ജെഎൻയു; മാർച്ചിന് നേരെ ലാത്തിച്ചാർജ്; വിദ്യാർഥികൾക്കു നേരെ വീണ്ടും പൊലീസ്‌ അതിക്രമം

ജെഎൻയു വിദ്യാർഥികൾക്കുനേരെ വീണ്ടും പൊലീസ്‌ ലാത്തിച്ചാർജ്‌. ഫീസ്‌ വർധനയ്‌ക്കെതിരെ സമരം നടത്തുന്ന വിദ്യാർഥികളുമായും അധ്യാപക പ്രതിനിധികളുമായും മാനവശേഷി വികസനമന്ത്രാലയം നടത്തിയ ചർച്ച പരാജയപ്പെട്ടതോടെ രാഷ്‌ട്രപതി ഭവനിലേക്ക്‌ മാർച്ച്‌ ചെയ്‌ത വിദ്യാർഥികൾക്കുനേരെയായിരുന്നു അതിക്രമം.

എസ്‌എഫ്‌ഐ വൈസ്‌ പ്രസിഡന്റ്‌ നിതീഷ്‌ നാരായണൻ ഉൾപ്പെടെ നിരവധി പേർക്ക്‌ പരിക്കേറ്റു. അധ്യാപകരും വിദ്യാർഥികളും മാനവവിഭവശേഷി മന്ത്രാലയത്തിലേക്ക്‌ നടത്തിയ മാർച്ചിനെത്തുടർന്നാണ്‌ വിദ്യാർഥി യൂണിയൻ പ്രസിഡന്റ്‌ ഐഷി ഘോഷിന്റെയും അധ്യാപക അസോസിയേഷൻ പ്രസിഡന്റ്‌ ഡി കെ ലോബിയാലിന്റെയും നേതൃത്വത്തിലുള്ള പ്രതിനിധികളെ മന്ത്രാലയം സെക്രട്ടറി ചർച്ചയ്‌ക്ക്‌ വിളിച്ചത്‌.

ഫീസ് വര്‍ധന പിൻവലിക്കണം, വൈസ് ചാന്‍സലര്‍ രാജിവയ്‌ക്കണം എന്നീ ആവശ്യങ്ങളില്‍ വിദ്യാര്‍ഥികള്‍ ഉറച്ചുനിന്നു. ഇക്കാര്യങ്ങള്‍ അംഗീകരിക്കാന്‍ അധികൃതര്‍ തയ്യാറായില്ല. ഇതോടെ ചര്‍ച്ച പരാജയപ്പെട്ടെന്ന് ഐഷി ഘോഷ് അറിയിച്ചു. രാഷ്ട്രപതി ഭവനിലേക്ക് മാര്‍ച്ച് നടത്താന്‍ അവര്‍ ആഹ്വാനംചെയ്‌തു. പല വഴികളിലൂടെ രാഷ്ട്രപതിഭവന്‍ ലക്ഷ്യമാക്കി നീങ്ങിയ വിദ്യാർഥികളെ അംബേദ്‌കര്‍ ഭവനു സമീപം പൊലീസ്‌ തടഞ്ഞു.

റോഡിൽ കുത്തിയിരുന്ന വിദ്യാർഥികളെ വലിച്ചിഴച്ചും മർദിച്ചുമാണ്‌ കസ്റ്റഡിയിലെടുത്തത്‌. സ്‌റ്റേഷനിലേക്ക്‌ കൊണ്ടുപോകുംവഴി വാഹനത്തിലിട്ടും മർദിച്ചു. മറ്റ്‌ വിദ്യാർഥികൾ ജൻപഥ്‌ റോഡിൽ വാഹനം തടഞ്ഞ്‌ കസ്റ്റഡിയിലായവരെ മോചിപ്പിച്ചു. പുറത്തിറങ്ങിയവർ കൊണാട്ട്‌ പ്ലേസടക്കം വിവിധയിടങ്ങളിലേക്ക്‌ മാർച്ച്‌ ചെയ്‌തു.

പകൽ മൂന്നിന്‌ വിദ്യാർഥികളുടെയും അധ്യാപകരുടെയും നേതൃത്വത്തിലാണ്‌ മാനവശേഷി വികസനമന്ത്രാലയത്തിലേക്ക്‌ ബഹുജന മാർച്ച്‌ നടന്നത്‌. സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, സിപിഐ ജനറൽ സെക്രട്ടറി ഡി രാജ, എൽജെഡി നേതാവ്‌ ശരത്‌ യാദവ്‌, കോൺഗ്രസ്‌ നേതാവ്‌ മുകുൾ വാസ്‌നിക്‌, സിപിഐ എം പൊളിറ്റ്‌ ബ്യൂറോ അംഗങ്ങളായ ബൃന്ദ കാരാട്ട്‌, സുഭാഷിണി അലി, എംപി ബിനോയ്‌ വിശ്വം, കവിത കൃഷ്‌ണൻ തുടങ്ങിയവർ പങ്കെടുത്തു. വിദ്യാർഥികൾ ഉന്നയിച്ച ആവശ്യങ്ങൾ വിസിയുമായി വെള്ളിയാഴ്‌ച ചർച്ചചെയ്യുമെന്ന്‌ മന്ത്രാലയം സെക്രട്ടറി അമിത്‌ ഖരേ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News