മരടിൽ തീരദേശ നിയന്ത്രണ ചട്ടങ്ങൾ ലംഘിച്ച് നിർമിച്ച നാല് പാർപ്പിട സമുച്ചയങ്ങൾ പൊളിക്കാനുള്ള സ്‌ഫോടനത്തിന് ഇനി മണിക്കൂറുകൾ മാത്രം. നിയമം ലംഘിച്ചുള്ള നിർമാണത്തിന്റെ പേരിൽ സുപ്രീംകോടതി ഉത്തരവുപ്രകാരം ഇത്രയും വലിയ നിർമാണങ്ങൾ ഒറ്റയടിക്ക് ഇല്ലാതാക്കുന്നത് രാജ്യത്ത് ആദ്യം.
നിയന്ത്രിത സ്‌ഫോടനത്തിലൂടെ വൻകിട നിർമാണങ്ങൾ ഒന്നിച്ച് വീഴ്‌ത്തുന്നതും ആദ്യം. വിദഗ്‌ധരുടെ നേതൃത്വത്തിൽ എല്ലാവിധ സുരക്ഷാ മുൻകരുതലുകളും ഉറപ്പാക്കിയാണ് രാജ്യമാകെ ഉറ്റുനോക്കുന്ന സ്‌ഫോടനത്തിന് നിമിഷങ്ങൾ എണ്ണുന്നത്. ഇരൂനൂറോളം കെട്ടിടങ്ങൾ പൊളിക്കുന്നതിന് നേതൃത്വം നൽകി ഗിന്നസ് റെക്കോഡിട്ട ശരത് ബി സർവാതെ തയ്യറാറെടുപ്പുകൾക്ക് മേൽനോട്ടം വഹിക്കുന്നു.
ഫ്ലാറ്റുകളുടെ 200 മീറ്റർ ചുറ്റളവിൽ അതീവ സുരക്ഷാ മേഖലയായി പ്രഖ്യാപിച്ചിട്ടുണ്ട്. ശനി, ഞായർ ദിവസങ്ങളിൽ നിരോധനാജ്ഞയാണ്. ജനവാസകേന്ദ്രങ്ങൾ ഒഴിപ്പിച്ചു. സമീപത്തെ ഇന്ധനപൈപ്പുകൾ കാലിയാക്കി മുകളിൽ മണൽച്ചാക്ക് നിരത്തി. സ്‌ഫോടനദിവസം കുണ്ടന്നുർ ബൈപാസിലും ഇടറോഡുകളിലും നിയന്ത്രണമുണ്ടാകും.
മുംബൈയിലെ എഡിഫസ് എൻജിനിയറിങ്, ചെന്നൈയിലെ വിജയ് സ്‌റ്റീൽസ് കമ്പനികളാണ് സ്‌ഫോടനം നടത്തുക. കെട്ടിടഭാഗങ്ങൾ പൊട്ടിത്തെറിക്കാതെ അൽപ്പം ചരിഞ്ഞ് തകർന്നുവീഴുന്ന തരത്തിലാണ് സ്‌ഫോടനം. 1600 കിലോ സ്‌ഫോടകവസ്‌തുക്കളാണ് നാല് ഫ്ലാറ്റുകളിലായി നിറച്ചിട്ടുള്ളത്. സ്‌ഫോടനം തുടങ്ങിയാൽ 12 സെക്കൻഡുകൾക്കകം കെട്ടിടം നിലംപതിക്കും. 30,000 ടൺ കോൺക്രീറ്റ് മാലിന്യമാണ് കൂനയാകുക.
പെട്രോളിയം ആൻഡ് എക്‌സ്‌പ്ലോസീവ്സ് സേഫ്റ്റി ഓർഗനൈസേഷൻ (പെസൊ) അധികൃതരും ചെന്നൈ ഐഐടി സംഘവും വ്യാഴാഴ്‌ച ഫ്ലാറ്റുകളിൽ അവസാനവട്ട പരിശോധന നടത്തി. ചീഫ് സെക്രട്ടറി ടോം ജോസും വ്യാഴാഴ്‌ച സ്ഥലം സന്ദർശിച്ചു. വെള്ളിയാഴ്‌ച മോക്‌ഡ്രിൽ നടത്തും.
Get real time update about this post categories directly on your device, subscribe now.