കേന്ദ്രത്തിന്റെ പ്രഹസനം; ജെഎന്‍യു സംഘപരിവാര്‍ ആക്രമണം അന്വേഷിക്കുന്നത് പ്രമാദമായ കേസുകള്‍ ഇതുവരെ തെളിയിക്കാത്ത അന്വേഷണ സംഘം; എല്ലാ കേസുകളിലും പ്രതിസ്ഥാനത്ത് എബിവിപി

ദില്ലി: ജെഎന്‍യു ക്യാമ്പസിലെ സംഘപരിവാര്‍ ആക്രമണം അന്വേഷിക്കാന്‍ ക്രൈംബ്രാഞ്ച് സംഘത്തെ നിയോഗിച്ച ആഭ്യന്തര മന്ത്രാലയത്തിന്റെ നടപടി പ്രഹസനം.

രണ്ടു പ്രമാദമായ കേസുകള്‍ ഇതുവരെ തെളിയിക്കാന്‍ സാധിക്കാത്ത സംഘത്തെയാണ് ജെഎന്‍യു ആക്രമണങ്ങള്‍ അന്വേഷിക്കാനും കേന്ദ്രം നിയോഗിച്ചിരിക്കുന്നത്.

2016ല്‍ നജീബ് അഹമ്മദ് എന്ന വിദ്യാര്‍ഥിയെ കാണാതായ സംഭവം, 2017ല്‍ രാംജാസ് കോളേജിന് പുറത്തുണ്ടായ അക്രമം എന്നിവയാണ് ഇതേ ക്രൈംബ്രാഞ്ച് സംഘം അന്വേഷിച്ചത്. എന്നാല്‍ രണ്ടു കേസുകളിലും കൃത്യമായ അന്വേഷണം നടത്താന്‍ ഇതുവരെ സംഘത്തിന് കഴിഞ്ഞിട്ടില്ല.

അന്വേഷണസംഘം പരാജയപ്പെട്ടതോടെ നജീബ് കേസിന്റെ അന്വേഷണം സിബിഐക്ക് കൈമാറിയിരുന്നു. രാംജാസ് കോളേജ് അക്രമം നടന്നു രണ്ടു വര്‍ഷം കഴിഞ്ഞെങ്കിലും, ഇതുവരെ ആരെയെങ്കിലും അറസ്റ്റ് ചെയ്യുകയോ കുറ്റപത്രം സമര്‍പ്പിക്കുകയോ ചെയ്തിട്ടില്ല. ജെഎന്‍യുവിലെ സംഘി ആക്രമണം കഴിഞ്ഞിട്ട് ദിവസങ്ങളായിട്ടും കുറ്റക്കാരെ അറസ്റ്റ് ചെയ്യാനും കഴിഞ്ഞിട്ടില്ല.

ഈ മൂന്നു കേസുകളിലും എബിവിപിയാണ് പ്രതിസ്ഥാനത്ത് നില്‍ക്കുന്നതെന്നതാണ് ശ്രദ്ധേയമായ കാര്യമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നു

കാവി പൊലീസ്, സംഘികളെ തിരിച്ചറിഞ്ഞിട്ടും അറസ്റ്റില്ല

ജെഎന്‍യുവില്‍ വിദ്യാര്‍ഥികള്‍ക്കു നേരെ ആക്രമണം നടത്തിയ സംഭവത്തില്‍ മൂന്നു സംഘികളെ തിരിച്ചറിഞ്ഞതായി ദില്ലി പൊലീസ് നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ പ്രതികളെ കസ്റ്റഡിയിലെടുക്കുകയോ അറസ്റ്റ് രേഖപ്പെടുത്തുകയോ ചെയ്തിട്ടില്ല.

കൃത്യമായ ആസൂത്രണത്തോടെയാണ് അക്രമികള്‍ എത്തിയതെന്നും ക്യാമ്പസിനകത്തുനിന്ന് ഇവര്‍ക്ക് സഹായം ലഭിച്ചിരുന്നതായും പൊലീസ് പറയുന്നു.

ക്യാമ്പസിനുള്ളില്‍ അതിക്രമം കാട്ടിയവരുടെ ദൃശ്യങ്ങളിലുള്ള മുഖംമൂടി ധാരികളായ എബിവിപിക്കാരെക്കുറിച്ച് കൃത്യമായ വിവരം ലഭിച്ചതായാണ് പൊലീസ് അവകാശപ്പെടുന്നത്. വനിത ഉള്‍പ്പെടെയുള്ളവരെയാണ് തിരിച്ചറിഞ്ഞിട്ടുള്ളതെന്നാണ് പൊലീസ് പറയുന്നത്.

തനിക്കെതിരെ വധശ്രമമാണ് നടന്നതെന്ന് വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റ് ഐഷി ഘോഷ് കഴിഞ്ഞദിവസം പറഞ്ഞിരുന്നു.

അക്രമികളില്‍ ഒരാള്‍ സ്‌കൂള്‍ ഓഫ് ഇന്റര്‍നാഷണല്‍ സ്റ്റഡീസ് ഡീനാണെന്നും മറ്റുചിലര്‍ എബിവിപി പ്രവര്‍ത്തകരാണെന്നും വസന്ത്കുഞ്ച് നോര്‍ത്ത് പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ ഐഷി വ്യക്തമാക്കിയിരുന്നു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here