സംസ്ഥാനത്തെ ടൂറിസ്റ്റ് ബസുകൾക്ക്‌ ഏകീകൃത നിറം ഏർപ്പെടുത്താൻ തീരുമാനം; കുടിവെള്ള ടാങ്കറുകൾക്ക്‌ ഇനി നീല നിറം

ഇടിവെട്ട്‌ നിറങ്ങൾ പൂശി പരസ്‌പരം മത്സരിക്കുന്ന ടൂറിസ്‌റ്റ്‌ ബസുകൾക്ക്‌ കടിഞ്ഞാൺ. സംസ്ഥാനത്തെ ടൂറിസ്റ്റ് ബസുകൾക്ക്‌ (കോൺട്രാക്‌ട്‌ കാര്യേജ്‌) ഏകീകൃത നിറം ഏർപ്പെടുത്താൻ തീരുമാനം. വ്യാഴാഴ്‌ച ചേർന്ന സംസ്ഥാന ട്രാൻസ്‌പോർട്ട്‌ അതോറിറ്റി യോഗത്തിലാണ്‌ തീരുമാനം. ഏത്‌ നിറമാണ്‌ വേണ്ടതെന്ന്‌ ഒരാഴ്‌ചയ്‌ക്കുള്ളിൽ തീരുമാനിക്കും.

ചിത്രപ്പണികളും ചമയങ്ങളും പരിധി ലംഘിച്ചതിനെ തുടർന്നാണ്‌ ടൂറിസ്‌റ്റ്‌ ബസുകൾക്ക്‌ ഏകീകൃതനിറം നിശ്‌ചയിച്ചത്‌. വിനോദയാത്രയ്ക്കുള്ള ബസുപയോഗിച്ച് അഭ്യാസപ്രകടനം നടത്തിയതും ലേസർ ലൈറ്റുകൾവരെ ഘടിപ്പിച്ച് ഉള്ളിൽ ഡാൻസ് ഫ്‌ളോറുകൾ സജ്ജീകരിച്ചതും പരാതികൾക്കിടയാക്കിയിരുന്നു.

ടൂർ ഓപ്പറേറ്റർമാർ തമ്മിലുള്ള അനാരോഗ്യകരമായ മത്സരമായിരുന്നു ഇതിനു പിന്നിൽ. ബസുടമകളുടെ സംഘടനതന്നെ ഏകീകൃത നിറം ഏർപ്പെടുത്തണമെന്നാവശ്യപ്പെട്ട് ട്രാൻസ്പോർട്ട് കമീഷണർക്ക് നിവേദനവും നൽകിയിരുന്നു.

ടാങ്കർ ലോറികൾക്കും ഏകീകൃത നിറം ഏർപ്പെടുത്താൻ യോഗം തീരുമാനിച്ചു. കുടിവെള്ളം കൊണ്ടുപോകുന്ന ടാങ്കറുകൾക്ക്‌ നീല നിറവും മലിന ജലം കൊണ്ടുപോകുന്ന ടാങ്കറുകൾക്ക്‌ ബ്രൗൺ നിറവുമാണ്‌ നിശ്‌ചയിച്ചത്‌. കുടിവെള്ളം കൊണ്ടുപോകുന്ന ടാങ്കറിൽത്തന്നെ മലിനജലവും കൊണ്ടുപോകുന്നതായി നിരവധി പരാതികൾ ഉയർന്ന സാഹചര്യത്തിലാണ്‌ തീരുമാനം. ടാങ്കറുകളിൽ ജിപിഎസ്‌ നിർബന്ധമാക്കാനും തീരുമാനിച്ചിട്ടുണ്ട്‌.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News