ദേശീയപാത വികസനം; കണ്ണൂർ, കാസർകോട്‌ ജില്ലകളിൽ നാഷണൽ ഹൈവേ അതോറിറ്റി ടെൻഡർ വിളിച്ചു

ദേശീയപാത വികസനത്തിന്‌ കണ്ണൂർ, കാസർകോട്‌ ജില്ലകളിൽ നാഷണൽ ഹൈവേ അതോറിറ്റി ടെൻഡർ വിളിച്ചു. 149.17 കിലോമീറ്റർ ആറു വരിപ്പാതയാക്കാൻ 5612 കോടി രൂപ മതിപ്പുചെലവ്‌ കണക്കാക്കുന്ന ടെൻഡറാണ്‌ ക്ഷണിച്ചത്‌. ഇനി കാസർകോട്‌ തലപ്പാടി മുതൽ മുഴപ്പിലങ്ങാടുവരെയുള്ള ദേശീയപാത വികസനം വേഗത്തിലാകും. മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിധിൻ ഗഡ്‌കരിയുമായി നടത്തിയ ചർച്ചയെ തുടർന്നാണ്‌ സംസ്ഥാനത്തെ ദേശീയപാത വികസനത്തിനുള്ള തടസ്സം നീങ്ങിയത്‌.

തലപ്പാടി മുതൽ മുഴപ്പിലങ്ങാടു വരെ നാലു റീച്ചായാണ്‌ ടെൻഡർ ക്ഷണിച്ചത്‌. തലപ്പാടി മുതൽ ചെങ്കളവരെയുള്ള 39 കിലോമീറ്ററിന്‌ 1281.45 കോടി രൂപയും ചെങ്കള–-നീലേശ്വരം ഭാഗത്തെ 37.268 കിലോമീറ്ററിന്‌ 1243.57 കോടി രൂപയുമാണ്‌ മതിപ്പുചെലവ്‌.

നീലേശ്വരം മുതൽ തളിപ്പറമ്പ്‌ കുറ്റിക്കോൽ വരെയുള്ള 40.2 കിലോമീറ്ററിന്‌ 1568.59 കോടി രൂപയും കുറ്റിക്കോൽ മുതൽ മുഴപ്പിലങ്ങാടുവരെയുള്ള 32.7 കിലോമീറ്ററിന്‌ 1518.39 കോടി രൂപയുമാണ് ചെലവ്‌ കണക്കാക്കുന്നത്‌.

നീലേശ്വരം മുതൽ മുഴപ്പിലങ്ങാടു വരെയുള്ള റീച്ചുകളിൽ ഫെബ്രുവരി 17വരെ ടെൻഡർ സമർപ്പിക്കാം. കാസർകോട്‌ ജില്ലയിലെ മറ്റു രണ്ട്‌ റീച്ചിലും നവംബറിൽ ടെൻഡർ ക്ഷണിച്ചെങ്കിലും സമർപ്പിക്കാനുള്ള തിയതി 20 വരെ നീട്ടിയിട്ടുണ്ട്‌. നിർദിഷ്ട എൻഎച്ച്‌ 66–-ൽ തലപ്പാടി മുതൽ അഴിയൂർ വരെയുള്ള ഭാഗത്തെ വികസനത്തിന്‌ ഇതോടെ ടെൻഡറായി.

മുഴപ്പിലങ്ങാട്‌ മുതൽ അഴിയൂർ വരെയുള്ള തലശേരി– മാഹി ബൈപ്പാസിന്റെ നിർമാണം പുരോഗമിക്കുകയാണ്‌. നിലവിലുള്ള റോഡ്‌ വികസനത്തിനൊപ്പം പയ്യന്നൂർ, തളിപ്പറമ്പ്‌, കണ്ണൂർ ബൈപ്പാസുകളും നിർദിഷ്ട ആറുവരിപ്പാതയിലുണ്ട്‌.

വളപട്ടണംപുഴയ്‌ക്ക്‌ ഒരു കിലോമീറ്റർ നീളമുള്ള പുതിയ പാലം കണ്ണൂർ ബൈപ്പാസിൽ നിർമിക്കും. കുപ്പം, പെരുമ്പ, കുറ്റിക്കോൽ, വെള്ളൂർ എന്നിവിടങ്ങളിലും പുതിയ പാലംവരും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here