കേരളാ പൊലീസ് തയ്യാറാക്കിയ പ്രോട്ടോക്കോള്‍ ഇന്ത്യന്‍ പൊലീസ് ജേര്‍ണലില്‍ സ്ഥാനം പിടിച്ചു

ഡിജിറ്റല്‍ തെളിവ് സംബന്ധിച്ച് കേരളാ പോലീസ് തയ്യാറാക്കിയ പ്രോട്ടോക്കോള്‍ ഇന്ത്യന്‍ പോലീസ് ജേര്‍ണലില്‍ സ്ഥാനം പിടിച്ചു. കോടതികളില്‍ ഇലക്ട്രോണിക് തെളിവുകള്‍ ഹാജരാക്കുമ്പോള്‍ പിന്‍തുടരേണ്ട നിബന്ധനകള്‍ ഉള്‍പ്പെടുത്തി തയ്യാറാക്കിയതാണ് പ്രോട്ടോക്കോള്‍. ഇത് ആദ്യമായാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ഉപകാരപ്രദമായ രീതിയില്‍ വിശദവും ശാസ്ത്രീയവുമായ ഫോറന്‍സിക് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ രൂപീകരിക്കപ്പെടുന്നത്.

ഇന്ത്യന്‍ കോടതികളിലെ ഇലക്ട്രോണിക് തെളിവുകള്‍ – ഇന്ത്യയിലെ പോലീസ് ഉദ്യോഗസ്ഥര്‍ക്കുള്ള ഫോറന്‍സിക് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ എന്ന തലക്കെട്ടില്‍ കേരള പൊലീസ് തയ്യാറാക്കിയ പ്രോട്ടോക്കോള്‍ ഇന്ത്യന്‍ പോലീസ് ജേര്‍ണലിന്റെ കഴിഞ്ഞ ലക്കത്തിലാണ് പ്രസിദ്ധപ്പെടുത്തിയത്. കോടതികളില്‍ ഇലക്ട്രോണിക് തെളിവുകള്‍ ഹാജരാക്കുമ്പോള്‍ പിന്‍തുടരേണ്ട നിബന്ധനകള്‍ ഉള്‍പ്പെടുത്തി, സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയും പോലീസിന്റെ ഓണററി സൈബര്‍ കണ്‍സള്‍ട്ടന്റ് ഡോ.പി വിനോദ് ഭട്ടതിരിപ്പാടും ചേര്‍ന്നാണ് പ്രോട്ടോക്കോള്‍ തയ്യാറാക്കിയത്.

സൈബര്‍ സംബന്ധമായി ലഭ്യമാക്കുന്ന തെളിവുകളായ ഐ.പി അഡ്രസ്, സ്‌ക്രീന്‍ ഷോട്ട്, ഈ-മെയില്‍, ഓഡിയോ-വീഡിയോ ക്ലിപ്പിംഗ്, ഡേറ്റാ ബെയ്‌സ് തുടങ്ങിയവ ഇന്ത്യന്‍ തെളിവ് നിയമത്തിലെ സെക്ഷന്‍ 65 ബി പ്രകാരം നിയമാനുസൃതവും ആധികാരികവുമായി അവതരിപ്പിക്കാന്‍ എല്ലാ പോലീസ് ഉദ്യോഗസ്ഥരേയും പ്രാപ്തരാക്കുന്ന തരത്തിലാണ് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍. ഇന്ത്യന്‍ തെളിവ് നിയമത്തില്‍ സൈബര്‍ സംബന്ധമായി ലഭിക്കുന്ന തെളിവുകള്‍ ഉള്‍പ്പെടുത്തിയിട്ട് 20 വര്‍ഷമായെങ്കിലും ഇത് ആദ്യമായാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ഉപകാരപ്രദമായ രീതിയില്‍ വിശദവും ശാസ്ത്രീയവുമായ ഫോറന്‍സിക് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ രൂപീകരിക്കപ്പെടുന്നത്.

അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മാത്രമല്ല സി.ബി.ഐ, റിസര്‍ച്ച് ആന്റ് അനാലിസിസ് വിങ്, കസ്റ്റംസ്, ഡി.ആര്‍.ഐ എന്നീ അന്വേഷണ ഏജന്‍സികള്‍ക്കും ഈ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ഏറെ പ്രയോജനപ്രദമാണ്. ഈ സംരംഭം വിജയകരമായി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞതില്‍ കേരളാ പോലീസിന് അഭിമാനമുണ്ടെന്നും ഇനിയും ഇത്തരം പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുമെന്നും സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News