ജെഎന്‍യു ആക്രമണം: പ്രതികളെ തിരിച്ചറിഞ്ഞിട്ടും അറസ്റ്റ് ചെയ്യാതെ പൊലീസ്

ദില്ലി: ജെഎന്‍യുവില്‍ കടന്നുകയറി വിദ്യാര്‍ഥികള്‍ക്കു നേരെ ആക്രമണം നടത്തിയ സംഭവത്തില്‍ മൂന്നു പേരെ തിരിച്ചറിഞ്ഞതായി ഡല്‍ഹി പൊലീസ്. എന്നാല്‍ പ്രതികളെ കസ്റ്റഡിയിലെടുക്കുകയോ അറസ്റ്റ് രേഖപ്പെടുത്തുകയോ ചെയ്തിട്ടില്ല.

കൃത്യമായ ആസൂത്രണത്തോടെയാണ് അക്രമികള്‍ എത്തിയതെന്നും കാമ്പസിനകത്തുനിന്ന് ഇവര്‍ക്ക് സഹായം ലഭിച്ചിരുന്നതായും പൊലീസ് പറയുന്നു. കാമ്പസിനുള്ളില്‍ അതിക്രമം കാട്ടിയവരുടെ ദൃശ്യങ്ങളിലുള്ള മുഖംമൂടി ധാരികളായ മൂന്നുപേരെക്കുറിച്ച് കൃത്യമായ വിവരം ലഭിച്ചതായാണ് പൊലീസ് അവകാശപ്പെടുന്നത്. വനിത ഉള്‍പ്പെടെയുള്ളവരെയാണ് തിരിച്ചറിഞ്ഞിട്ടുള്ളതെന്നാണ് പൊലീസ് പറയുന്നത്.

തനിക്കെതിരെ വധശ്രമമാണ് നടന്നതെന്ന് വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റ് ഐഷി ഘോഷ് കഴിഞ്ഞദിവസം പറഞ്ഞിരുന്നു. അക്രമികളില്‍ ഒരാള്‍ സ്‌കൂള്‍ ഓഫ് ഇന്റര്‍നാഷണല്‍ സ്റ്റഡീസ് ഡീനാണെന്നും മറ്റുചിലര്‍ എബിവിപി പ്രവര്‍ത്തകരാണെന്നും വസന്ത്കുഞ്ച് നോര്‍ത്ത് പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ വ്യക്തമാക്കിയിരുന്നു.

മുപ്പതോളം പേരടങ്ങുന്ന അക്രമിസംഘമാണ് വളഞ്ഞിട്ട് മര്‍ദിച്ചതെന്നും ഇരുമ്പുദണ്ഡ് ഉപയോഗിച്ചായിരുന്നു ആക്രമണമെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ശരിയായ അന്വേഷണം നടക്കുന്നില്ലെന്നും അറസ്റ്റ് വൈകുന്നതായുമുള്ള വിമര്‍ശനം നിരവധി കോണുകളില്‍നിന്ന് ഉയരുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News