പൗരത്വ ഭേദഗതി ആക്ട് നമ്മോടു പറയുന്നതെന്ത് ?

Adv. Abhijith SR എഴുതുന്നു

പുതിയ പൗരത്വ ഭേദഗതി ആക്റ്റ് (Citizenship Amendment Act,2019(CAA))
നെതിരെ രാജ്യവ്യാപകമായി പ്രതിഷേധങ്ങള്‍ അലയടിക്കുകയാണ്.
ഇത് മതനിരപേക്ഷതയ്ക്കു വിരുദ്ധമാണെന്നും മുസ്ലിം സമുദായത്തിനെ
ഒറ്റപ്പെടുത്തുന്നതാണെന്നുമാണ് നിയമത്തിനെതിരെയുള്ള പ്രധാനവാദം.
ഇതിന്റെ പശ്ചാത്തലത്തില്‍ പൗരത്വ ഭേദഗതി ആക്റ്റ് 2019 ഒന്ന്
പരിശോധിക്കാം.

എന്താണ് പൗരത്വ ഭേദഗതി ആക്റ്റ്?

സിറ്റിസണ്‍ഷിപ്പ് ആക്റ്റ് 1955 പ്രകാരം സാധുവായ
പാസ്സ്‌പോര്‍ട്ടില്ലാതെ ഇന്ത്യയില്‍ പ്രവേശിച്ച ഇന്ത്യന്‍
പൗരനല്ലാത്തയൊരാള്‍ അനധികൃത കുടിയേറ്റക്കാരനാണ്.
സിറ്റിസണ്‍ഷിപ്പ് ആക്റ്റ് പ്രകാരം 4 രീതിയിലാണ് ഇന്ത്യയില്‍ പൗരത്വം
ലഭിക്കുന്നത് :ജനനം വഴി, പാരമ്പര്യം വഴി, രജിസ്ട്രേഷന്‍ വഴി,
നാച്ചുറലൈസേഷന്‍ വഴി. പക്ഷെ അനധികൃത കുടിയേറ്റക്കാരായ
വ്യക്തികള്‍ക്ക് രജിസ്ട്രേഷന്‍ വഴിയോ നാച്ചുറലൈസേഷന്‍
(naturalisation) വഴിയോ പൗരത്വം ലഭിക്കാന്‍ അര്‍ഹരല്ല.
എന്നാല്‍ പുതിയ ഭേദഗതി അനുസരിച്ച്, അഫ്ഗാനിസ്ഥാന്‍,
പാക്കിസ്ഥാന്‍, ബംഗ്ലാദേശ് എന്നീ മൂന്ന് രാജ്യങ്ങളില്‍ നിന്നുള്ള
ഹിന്ദു, സിഖ്, പാഴ്സി, ജെയിന്‍, ബുദ്ധിസ്റ്റ്, ക്രിസ്ത്യന്‍ എന്നീ
മതങ്ങളില്‍ പെടുന്നവര്‍ ഇന്ത്യയില്‍ മതിയായ രേഖകളില്ലാതെ
പ്രവേശിച്ചിട്ടുണ്ടെങ്കിലും അവരെ അനധികൃത കുടിയേറ്റക്കാരായി
കാണുകയില്ല. അതുകൊണ്ടു തന്നെ മറ്റ് അനധികൃത
കുടിയേറ്റക്കാരില്‍നിന്നും വ്യത്യസ്തമായി അവര്‍ക്ക്
നാച്ചുറലൈസേഷന്‍ വഴിയോ രജിസ്ട്രേഷന്‍ വഴിയോ ഇന്ത്യന്‍
പൗരത്വം കരസ്ഥമാക്കാന്‍ കഴിയും.
ഇതു കൂടാതെ, പൊതുവില്‍ നാച്ചുറലൈസേഷന്‍ വഴി പൗരത്വത്തിന്
അര്‍ഹരാവാന്‍ ഇന്ത്യയിലെ 11 വര്‍ഷത്തെ താമസം വേണമെന്നിരിക്കേ
ഈ 3 രാജ്യങ്ങളില്‍ നിന്നും വന്ന 6 വിഭാഗങ്ങള്‍ക്ക് 5 വര്‍ഷം മതി.

2015ല്‍ത്തന്നെ ഇത്തരക്കാര്‍ക്ക് ഇന്ത്യയില്‍ തന്നെ തുടരാന്‍
അനുവദിക്കുന്ന രീതിയില്‍ Indian Passport Actലും Foreigners Actയിലും
സര്‍ക്കാര്‍ മാറ്റങ്ങള്‍ വരുത്തിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായി
വേണം ഈ ഭേദഗതിയെ കാണാന്‍.

ഭരണഘടന ലംഘനമോ

ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 14 പ്രകാരം ഭരണകൂടം എല്ലാവരെയും
ഒരുപോലെ കാണേണ്ടതും നിയമത്തിന്റെ പരിരക്ഷ എല്ലാവര്‍ക്കും
തുല്യമായ ഉറപ്പുവരുത്തേണ്ടതുമാണ്. ഇവിടെ ശ്രദ്ധിക്കേണ്ട വസ്തുത
ആര്‍ട്ടിക്കിള്‍ 14 കേവലം ഇന്ത്യന്‍ പൗരന്മാര്‍ക്കു മാത്രമുള്ളതല്ല
വിദേശികള്‍ക്കും അവകാശപ്പെട്ടതാണ്.
ഇതുകൊണ്ടുദ്ദേശിക്കുന്നതെന്തെന്നാല്‍ നിയമത്തിനു മുന്നില്‍ എല്ലാവരും
സമന്മാരാണെന്നും ജാതിയുടെയോ മതത്തിന്റെയോ ലിംഗത്തിന്റെയോ
ഭാഷയുടെയോ പൗരത്വത്തിന്റെയോ ഒന്നും അടിസ്ഥാനത്തില്‍ ഭരണകൂടം
മനുഷ്യരെ വിവേചനപരമായി കാണരുത് എന്നുമാണ്.
അതേസമയം ഇന്ത്യന്‍ സുപ്രീംകോടതിയുടെ സുപ്രധാനമായ
വിധിന്യായങ്ങള്‍ പ്രകാരം നിയമങ്ങളില്‍ ന്യായമായ വര്‍ഗീകരണങ്ങള്‍
(reasonable classification) ആര്‍ട്ടിക്കിള്‍ 14ന്റെ ലംഘനമാവുകയില്ല എന്ന്
വ്യാഖ്യാനിച്ചിട്ടുണ്ട്. പക്ഷെ അത്തരം വര്‍ഗീകരണങ്ങള്‍ ന്യായത്തില്‍
അധിഷ്ഠിതവും(reasonable) നിയമത്തിന്റെ പ്രഖ്യാപിത
ഉദ്ദേശ്യലക്ഷ്യത്തോട്(objectives) നീതി പുലര്‍ത്തുന്നതുമായിരിക്കണം.
ഉദാഹരണത്തിന് സ്ത്രീകളുടെ ക്ഷേമത്തിനുവേണ്ടി ഉണ്ടാക്കുന്ന ഒരു
നിയമത്തില്‍ മറ്റു വ്യക്തികള്‍ക്ക് ഇല്ലാത്ത ചില ഇളവുകളോ
പരിഗണനകളോ സ്ത്രീകള്‍ക്ക് നല്‍കുന്നത് ആര്‍ട്ടിക്കിള്‍ 14
ലംഘനമാകണമെന്നില്ല.
സിറ്റിസണ്‍ഷിപ്പ് ആക്റ്റിന്റെ ഇപ്പോഴത്തെ ഭേദഗതി ഭരണഘടനയുടെ
ആര്‍ട്ടിക്കിള്‍ 14ന്റെ ലംഘനമാണ് എന്നതാണ് CAAയ്‌ക്കെതിരേയുള്ള
പ്രധാന വാദം. അതിനു പറയുന്ന കാരണങ്ങള്‍ താഴെ
പറയുന്നവയാണ്:

1. സ്വാതന്ത്യലബ്ധിക്കു തൊട്ടുമുന്‍പും ശേഷവും അവിഭക്ത
ഇന്ത്യയില്‍ നിന്നും പലായനം ചെയ്തു വന്നവര്‍ക്കു പൗരത്വം

കൊടുക്കാനാണ് ഭേദഗതിയെന്നാണ് സര്‍ക്കാര്‍ വാദം. പക്ഷേ
അഫ്ഗാനിസ്ഥാന്‍ അവിഭക്ത ഇന്ത്യയുടെ ഭാഗമായിരുന്നില്ല.

2. പ്രഖ്യാപിത ഔദ്യോഗികമതങ്ങള്‍ ഉള്ളത് ഈ മൂന്ന്
അയല്‍രാജ്യങ്ങള്‍ക്ക് മാത്രമാണെന്നാണ് സര്‍ക്കാര്‍ വാദം.
എന്നാല്‍ ഇന്ത്യയുടെ അയല്‍രാജ്യമായ മ്യാന്‍മറില്‍
ഭരണഘടനാപ്രകാരം ബുദ്ധമതത്തെ പ്രധാനമതമായി
അംഗീകരിച്ചിട്ടുള്ളതും ബുദ്ധമതസ്ഥരല്ലാത്തവരോട്, പ്രത്യേകിച്ചും
റോഹിംഗ്യന്‍ മുസ്ലിമുകളോട് വിവേചനപരമായിമായാണ്
പെരുമാറുന്നത്.

3. പ്രഖ്യാപിത ഔദ്യോഗികമതങ്ങള്‍ ഉള്ള രാജ്യങ്ങളിലും
അല്ലാത്തവയിലും മതന്യൂനപക്ഷങ്ങള്‍ നേരിടാവുന്ന വിവേചനം
വ്യത്യസ്തമാണെന്നു പറയുന്നതിന് യുക്തിയില്ല. ഇന്ത്യയുടെ മറ്റ്
അയല്‍രാജ്യങ്ങളായ ഭൂട്ടാന്‍, നേപ്പാള്‍, ശ്രീലങ്ക, ചൈന,
എന്നിവിടങ്ങളലെ മതന്യൂനപക്ഷങ്ങളും മതാടിസ്ഥാനത്തിലുള്ള
വിവേചനവും പീഡനവും നേരിടുന്നുണ്ട്. അതുകൊണ്ടുതന്നെ
ചില അയല്‍രാജ്യങ്ങളെ ഉള്‍പ്പെടുത്തുകയും ചിലതിനെ
ഔദ്യോഗിക മതമില്ല എന്ന ഒറ്റക്കാരണത്താല്‍
ഉള്‍പ്പെടുത്താതിരിക്കുകയും ചെയ്യുന്നത് നിയമത്തിന്റെ
പ്രഖ്യാപിത ഉദ്ദേശ്യത്തിന് വിരുദ്ധമാണ്.

3. ഈ മൂന്ന് രാജ്യങ്ങളിലെ എല്ലാ മതന്യൂനപക്ഷങ്ങള്‍ക്കും
ആനുകൂല്യങ്ങള്‍ ലഭിക്കുന്നില്ല. മതന്യൂനപക്ഷങ്ങള്‍ക്ക് സംരക്ഷണം
എന്നതാണ് ലക്ഷ്യം എന്ന് സര്‍ക്കാര്‍ ആവര്‍ത്തിക്കുമ്പോഴും
”മതന്യൂനപക്ഷങ്ങള്‍” എന്നതിന്റെ നിര്‍വചനം
നിയമത്തിലെവിടെയും കൊടുത്തിട്ടില്ല. പകരം 6 വിഭാഗങ്ങള്‍ക്ക്
മാത്രമായി സംരക്ഷണം ഒതുക്കുന്നു. അതിനാല്‍ത്തന്നെ മുസ്ലിം
വിഭാഗത്തിനുള്ളില്‍ത്തന്നെയുള്ള അനവധി മതന്യൂനപക്ഷങ്ങളെ
നിയമം പരിഗണിച്ചിട്ടേയില്ല. ഫലമായി പാക്കിസ്ഥാനിലെ അഹ്മദിയ്യ,
ഷിയാ വിഭാഗങ്ങള്‍, അഫ്ഗാനിസ്ഥാനിലെ ഹസാരാ വിഭാഗം
മുതലായവര്‍ക്ക് ഭേദഗതിയുടെ ആനുകൂല്യം ലഭിക്കില്ല. പാക്കിസ്ഥാന്‍
ഭരണകൂടം ഭരണഘടനാ ഭേദഗതി നടത്തി അഹ്മദിയ്യ വിഭാഗത്തെ
മുസ്ലീമിന്റെ നിര്‍വചനത്തില്‍നിന്നുതന്നെ പുറത്താക്കിയതാണ്.
അഫ്ഗാനിസ്ഥാനില്‍ ഹസാരാ വിഭാഗവും മതരീതികള്‍ കൊണ്ട്
ന്യൂനപക്ഷങ്ങളും വിവേചനം അനുഭവിക്കുന്നവരാണ്.

4. സാമുദായിക, വംശീയ, സാംസ്‌കാരിക അടിസ്ഥാനങ്ങളിലൊക്കെ
സമാനമോ അതിലും ഗുരുതരമോ ആയ രീതിയില്‍
വിവേചനവും പീഡനവും നേരിടുന്ന ന്യൂനപക്ഷസമൂഹങ്ങള്‍
ഇന്ത്യയുടെ അയല്‍രാജ്യങ്ങളിലുണ്ട്. ശ്രീലങ്കയിലെ തമിഴ്വംശജര്‍
അതിനുദാഹരണങ്ങളാണ്. ഇവര്‍ നേരിടുന്ന പീഡനങ്ങള്‍ക്ക്
മതാടിസ്ഥാനത്തിലുള്ള പീഡനങ്ങളേക്കാള്‍ ഗുരുതരാവസ്ഥ ഒട്ടും
കുറവല്ല എന്നിരിക്കേ, ഇവരെ ഒഴിവാക്കി ഔദ്യോഗികമതമുള്ള
ചില രാജ്യങ്ങളിലെ ചില മതന്യൂനപക്ഷങ്ങള്‍ക്കു മാത്രം
പൗരത്വം കൊടുത്തു സംരക്ഷണം നല്‍കാനുള്ള നിയമം
നീതിയുക്തമല്ല.

5. ഭരണഘടനാനിര്‍മ്മാതാക്കള്‍ മതം പൗരത്വത്തിന് അടിസ്ഥാനമാകരുത്
എന്നാഗ്രഹിച്ചിരുന്നതാണ്. ഭരണഘടനാ രൂപീകരണ അസ്സംബ്ലിയുടെ
സംവാദങ്ങളില്‍ നിന്നിത് സ്പഷ്ടമാണ്. ഇന്ത്യ
മതേതരരാഷ്ട്രമായിരിക്കണമെന്നുള്ളതും ഈ സംവാദങ്ങളുടെ
ഫലമായി ഉരുത്തിരിഞ്ഞുവന്ന തീരുമാനമാണ്. ഭേദഗതി
അതുകൊണ്ടുതന്നെ ഭരണഘടനാനിര്‍മ്മാതാക്കള്‍ വിഭാവനം ചെയ്ത
അടിസ്ഥാനതത്ത്വങ്ങള്‍ക്കും തമൂലം ഭരണഘടനാമൂല്യങ്ങള്‍ക്കും
(Constitutional Morality) വിരുദ്ധമാണ്.

6. ഇക്കാരണങ്ങളാല്‍ ഭരണഘടനയുടെ അടിസ്ഥാനഘടനയുടെ (basic
structure) ഭാഗമായ "മതനിരപേക്ഷത"യ്ക്ക് എതിരാണ് ഈ
നിയമഭേദഗതിയെന്ന് പറയേണ്ടിവരും. അതിനാല്‍
അസാധുവാക്കപ്പെടാനാണ് ഏറെയും സാധ്യത.

ആസ്സാം നാഷണല്‍ രെജിസ്ട്രര്‍ ഓഫ് സിറ്റിസണ്‍സ്(NRC)ഉം പൗരത്വ
ഭേദഗതിയും

ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനമായ ആസ്സാമിലേക്കു
ബംഗ്ലാദേശില്‍ നിന്നുമുള്ള അനധികൃത കുടിയേറ്റത്തിനു തടയിടാനാണ്
1985ല്‍ ആസ്സാം മൂവ്‌മെന്റും കേന്ദ്രസര്‍ക്കാരും ആസ്സാം ഉടമ്പടി (Assam
Accord) ഒപ്പുവെച്ചത്. അതുപ്രകാരം 1971 മാര്‍ച്ച് 24ന് ശേഷം
ആസ്സാമില്‍ വന്ന കുടിയേറ്റക്കാര്‍ക്ക് ഇന്ത്യന്‍ പൗരത്വം കൊടുക്കാന്‍
പാടുള്ളതല്ല. അതിനു വേണ്ടിയാണ് 1400കോടി ചെലവിട്ട് 2019ല്‍ NRC

ആസ്സാം ലിസ്റ്റ് പുതുക്കിയത്. അങ്ങനെ 19 ലക്ഷം പേര്‍ അനധികൃത
കുടിയേറ്റക്കാരായി മാറി. ഇതില്‍ 12 ലക്ഷം പേര്‍ മുസ്ലിം ഇതര
വിഭാഗങ്ങളില്‍പെട്ടവരായിരുന്നു. പലരും പേരിലെയും
രേഖകകളിലുമൊക്കെയുളളാ ചെറിയ പൊരുത്തക്കേടുകകാളും മറ്റും
കൊണ്ടാണ് പുറത്തായത്. വടക്കുകിഴക്കന്‍ പ്രദേശങ്ങളില്‍
ഭാരതീയജനതാപാര്‍ട്ടിയുടെ പ്രധാന വോട്ട് ബാങ്കാണ് ബംഗാളി
ഹിന്ദുക്കളുടെ നഷ്ടം പാര്‍ട്ടിയുടെ വിജയസാധ്യതകളെ പ്രതികൂലമായി
ബാധിക്കുമെന്നത് പാര്‍ട്ടിയ്ക്ക് അപായസൂചന നല്‍കിയിരിക്കാം,
NRCയില്‍ തെറ്റുകള്‍ സംഭവിച്ചിട്ടുണ്ടെന്നും അതിനാല്‍ അതൊന്നുകൂടി
നടത്താനനുവദിക്കണം എന്നപേക്ഷിച്ചുകൊണ്ടു കേന്ദ്രസര്‍ക്കാര്‍
സുപ്രീംകോടതിയെ സമീപിച്ചു. പക്ഷേ കോടതിയത് നിരാകരിച്ചു.
ഇതിനു പിന്നാലെയാണ് സിറ്റിസണ്‍ഷിപ്പ് ആക്റ്റ് ഭേദഗതി
പാര്‍ലമെന്റില്‍ പാസ്സാക്കുന്നതും. ഇതു പിന്‍വാതിലിലൂടെ മുസ്ലിം
ഇതര വിഭാഗങ്ങള്‍ക്ക് പൗരത്വം കൊടുക്കാന്‍വേണ്ടിയുള്ളതാണെന്നാണ്
പ്രധാന ആക്ഷേപം.

NRC സമ്പ്രദായം രാജ്യവ്യാപകമായി നടപ്പാക്കുമെന്നും "ഹിന്ദു, സിഖ്,
ബുദ്ധിസ്റ്റ്" എന്നീ മതസ്ഥര്‍ ഒഴികെയുള്ള എല്ലാ
നുഴഞ്ഞുകയറ്റക്കാരെയും ഇന്ത്യയില്‍ നിന്ന് പുറത്താക്കുമെന്നും
അമിത് ഷാ പ്രഖ്യാപിച്ചിരുന്നു. ഈ പ്രസ്താവനയും ഇത്
നടപ്പാക്കാനുള്ള സര്‍ക്കാര്‍ മുന്നൊരുക്കങ്ങളും കൂട്ടിവായിക്കുമ്പോള്‍
ഇന്ത്യയെ ഒരു ഹിന്ദുരാഷ്ട്രം ആക്കുക എന്ന RSSന്റെ പ്രഖ്യാപിത
അജണ്ടയ്ക്കു വേണ്ടി പ്രവര്‍ത്തിക്കുകയാണോ BJP സര്‍ക്കാര്‍ എന്ന
ന്യായമായ ആശങ്ക ഇന്ത്യക്കാര്‍ക്കിടയില്‍ വ്യാപിക്കുന്നുണ്ട്.
NRC വഴി പുറത്താക്കപ്പെടുന്ന മുസ്ലിംകള്‍ക്കുള്ള ഏകമാര്‍ഗം
ഫോറിനേഴ്സ് ട്രൈബ്യൂണല്‍ (Foreigners Tribunal) എന്ന കോടതി മുമ്പാകെ
കേസ് വാദിച്ച് തങ്ങളുടെ പൗരത്വം തെളിയിക്കുകയെന്നതാണ്. ഏറെ
പണച്ചെലവുള്ള ഇക്കാര്യം ഒരുപാട് സാധാരണക്കാര്‍ക്ക്
കഴിയാതെവരും. tribunal വിധിവരുന്നതുവരെ ഇന്ത്യന്‍
പൗരനായികണക്കാകുമെന്നതാണ് ഏകയാശ്വാസം. പക്ഷേ അത്തരം
അനധികൃതകുടിയേറ്റക്കാരെ നാടുകടത്തണമെങ്കില്‍ അവര്‍ ഏതു
രാജ്യത്തില്‍ നിന്നാണോ പലായനം ചെയ്തുവന്നത് ആ രാജ്യത്തിനെ

ബോധ്യപ്പെടുത്ത്ണം എങ്കില്‍ മാത്രമേ അവിടെ അവരെ
സ്വീകരിക്കുകയുള്ളൂ. അല്ലാത്തപക്ഷം അവര്‍ സര്‍ക്കാര്‍
പണികഴിപ്പിച്ചു കൊണ്ടിരിക്കുന്ന ഡിറ്റന്‍ഷന്‍ സെന്ററുകളില്‍
മാതൃരാജ്യമില്ലാത്തവരായി ശിഷ്ടകാലം കഴിയേണ്ടിവരും.
ഈയവസരത്തില്‍ മൂന്നു കാര്യങ്ങള്‍ വളരെ വളരെ പ്രധാനമാണ്-

(1) NRC എന്നത് വളരെ സാവധാനം നടപ്പിലാക്കേണ്ടതും പൗരത്വം
തെളിയിക്കാന്‍ ഹാജരാക്കേണ്ട രേഖകള്‍ ഏറ്റവും എളുപ്പത്തില്‍
ലഭ്യമായവയും ആയിരിക്കണം. രേഖകളുടെ അഭാവം
ഒന്നുകൊണ്ടു മാത്രം ആരും പുറത്താക്കപ്പെടാന്‍ പാടുള്ളതല്ല.

(2) പുതിയ ഭേദഗതി ഭരണഘടനയ്ക്കനുസൃതമായി എല്ലാ
വിഭാഗങ്ങളെയും ഉള്‍പ്പെടുത്തുന്ന രീതിയില്‍ മാറ്റങ്ങള്‍ വരുത്തി
പ്രാബല്യത്തില്‍ കൊണ്ടുവരുന്നതായിരിക്കും ഉചിതം.

(3)അഭയാര്‍ഥികളുടെ പുനരധിവാസത്തിനും
സംരക്ഷണത്തിനുവേണ്ടി മറ്റു ലോകരാഷ്ട്രങ്ങളില്‍നിന്നുള്ള
മാതൃകകള്‍ പഠിച്ചശേഷം യുക്തിഭദ്രമായ ഒരു അഭയാര്‍ഥി
നിയമം പാസ്സാകുന്നതായിരിക്കും ശാശ്വതപരിഹാരം.

Adv. Abhijith SR (തിരുവനന്തപുരം ബാര്‍ അസോസിയേഷന്‍ അംഗം)

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News