ചര്‍ച്ച പരാജയം; വിസിയെ മാറ്റിയില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം തുടരും; വിദ്യാര്‍ഥികള്‍ കൊണാട്ട് പ്ലേസില്‍ സംഘടിച്ചു; പൊലീസ് അതിക്രമത്തില്‍ മലയാളികളടക്കം നിരവധി പേര്‍ക്ക് പരുക്ക്

ദില്ലി: ഹോസ്റ്റല്‍ ഫീസ് വര്‍ധന പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സമരം നടത്തുന്ന ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാല വിദ്യാര്‍ഥികള്‍ രാഷ്ട്രപതി ഭവനിലേക്ക് മാര്‍ച്ച് നടത്തി.

അതീവ സുരക്ഷാ മേഖലയിലേക്ക് നടത്തിയ മാര്‍ച്ച് പൊലീസ് തടഞ്ഞു. വിദ്യാര്‍ഥികള്‍ക്കുനേരെ പൊലീസ് ലാത്തിവീശി. ആക്രമണത്തില്‍ നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് പരുക്കേറ്റു. മലയാളികളടക്കമുള്ള 20ഓളം വിദ്യാര്‍ഥികളെ പൊലീസ് അറസ്റ്റുചെയ്ത് നീക്കി.

അറസ്റ്റ് ചെയ്ത വിദ്യാര്‍ഥികള്‍ പൊലീസ് വാഹനത്തില്‍നിന്ന് ഇറങ്ങി ഇപ്പോള്‍, കൊണാട്ട് പ്ലേസിലേക്ക് മാര്‍ച്ച് നടത്തുകയാണ്.

സമരം ചെയ്യുന്ന വിദ്യാര്‍ഥികളുമായി കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം സെക്രട്ടറി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിന് പിന്നാലെയാണ് വിദ്യാര്‍ഥികള്‍ രാഷ്ട്രപതി ഭവനിലേക്ക് മാര്‍ച്ച് നടത്തിയത്.

ജെഎന്‍യു വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റ് ഐഷി ഘോഷ് അടക്കമുള്ളവരുമായാണ് മാനവ വിഭവശേഷി മന്ത്രാലയ സെക്രട്ടറി ചര്‍ച്ച നടത്തിയത്.

ഫീസ് വര്‍ധന പിന്‍വലിക്കണം, വൈസ് ചാന്‍സ്ലര്‍ രാജിവെക്കണം എന്നീ ആവശ്യങ്ങളില്‍ വിദ്യാര്‍ഥികള്‍ ഉറച്ചുനിന്നു. എന്നാല്‍, ഇക്കാര്യങ്ങള്‍ അംഗീകരിക്കാന്‍ അധികൃതര്‍ തയ്യാറായില്ല. ഇതോടെ ചര്‍ച്ച പരാജയപ്പെട്ടുവെന്ന് ഐഷി ഘോഷ് വിദ്യാര്‍ഥികളെ അറിയിച്ചു.

സര്‍ക്കാരില്‍നിന്ന് നീതി ലഭിക്കുമെന്ന പ്രതീക്ഷ ഇല്ലാത്തതിനാല്‍ രാഷ്ട്രപതിയുടെ ഇടപെടല്‍ ആവശ്യപ്പെട്ടാണ് വിദ്യാര്‍ഥികള്‍ മാര്‍ച്ച് നടത്തിയത്. പല വഴികളിലൂടെ വിദ്യാര്‍ഥികള്‍ രാഷ്ട്രപതി ഭവന്‍ ലക്ഷ്യമാക്കി നീക്കി. അംബേദ്കര്‍ ഭവന് സമീപത്തുവച്ചാണ് വിദ്യാര്‍ഥികളെ പൊലീസ് തടയുകയും അറസ്റ്റുചെയ്ത് നീക്കുകയും ചെയ്തത്.

അതേസമയം, വിദ്യാര്‍ഥി പ്രതിനിധികളുമായി നാളെ വീണ്ടും ചര്‍ച്ച നടത്തുമെന്ന് മാനവ വിഭവശേഷി മന്ത്രാലയം അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News