ചെന്നൈയില്‍ 11 നില ഫ്ളാറ്റ് തകര്‍ത്തത് 3 സെക്കന്‍ഡില്‍; മരടിന് മുന്‍ഗാമിയായി മൗലിവാക്കം ഫ്‌ലാറ്റ്; വീഡിയോ കാണാം

മരടിലെ എച്ച് ടു ഒ, ഹോളിഫെയ്ത്ത്, ആല്‍ഫ സരിന്‍, ഗോള്‍ഡന്‍ കായലോരം ഫ്‌ളാറ്റുകള്‍ മണ്ണടിയാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിയിരിക്കെ ആശങ്കപ്പെടേണ്ട സാഹചര്യങ്ങളില്ലെന്ന് വ്യക്തമാക്കുന്ന അനുഭവുമായി ചെന്നൈ.

മൗലിവാക്കത്തെ 11 നില ഫ്‌ലാറ്റ് സമുച്ചയത്തിന് 10 മീറ്ററിനുള്ളില്‍ സ്‌കൂളും വീടുകളുമെല്ലാം ഉണ്ടായിരുന്നെങ്കിലും ഒരിടത്തും കാര്യമായ കേടുപാടുകളുണ്ടായില്ല.

റിമോട്ട് കണ്‍ട്രോള്‍ ഉപയോഗിച്ച് രാജ്യത്തെ ആദ്യ നിയന്ത്രിത സ്‌ഫോടനത്തിലൂടെ ബഹുനിലക്കെട്ടിടം ചെന്നൈയില്‍ തകര്‍ത്തത് മൂന്ന് സെക്കന്റുകള്‍ കൊണ്ട്.

സുപ്രീം കോടതി ഉത്തരവ് അനുസരിച്ച് 2016 നവംബര്‍ രണ്ടിന് വൈകീട്ട് 6.55-നാണ് മൗലിവാക്കത്തെ ഫ്‌ളാറ്റ് സമുച്ചയം തകര്‍ത്തത്. ഫ്‌ലാറ്റ് സ്‌ഫോടനത്തിലൂടെ തകര്‍ത്തപ്പോള്‍ പ്രദേശത്ത് പൊടിപടലം മൂടിയതും ചെറിയ കുലുക്കവുമുണ്ടായതൊഴിച്ചാല്‍ മറ്റ് അപായങ്ങള്‍ ഒന്നുമുണ്ടായില്ല.

ഫ്‌ലാറ്റിന് പത്തുമീറ്ററപ്പുറത്ത് നൂറുകണ്ക്കിന് കുട്ടികള്‍ പഠിക്കുന്ന സ്‌കൂള്‍. ചുറ്റിലും കെട്ടിടങ്ങള്‍, വീടുകള്‍, ഒന്നിനും തകരാറുണ്ടായില്ല. ചെന്നൈ മെട്രൊപൊളിറ്റന്‍ ഡവലപ്‌മെന്റ് അതോറിറ്റി (സി.എം.ഡി.എ)യും കാഞ്ചീപുരം ജില്ലാ ഭരണകൂടവും ചേര്‍ന്ന് വിപുലമായ മുന്നൊരുക്കള്‍ ഏര്‍പ്പെടുത്തിയ ശേഷമാണ് ഫ്‌ളാറ്റ് പൊളിച്ചത്.

100 മീറ്റര്‍ ചുറ്റളവിലുള്ളവരെ മുഴുവനായും മാറ്റിപ്പാര്‍പ്പിച്ചു. അടിയന്തരഘട്ടം തരണംചെയ്യാന്‍ അഗ്‌നിശമനസേനാവിഭാഗങ്ങളും ആംബുലന്‍സുമൊക്കെ സജ്ജമായിരുന്നു. സമീപപ്രദേശത്തെ വിദ്യാലയങ്ങള്‍ക്ക് രണ്ടുദിവസം അവധി നല്‍കി. ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയതിനൊപ്പം വൈദ്യുതിബന്ധവും വിച്ഛേദിച്ചു.

മധുരയിലെ സൃഷ്ടി ഹൗസിങ് കമ്പനി നിര്‍മിച്ച ട്രസ്റ്റ്, ബിലീഫ് എന്നീ പേരുകളിലുള്ള ഫ്‌ളാറ്റില്‍ ഒന്ന് 2014 ജൂണില്‍ തകര്‍ന്നു വീണ് മലയാളി എന്‍ജിനിയര്‍ അടക്കം 61 പേര്‍ മരിച്ചതിനെ തുടര്‍ന്നാണ് രണ്ടാമത്തെ ഫ്‌ളാറ്റും പൊളിച്ചുകളയാന്‍ സുപ്രീം കോടതി ഉത്തരവിട്ടത്. ബലക്ഷയമുണ്ടെന്ന് കണ്ടെത്തിയതോടെയാണ് സുപ്രീംകോടതി പൊളിക്കാന്‍ ഉത്തരവിട്ടത്.

ഉച്ചയ്ക്ക് രണ്ടിനും നാലിനും ഇടയില്‍ കെട്ടിടം തകര്‍ക്കാനായിരുന്നു തീരുമാനമെങ്കിലും സാങ്കേതിക തടസ്സം കാരണം വൈകീട്ടത്തേക്ക് നീണ്ടു. ഇംപ്‌ളോഷന്‍ സാങ്കേതികത വിദ്യയിലൂടെ തിരുപ്പൂരിലെ മാഗ്ലിങ് ഇന്‍ഫ്ര പ്രൊജക്ട് എന്ന കമ്പനിയാണ് ഫ്‌ലാറ്റ് പൊളിച്ചത്.

ഫ്‌ളാറ്റുകള്‍ പൊളിച്ചതിന് ശേഷമുള്ള ദൃശ്യങ്ങള്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News