ദേശീയ ജലപാത ഈവര്‍ഷം പൂര്‍ത്തിയാക്കും; അടിസ്ഥാന സൗകര്യവികസന രംഗത്ത് കേരളത്തിന് വന്‍ പുരോഗതി: നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് മുഖ്യമന്ത്രി

തിരുവനന്തപുരം: അടിസ്ഥാന സൗകര്യവികസന രംഗത്ത് കേരളം വലിയ പുരോഗതി കൈവരിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ആഗോള നിക്ഷേപകസംഗമം ‘അസെന്‍ഡ് കേരള 2020’ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദേശീയ ജലപാത ഈവര്‍ഷം പൂര്‍ത്തിയാക്കും. നാല് മണിക്കൂര്‍ കൊണ്ട് കാസര്‍കോട് നിന്ന് തിരുവനന്തപുരത്ത് എത്താനാവുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

രാജ്യത്തെ വിവിധയിടങ്ങളില്‍ ഇന്റര്‍നെറ്റ് ബന്ധങ്ങള്‍ ദിവസങ്ങളോളം വിച്ഛേദിക്കപ്പെടുന്ന കാലത്ത് ഇന്റര്‍നെറ്റ് പൗരാവകാശമാക്കിയ സംസ്ഥാനമാണ് നമ്മുടേത്. അതിവേഗ ഇന്റര്‍നെറ്റ് ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. അതിന്റെ ഭാഗമായി ഓരോ വീടും ഓഫീസും ഒപ്റ്റിക്കല്‍ ഫൈബര്‍ ശൃംഖലയില്‍ ബന്ധിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരള സ്റ്റാര്‍ട്ട് അപ്പ് മിഷനിലൂടെ സ്റ്റാര്‍ട്ട് അപ്പ് ഇക്കോ സിസ്റ്റം വികസിപ്പിച്ചെടുക്കാനുള്ള നയം രൂപീകരിച്ചു. തൊഴില്‍ ശേഷിയുടെ ഗുണനിലവാരം വര്‍ധിപ്പിക്കാന്‍ നടപടികള്‍ സ്വീകരിച്ചുവരുന്നു. 2018ലെ ഇന്ത്യ സ്‌കില്‍സ് റിപ്പോര്‍ട്ടില്‍ രാജ്യത്തെ അഞ്ച് സംസ്ഥാനങ്ങളിലൊന്നായി കേരളം ഇടംനേടിയത് നൈപുണ്യ വികസന നടപടികളിലൂടെയാണ്.

വ്യവസായങ്ങള്‍ക്ക് അനുമതിനല്‍കുന്ന നടപടികള്‍ സുഗമവും സുതാര്യവും വേഗത്തിലുള്ളവയുമാകണം എന്ന ഉദ്ദേശ്യത്തോടെയാണ് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ഉന്നതാധികാര സമിതിയെ നിയോഗിച്ചത്. ഈസ് ഓഫ് ഡൂയിങ് ബിസിനസിന്റെ ഭാഗമായി ഏഴ് നിയമങ്ങളും 10 റൂളുകളും ഭേദഗതി ചെയ്തു. ഇത് സ്ഥിതിഗതികളില്‍ മാറ്റമുണ്ടാക്കി.

കേരള ഇന്‍വസ്റ്റ്മെന്റ് പ്രൊമോഷന്‍ ഫെസിലിറ്റേഷന്‍ ആക്ടിലൂടെ സാധാരണ നിലയിലുള്ള സങ്കീര്‍ണതകളൊക്കെ കുറഞ്ഞുവരികയാണ്. അനുമതിക്കായുള്ള അപേക്ഷയുടെ സമയപരിധി കഴിഞ്ഞാല്‍ അംഗീകാരം ലഭിച്ചതായി കണക്കാക്കുന്ന ഡീമ്ഡ് ലൈസന്‍സ് എന്ന സംവിധാനം നിലവില്‍വന്നു കഴിഞ്ഞുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News