വിദ്വേഷ പ്രചാരണവും കുത്തിതിരിപ്പും; ഒടുവില്‍ വിജയപ്രഖ്യാപനം നടത്തി ഫിയല്‍ റാവന്‍; പട്ടികയില്‍ ആദ്യമായി ഇന്ത്യന്‍ പെണ്‍കുട്ടി, അതും മലയാളി

തിരുവനന്തപുരം: വിദ്വേഷ പ്രചാരണങ്ങളെത്തുടര്‍ന്ന്, നീട്ടി വച്ച പോളാര്‍ എക്സ്പെഡിഷനിലേക്കുള്ള വിജയികളെ പ്രഖ്യാപിച്ച് ഫിയല്‍ റാവന്‍.

ഫിയല്‍ റാവന്‍ ആര്‍ട്ടിക് പോളാര്‍ എക്സ്പെഡിഷന്‍ വേള്‍ഡ് കാറ്റഗറിയിലേക്ക് ആലുവ സ്വദേശിയായ ഗീതു മോഹന്‍ ദാസിനെ തെരഞ്ഞെടുത്തു. ആദ്യമായാണ് ഒരു ഇന്ത്യന്‍ പെണ്‍കുട്ടി ഫിയല്‍ റാവന്‍ പോളാറിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്.

വിദ്വേഷ പ്രചാരണങ്ങള്‍ക്കെതിരെ രൂക്ഷമായി പ്രതികരിച്ചുകൊണ്ടാണ് ഫിയല്‍ റാവന്‍ വിജയികളെ പ്രഖ്യാപിച്ചത്.

കമ്പനിയുടെ നിയമാവലിയില്‍ നിന്ന് വ്യതിചലിച്ച് തെറ്റായ രീതിയില്‍ വന്‍ രീതിയില്‍ പ്രചാരണം നടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഈ യാത്രയുടെ മൂല്യങ്ങളെ ബഹുമാനിക്കാതെയുള്ള ഇത്തരം പ്രചാരണങ്ങളെപ്പറ്റി നിരവധിപ്പേരാണ് പരാതിപ്പെട്ടതെന്ന് ഫിയല്‍ റാവന്‍ വ്യക്തമാക്കി. ആര്‍ട്ടിക് പോളാര്‍ എക്സ്പെഡിഷന്‍ എന്നത് സാഹോദര്യം, പരസ്പര ബഹുമാനം എന്നിവയെ അടിസ്ഥാനമാക്കിയുള്ള മത്സരമാണെന്ന് ഫിയല്‍ റാവന്‍ വിശദമാക്കി.

സ്വീഡന്‍, ഫിന്‍ലന്‍ഡ് എന്നീ രാജ്യങ്ങളിലൂടെ കടന്നുപോവുന്ന 300 കിലോമീറ്ററാണ് അഞ്ചുദിവസത്തെ പോളാര്‍ യാത്ര. ലോകത്തെ ഏറ്റവും സാഹസികമായ യാത്രകളിലൊന്നാണ് ആര്‍ട്ടിക് പോളാര്‍ എക്സ്പെഡിഷന്‍.

ഡിസംബര്‍ 13 ന് വിജയികളെ പ്രഖ്യാപിക്കുമെന്നായിരുന്നു നേരത്തെയുള്ള പ്രഖ്യാപനം. എന്നാല്‍ മത്സരാര്‍ത്ഥികള്‍ തമ്മില്‍ വലിയ രീതിയില്‍ വിദ്വേഷ പ്രചാരണം നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് പ്രഖ്യാപനം നീട്ടിയത്. വിദ്വേഷം പടര്‍ത്തുന്ന രീതിയിലുള്ള പ്രചാരണങ്ങളെ പ്രോത്സാഹിപ്പിക്കാനാകില്ലെന്നും അത്തരം സംഭവം ശ്രദ്ധയില്‍പ്പെട്ടാല്‍ മത്സരാര്‍ത്ഥികളെ അയോഗ്യരാക്കുമെന്നും ഫിയല്‍ റാവന്‍ വിശദമാക്കിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here