മഹാരാഷ്ട്ര തദ്ദേശ തെരഞ്ഞെടുപ്പില്‍ സിപിഐഎമ്മിന് നേട്ടം; ശക്തികേന്ദ്രങ്ങളില്‍ തകര്‍ന്നടിഞ്ഞ് ബിജെപി

മുംബൈ: മഹാരാഷ്ട്രയിലെ ജില്ലാ കൗണ്‍സില്‍, ബ്ലോക്ക് പഞ്ചായത്ത്, പഞ്ചായത്ത് സമിതി തെരഞ്ഞെടുപ്പുകളില്‍ സിപിഐ എമ്മിന് വിജയം. തലസറി ബ്ലോക്ക് പഞ്ചായത്തിലെ 10ല്‍ എട്ട് സീറ്റുകളിലും സിപിഐ എം സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചു. പാല്‍ഘര്‍ ജില്ലാ കൗണ്‍സിലിലേക്കുള്ള ആറ് സീറ്റുകളിലും സിപിഐഎം വിജയിച്ചു. പഞ്ചായത്ത് സമിതിയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 12 സീറ്റുകളില്‍ സിപിഐഎമ്മും ഒരു സീറ്റില്‍ സിപിഐയും വിജയിച്ചു.

പാല്‍ഘറില്‍ ആകെയുള്ള 57 സീറ്റില്‍ ശിവസേന 18, എന്‍സിപി 14, ബിജെപി 12, സിപിഐ എം 6 എന്നിങ്ങനെയാണ് കക്ഷിനില. കഴിഞ്ഞ തവണ അഞ്ച് സീറ്റുകളാണ് പാല്‍ഘറില്‍ സിപിഐ എമ്മിന് നേടാനായത്.

പാല്‍ഘര്‍ കൂടാതെ നാഗ്പൂര്‍, ധൂലെ, നന്ദുര്‍ബാര്‍, അകോല, വാഷിം ജില്ലാ കൗണ്‍സിലിലുകളിലും തെരഞ്ഞെടപ്പ് നടന്നു. ആര്‍എസ്എസ് ആസ്ഥാനം സ്ഥിതി ചെയ്യുന്ന നാഗ്പൂരില്‍ ബിജെപി ദയനീയ പരാജയം ഏറ്റുവാങ്ങി. ആകെയുള്ള 58 സീറ്റുകളില്‍ കോണ്‍ഗ്രസ് 30 സീറ്റുകളിലും എന്‍സിപി 10 സീറ്റുകളിലും വിജയിച്ചു. ബിജെപിക്ക് 15 സീറ്റുകളേ നേടാനായുള്ളൂ.

ആറ് ജില്ലാ കൗണ്‍സിലുകളിലും ആകെ 332 സീറ്റുകളാണുള്ളത്. പുറത്തുവന്ന ഫലം പ്രകാരം ബിജെപി 103, കോണ്‍ഗ്രസ് 73, എന്‍സിപി 46, ശിവസേന 49, വിബിഎ 42, മറ്റുള്ളവര്‍ 14 എന്നിങ്ങനെയാണ് കക്ഷിനില.

പഞ്ചായത്ത് സമിതിയില്‍ 664 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. ബിജെപിക്ക് 194 സീറ്റുകള്‍ ലഭിച്ചപ്പോള്‍ കോണ്‍ഗ്രസ് 145ും ശിവസേന 117ഉം സീറ്റുകള്‍ നേടി. എന്‍സിപി 80, വിബിഎ 75, സിപിഐ എം 12, മഹാരാഷ്ട്ര നവനിര്‍മാണ സേന 2, സിപിഐ 1 -എന്നിങ്ങനെയാണ് കക്ഷിനില.

കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുടെ ജന്മനാടായ ധപേവാഡയില്‍ ബിജെപി സ്ഥാനാര്‍ത്ഥി പരാജയപ്പെട്ടു. മഹാരാഷ്ട്രയില്‍ നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ തോല്‍വിക്ക് പിന്നാലെയാണ് തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിലും ബിജെപിക്ക് അടിപതറിയിരിക്കുന്നത്. നാഗ്പൂരിലടക്കം ബിജെപി-ശിവസേന സഖ്യമാണ് നേരത്തെ ഭരിച്ചുകൊണ്ടിരുന്നത്. മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തോടെ ബിജെപി ബന്ധം വിച്ഛേദിച്ച ശിവസേന എന്‍സിപി-കോണ്‍ഗ്രസ് സഖ്യത്തിനൊപ്പം ചേരുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News