‘അസെന്‍ഡ് കേരള 2020’ ആഗോള നിക്ഷേപ സംഗമത്തിന് നാളെ തുടക്കം

സംസ്ഥാനത്ത്‌ കൂടുതൽ വ്യവസായനിക്ഷേപം ആകർഷിക്കാനായി സർക്കാർ സംഘടിപ്പിക്കുന്ന ആ​ഗോള നിക്ഷേപസം​ഗമം ‘അസെന്‍ഡ് കേരള 2020’ല്‍ അവതരിപ്പിക്കാൻ തയ്യാറായി 18 മെഗാ പദ്ധതികൾ.

9, 10 തീയതികളിൽ ബോൾ​ഗാട്ടി ലുലു അന്താരാഷ്ട്ര കൺവൻഷൻ സെന്ററിലാണ് സം​ഗമം. ഒമ്പതിന് മുഖ്യമന്ത്രി പിണറായി വിജയന്‍ സം​ഗമം ഉ​ദ്ഘാടനം ചെയ്യും.

നൂറുകോടിയിലേറെ രൂപ മുതൽമുടക്കുള്ളതും 500 പേർക്കെങ്കിലും തൊഴിലവസരങ്ങൾ നൽകുന്നതുമാണ് പദ്ധതികൾ. കൊച്ചി–-പാലക്കാട് സംയോജിത ഉൽപ്പാദന ക്ലസ്റ്റർ, ആമ്പല്ലൂർ ഇലക്ട്രോണിക്സ്‌ ഹാർഡ്‌വെയർ പാർക്ക്, കൊച്ചി ബിപിസിഎൽ റിഫൈനറിക്കുസമീപം പ്രൊപ്പലിൻ ഓക്സൈഡ് പ്ലാന്റ്‌, പിവിസി ഉൽപ്പാദന പ്ലാന്റ്‌, 900 കോടിയുടെ സൂപ്പർ അബ്സോർബന്റ്‌ പോളിമർ പ്ലാന്റ്‌,

പെട്രോ കെമിക്കൽ പാർക്ക്, 400 കോടി രൂപ മുടക്കുള്ള ലോജിസ്റ്റിക്സ് ഹബ്, കൊച്ചി തുറമുഖത്ത് പുതുവൈപ്പ്‌ എൽഎൻജി ടെർമിനലിനുസമീപം 300 കോടി രൂപയുടെ ക്രയോജനിക് വെയർഹൗസ് തുടങ്ങിയവയാണ് മെ​ഗാ പദ്ധതികളിൽ ചിലത്.

നിക്ഷേപത്തിന്റെയും തൊഴിലവസരങ്ങളുടെയും അടിസ്ഥാനത്തിൽ 70 പദ്ധതികൾ അവതരിപ്പിക്കും. നിക്ഷേപകർക്ക് അനുമതികളും അം​ഗീകാരങ്ങളും സംബന്ധിച്ച വിവരങ്ങൾ ഉടനടി ലഭ്യമാക്കാനായി തുടങ്ങിയ ഇന്റർ ആക്ടീവ് പോർട്ടലായ ഇൻവെസ്റ്റ് കേരള ഏകജാലകസംവിധാനമാക്കി പുതുക്കി അവതരിപ്പിക്കുമെന്ന്‌ മന്ത്രി ഇ പി ജയരാജൻ പറഞ്ഞു.

പെട്രോ കെമിക്കൽ, ജൈവശാസ്ത്ര മേഖല, ഇലക്ട്രോണിക്സ്, ഭക്ഷ്യസംസ്കരണം, പ്രതിരോധം എന്നിവയാണ് കേരളത്തിന്റെ മുൻഗണനാ മേഖലകളെന്നും മന്ത്രി പറഞ്ഞു. അസെൻഡ് കേരള 2020ൽ അവതരിപ്പിക്കാനായി ഓൺലൈനിൽ രജിസ്റ്റർ ചെയ്തത് രണ്ടായിരത്തിലധികം സ്റ്റാർട്ടപ്പുകളാണ്‌.

1500 സ്റ്റാർട്ടപ്പുകളെയാണ് പ്രതീക്ഷിച്ചിരുന്നതെന്നും രജിസ്റ്റർ ചെയ്തവർക്കെല്ലാം നിക്ഷേപകർ, സർക്കാർ ഉദ്യോഗസ്ഥർ, എയ്ഞ്ചൽ നിക്ഷേപകർ എന്നിവർക്കുമുന്നിൽ തങ്ങളുടെ ഉൽപ്പന്നങ്ങൾ അവതരിപ്പിക്കാൻ അവസരമൊരുക്കുമെന്നും സംസ്ഥാന വ്യവസായവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. കെ ഇളങ്കോവൻ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News