ഇറാന്റെ താക്കീത്: ദുബായിയെയും ഇസ്രയേലിനെയും ആക്രമിക്കും; ആശങ്ക

ടെഹ്റാന്‍: ഇനി അമേരിക്ക ആക്രമണം നടത്തിയാല്‍ ദുബായിയെയും ഇസ്രയേലിനെയും ആക്രമിക്കുമെന്ന് ഇറാന്റെ മുന്നറിയിപ്പ്.

ഇറാന്‍ റവല്യൂഷണറി ഗാര്‍ഡ് ആണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഇറാന്റെ ഔദ്യോഗിക വാര്‍ത്ത ഏജന്‍സിയായ ഐആര്‍എന്‍എയാണ് ഇക്കാര്യം സംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്. ഔദ്യോഗിക ടിവി ചാനലിലൂടെ ഭീഷണി ആവര്‍ത്തിക്കുകയും ചെയ്തിട്ടുണ്ട്.

മുന്നറിയിപ്പില്‍ പറയുന്നത് ഇങ്ങനെ:

”അമേരിക്കയുടെ എല്ലാ സഖ്യരാജ്യങ്ങളെയും ഞങ്ങള്‍ താക്കീത് ചെയ്യുകയാണ്. തീവ്രവാദിക്കൂട്ടമായ അമേരിക്കന്‍ സൈന്യത്തിന് താവളമൊരുക്കാന്‍ തങ്ങളുടെ മണ്ണ് വിട്ടു കൊടുക്കുന്ന അമേരിക്കന്‍ സഖ്യരാജ്യങ്ങള്‍ സൂക്ഷിക്കുക. ഇറാനെതിരെ എന്തെങ്കിലും നീക്കം നിങ്ങളുടെ മണ്ണില്‍ നിന്നുമുണ്ടായാല്‍ അവിടം ഞങ്ങളുടെ ലക്ഷ്യമായിരിക്കും. ആവശ്യമെങ്കില്‍ യുഎഇയിലെ ദുബായിലും ഇസ്രയേലിലെ ഹൈഫയിലും ഞങ്ങള്‍ ബോംബിടും”.

അതേസമയം, ഇറാഖിലെ അമേരിക്കന്‍ സൈനിക കേന്ദ്രങ്ങള്‍ക്കുനേരെ ഇറാന്‍ ആക്രമണം നടത്തി. അല്‍അസദ്, ഇര്‍ബിന്‍ എന്നീ സൈനിക താവളങ്ങളിലാണ് ഇറാന്‍ റോക്കറ്റാക്രമണം നടത്തിയത്.

ബാലിസ്റ്റിക് മിസൈല്‍ ആക്രമണങ്ങളാണ് ഒരേ സമയം നടത്തിയത്. ഇന്ന് പുലര്‍ച്ചെയാണ് രണ്ട് സൈനിക താവളങ്ങള്‍ക്കുനേരെ ആക്രമണമുണ്ടായത്. പതിമൂന്നോളം ബാലിസ്റ്റിക് മിസൈലുകളാണ് പ്രയോഗിച്ചതെന്ന് ഇറാന്‍ ടെലിവിഷന്‍ പറയുന്നു. ആദ്യം അല്‍ അസദിലും പിന്നീട് ഇര്‍ബിനിലുമാണ് ആക്രമണമുണ്ടായത്.

അല്‍ അസദ് വ്യോമ താവളത്തിനു നേരെ നിരവധി മിസൈലുകളാണ് ഇറാന്‍ വര്‍ഷിച്ചതെന്നാണ് വിവരം. ആക്രമണം ഇറാന്‍ സേന സ്ഥിരീകരിച്ചു. അതേസമയം സ്ഥിതിഗതികള്‍ നിരീക്ഷിച്ചു വരികയാണെന്ന് പെന്റഗണ്‍ റിപ്പോര്‍ട്ട് ചെയ്തു.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് അമേരിക്കന്‍ മിസൈല്‍ ആക്രമണത്തില്‍ ഇറാക്കില്‍ വച്ച് കമാന്‍ഡര്‍ ഖാസിം സുലൈമാനിയും ഡെപ്യൂട്ടി കമാന്‍ഡര്‍ അബു മഹ്ദി അല്‍ മുഹന്ദിസും അടക്കം ഏഴുപേര്‍ കൊല്ലപ്പെട്ടത്. അതിനു പിന്നാലെ, അമേരിക്കയുടെ ആക്രമണത്തിന് ശക്തമായ തിരിച്ചടി ഉണ്ടാവുമെന്ന് ഇറാന്‍ വ്യക്തമാക്കിയിരുന്നു.

എല്ലാ അനന്തരഫലങ്ങളുടെയും ഉത്തരവാദിത്തം യുഎസിനായിരിക്കുമെന്നും ഇത് അന്താരാഷ്ട്ര ഭീകരവാദമാണെന്നും ഇറാന്‍ വിദേശകാര്യ മന്ത്രി ജവാദ് സരീഫ് പ്രതികരിച്ചിരുന്നു. തുടര്‍ന്നാണിപ്പോള്‍ അമേരിക്കന്‍ സൈനിക കേന്ദ്രങ്ങളില്‍ ഇറാന്‍ ആക്രമണം നടത്തിയിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News