൻ യൂണിയൻ എന്നിവ ഇറാനെതിരെ 2006 ൽ ഉപരോധങ്ങൾ ഏർപ്പെടുത്തി. ഇറാന്റെ കറൻസിയുടെ മൂല്യം കുത്തനെ ഇടിഞ്ഞു.

2015 വൻശക്തികളുമായി ആണവക്കരാർ

2013 സെപ്റ്റംബറിൽ ഇറാൻ പ്രസിഡന്റ് ഹസൻ റൂഹാനിയും യുഎസ് പ്രസിഡന്റ് ബറാക് ഒബാമയും ഫോണിൽ സംസാരിച്ചു. 30 വർഷത്തിനു ശേഷം ആദ്യമായായിരുന്നു ഇത്തരമൊരു സംഭാഷണം.

ഉഭയകക്ഷി ബന്ധത്തിൽ സൗഹൃദരേഖകൾ തെളിഞ്ഞു. 2015 ൽ ആണവനിയന്ത്രണത്തിന് ഇറാൻ വഴങ്ങി. യുഎസ് അടക്കം വൻശക്തികളുമായി ആണവക്കരാർ നിലവിൽ വന്നു.

2018 ആണവക്കരാറിൽ നിന്ന് യുഎസ് പിന്മാറി

യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അധികാരമേറ്റതിനു പിന്നാലെ ഇറാനുമായുള്ള ആണവക്കരാറിൽ നിന്ന് ഏകപക്ഷീയമായി പിൻമാറി. ഉപരോധങ്ങൾ വീണ്ടും ചുമത്തി.

ഇറാന്റെ എണ്ണകയറ്റുമതിക്ക് ഉപരോധമേർപ്പെടുത്തിയതോടെ 2019 മേയിൽ ബന്ധം വീണ്ടും വഷളായി. ഒമാൻ ഉൾക്കടലിൽ 2019 മേയ്– ജൂൺ മാസങ്ങളിൽ 6 എണ്ണക്കപ്പലുകളിൽ സ്ഫോടനമുണ്ടായി. പിന്നിൽ ഇറാനാണെന്നു യുഎസ് ആരോപിച്ചു.

2019 യുഎസ് ഡ്രോൺ ഇറാൻ വീഴ്ത്തി

2019 ജൂൺ 20നു ഇറാൻ വ്യോമസേന, ഹോർമുസ് കടലിടുക്കിനു മുകളിലൂടെ പറന്ന യുഎസ് ഡ്രോൺ വെടിവച്ചിട്ടു. വ്യോമാതിർത്തി ലംഘിച്ചുവെന്നാരോപിച്ചായിരുന്നു ഇത്. ആണവപദ്ധതികളിലെ നിയന്ത്രണവും ഇറാൻ ഉപേക്ഷിച്ചു. ഇതോടെ ബന്ധം പൂർണമായി തകർന്നു.

2020 സുലൈമാനിയെ യുഎസ് വധിച്ചു

2020 ജനുവരി മൂന്നിനു ഇറാന്റെ ഉന്നത സൈനിക കമാൻഡർ ജനറൽ ഖാസിം സുലൈമാനി ബഗ്ദാദിൽ യുഎസ് ഡ്രോണാക്രമണത്തിൽ കൊല്ലപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News