എആർ മുരുഗദോസിന്‍റെ രജനീകാന്ത് ചിത്രം “ദർബാറി”ലെ നായകൻ കഥയിലും തിരക്കഥയിലും ഒരു റിട്ടയേർഡ് പൊലീസ് ഓഫീസറായിരുന്നു.എന്നാൽ കബാലിയുടേയും കാലായുടേയും വഴിക്ക് പോകാതെ മുരുഗദോസ് തെരഞ്ഞെടുത്തത് “പേട്ട” എന്ന ചിത്രത്തിന്‍റെ മാതൃകയാണ്.
അതായത് പ്രായം കൂടിയ രജനിയെ അല്ല പ്രേക്ഷകർക്ക് വേണ്ടതെന്നും പകരം സ്റ്റൈല്‍ മന്നനെ നാൽപ്പതിലെങ്കിലും നിലനിർത്തണമെന്നുമുളള ആരാധക പിടിവാശിയ്ക്ക് സംവിധായകൻ വഴങ്ങിയെന്നർത്ഥം. ദർബാർ എന്ന പുതിയ ചിത്രം “രജനീയസ”ത്തിന്‍റെ ആഘോഷമാണ്. നടത്തത്തിലും സ്റ്റൈലിലും സ്റ്റണ്ടിലും ഡാൻസിലും ദർബാറിൽ കാണുക 1992ലെ രജനീചിത്രം പാണ്ഡ്യനിലെ പൊലീസ് ഓഫീസറെയാണ്.
അദിത്യ അരുണാചലം(രജനീകാന്ത്) എന്ന പൊലീസ് ഓഫീസർ സ്വയം വിശേഷിപ്പിക്കുന്നത് ഒരു “Bad Cop” എന്നാണ്. ആദ്യ പകുതിയിലെ പ്രധാന ആകർഷണം രജനിയുടെ സ്റ്റൈലും പ്രകൃതവും മാത്രമാണ്. മുംബൈ നഗരത്തെ മയക്കുമരുന്നു മാഫിയയിൽ നിന്ന് രക്ഷിക്കാൻ നിയോഗിക്കപ്പെട്ട കമ്മീഷണർ വ്യാജവെടിവെപ്പുകൾ അന്വേഷിക്കാൻ വന്ന മനുഷ്യാവകാശ കമ്മീഷനെ വരെ ഭീഷണിപ്പെടുത്തുന്നതിന് പിന്നാലെയാണ് ഭ്രാന്തനായ പൊലീസ് ഓഫീസറുടെ ഭൂതകാലത്തേക്ക് ക്യാമറ ഒളി വീശുന്നത്.
മയക്കുമരുന്നു വേട്ടക്കിടെ ഒരു ബിസിനസ് രാജാവിന്‍റെ മകനായ അജയ് മൽഹോത്രയെ (പ്രതീക് ബബ്ബാർ) ആദിത്യ അരുണാചലം പിടികൂടുന്നതും പിന്നീട് ഉണ്ടായ സംഭവവാകാസങ്ങളിൽ അജയ് മൽഹോത്ര കൊല്ലപ്പെടുന്നതുമാണ് ചിത്രത്തെ മുന്നോട്ട് നയിക്കുന്ന കഥാതന്തു.
അജയ് ഇല്ലാതായതോടെ രാജ്യന്തര മയക്കുമരുന്നു മാഫിയയുടെ തലവൻ ഹരി ചോപ്ര(സുനിൽ ഷെട്ടി) പ്രതികാരത്തിന് ഇന്ത്യയിലേക്ക് കടക്കുന്നതോടെ ചിത്രം നായകനും വില്ലനും തമ്മിലുളള പോരാട്ടത്തിലേക്ക് വഴി മാറുന്നു.
അച്ഛനും മകളുമായുളള രജനീകാന്ത് – നിവേദ തോമസ് സീനുകൾ നന്നായി വർക്ക് ഔട്ട് ആവുന്നുണ്ട്.രജനീകാന്തും നയൻതാരയും തമ്മിലുളള ചില പ്രണയസീനുകളുമുണ്ട് ചിത്രത്തിൽ. അതിനെല്ലാം മുകളിലാണ് മുരുകദോസ് എന്ന രജനീ ഫാൻ ആദിത്യ അരുണാചലം എന്ന പൊലീസ് ഓഫീസറെ പ്രതിഷ്ഠിക്കാൻ ആഗ്രഹിക്കുന്നത്. തിയ്യേറ്ററിൽ കൈയ്യടിക്കായി ഡയലോഗുകളും വരുന്നുണ്ട് ഒന്നിന് പിന്നാലെ ഒന്നായി. “പ്രായം വെറും നമ്പർ മാത്രം, എനിക്ക് അസാധ്യമായി ഒന്നുമില്ല”എന്ന് രജനീകാന്ത് പറയുമ്പോൾ തിയ്യേറ്ററിൽ കൈയ്യടി സ്വാഭാവികം.
ചിത്രം രജനിയിൽ മാത്രം കേന്ദ്രീകരിച്ചപ്പോൾ കഥയ്ക്കും തിരക്കഥയ്ക്കുമുളള ചലനാത്മകത നഷ്ടമായെന്ന് മാത്രമല്ല പലയിടത്തും യുക്തിരാഹിത്യവും അനുഭവപ്പെട്ടു. രജനീകാന്ത് ചിത്രത്തിന്‍റെ പ്രധാനശക്തികളിലൊന്ന് നായകനോളം പോന്ന വില്ലനാണെങ്കിൽ ദർബാറിലെ വില്ലന് ആ മാറ്റില്ല. രജനീകാന്ത് ചിത്രങ്ങളിലെ സ്വാഭാവികമായുളള രാഷ്ട്രീയ സുചകങ്ങൾ ചെറിയ ചില പരിഹാസങ്ങളിൽ ഒതുങ്ങുന്നു.
എടുത്ത് പറയാവുന്ന ഒന്ന് സന്തോഷ് ശിവന്‍റെ ക്യാമറ തന്നെയാണ്.രജനിയെ ഇങ്ങനെ ഉന്മേഷവാനായി അടുത്തിടെ ഒരു ചിത്രത്തിലും കണ്ടിട്ടില്ല. അനിരുദ്ധിന്‍റെ സംഗീതം ശരാശരി. അനിരുദ്ധ്-എസ്പി കൂട്ടുകെട്ടിലെ “ചുമ്മാ കിഴി” ഗാനം കൊള്ളാം.
മൊത്തത്തിൽ, നിങ്ങൾ അടിമുടി രജനീ ഫാനാണെങ്കിൽ ദർബാർ കാണാം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here