മലയാളത്തിന്റെ ഗാനഗന്ധർവന് എൺപതാം പിറന്നാൾ

സ്വരമാധുരിയാൽ കാലത്തെയും ഭാവരാഗങ്ങളാൽ തലമുറകളെയും വിസ്‌മയിപ്പിച്ച മലയാളത്തിന്റെ മഹാഗായകൻ എൺപതാം പിറന്നാൾ നിറവിൽ. ജാതിമത ഭേദങ്ങൾക്കപ്പുറം മനുഷ്യരെ ഒന്നിപ്പിച്ച നാദസുന്ദര ജീവിതം എട്ട്‌ പതിറ്റാണ്ടിലെത്തുമ്പോഴും യേശുദാസിന്റെ ഗാനങ്ങൾക്ക്‌ നിറയൗവനം. ജന്മദിനത്തിൽ നാടെങ്ങും അവ സ്‌നേഹരാഗമായി പെയ്‌തിറങ്ങുന്നു.

സംഗീതത്തിന്റെ നിത്യവസന്തം തീർത്ത ഗാനഗന്ധർവന്റെ എൺപതാം ജന്മദിനം വിപുലമായി ആഘോഷിക്കുകയാണ്‌ ആരാധകർ. എണ്ണമറ്റ പരിപാടികളിലൂടെ ലോകമെങ്ങുമുള്ള മലയാളികളും സംഗീതപ്രേമികളും ആശംസകളാൽ സമ്പന്നമാക്കുമ്പോഴും യേശുദാസിന്‌ ജന്മദിനാഘോഷം പതിവുപോലെതന്നെ.

എക്കാലവും മതനിരപേക്ഷതയുടെ ശക്തനായ വക്താവായ അദ്ദേഹം വെള്ളിയാഴ്‌ച കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ കുടുംബത്തോടൊപ്പം ദർശനം നടത്തും. അരനൂറ്റാണ്ടിലേറെയായി മൂകാംബികയിലെ സംഗീതാർച്ചനയാണ്‌ അദ്ദേഹത്തിന്‌ ജന്മദിനാഘോഷം.

1940 ജനുവരി പത്തിന്‌ ഫോർട്ട്‌കൊച്ചിയിലാണ്‌ സംഗീതജ്ഞനും നാടകനടനുമായ അഗസ്റ്റിൻ ജോസഫിന്റെയും എലിസബത്തിന്റെയും മകനായി കട്ടാശേരി ജോസഫ് യേശുദാസ്‌ ജനിച്ചത്‌. 1961ൽ ‘കാൽപ്പാടുകൾ’ എന്ന ചിത്രത്തിനായി ‘ജാതിഭേദം മതദ്വേഷം’ എന്നു പാടി ചലച്ചിത്രലോകത്തെത്തിയ യേശുദാസ്‌ പിന്നീട്‌ സമാനതകളിലില്ലാത്ത ഗാനേതിഹാസമായി വളർന്നു.

ഇന്ത്യയിലെ ഏറെക്കുറെ എല്ലാ ഭാഷകളിലും പാടി. മികച്ച പിന്നണി ഗായകനുള്ള ദേശീയ പുരസ്കാരം ഏറ്റവും കൂടുതൽ തവണ നേടിയ യേശുദാസ്‌ നിരവധി സംസ്ഥാനങ്ങളുടെയും പുരസ്‌കാരം നേടി. പത്മവിഭൂഷൺ, പത്മഭൂഷൺ, പത്മശ്രീ ഉൾപ്പെടെയുള്ള ബഹുമതികൾ നൽകി രാജ്യം ആദരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News