വിദ്യാർഥികൾക്ക്‌ പിന്തുണ; ദീപിക അഭിനയിച്ച സ്‌കിൽ ഇന്ത്യ പ്രചരണ വീഡിയോ കേന്ദ്രസർക്കാർ ഒഴിവാക്കി

ജെഎൻയു വിദ്യാർഥികൾക്ക്‌ പിന്തുണ പ്രഖ്യാപിച്ച ബോളിവുഡ്‌താരം ദീപിക പദുക്കോൺ അഭിനയിച്ച സ്‌കിൽ ഇന്ത്യ പ്രചരണ വീഡിയോ കേന്ദ്രസർക്കാർ ഒഴിവാക്കി.

ദീപികയുടെ സിനിമ ബഹിഷ്‌കരിക്കണം എന്ന് ബിജെപി നേതാക്കൾ ആഹ്വാനം ചെയ്തതിന് പിന്നാലെയാണ് നടപടി. ദീപികയുമായി ഔദ്യോഗികമായി ഒരു കരാറും ഇല്ലെന്ന്‌ ആണ് കേന്ദ്രസർക്കാർ നിലപാട്.

ജെഎന്‍യുവില്‍ ആക്രമിക്കപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് നടി ദീപിക പദുക്കോണ്‍ എത്തിയതിന് പിന്നാലെ ദീപികയ്ക്കെതിരെ ബിജെപി അനുകൂലികള്‍ രംഗത്തെത്തിയിരുന്നു. ദീപികയുടെ പുതിയ ചിത്രം ഛപക് ബഹിഷ്‌കരിക്കാനും ട്വിറ്ററില്‍ അണ്‍ഫോളോ ചെയ്യാനും സംഘപരിവാര്‍ അനുകൂല സംഘടനകളും വ്യക്തികളും ആഹ്വാനം ചെയ്തിരുന്നു. എന്നാല്‍ ഈ ക്യാംപയ്നുകള്‍ ബിജെപി അനുകൂലികള്‍ക്ക് തിരിച്ചടിയാവുകയാണ് ചെയ്തത്.

സോഷ്യല്‍മീഡിയയില്‍ ദീപികയ്‌ക്കെതിരെ അരങ്ങേറിയ ഹേറ്റ് ക്യാംപയ്‌നുകള്‍ നടിയുടെ ഇമേജും ജനപ്രീതിയും വര്‍ധിപ്പിച്ചിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. ഛപക് ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്തതിന്റെ പിറ്റേ ദിവസം തന്നെ ട്വിറ്ററില്‍ ദീപികയെ ഫോളോ ചെയ്യുന്ന ആളുകളുടെ എണ്ണത്തില്‍ വമ്പന്‍ വര്‍ദ്ധനവ് തന്നെയാണ് ഉണ്ടായിരിക്കുന്നത്. നാല്‍പ്പതിനായിരം ഫോളോവേഴ്സാണ് ഒറ്റ ദിവസം കൊണ്ട് ദീപകയ്ക്ക് ലഭിച്ചത്.

അതേസമയം ദീപികയുടെ ജെഎന്‍യു സന്ദര്‍ശനത്തിന് പിന്നാലെ റിലീസ് ചെയ്യാനിരിക്കുന്ന ഛപാക് സിനിമയുടെ ടിക്കറ്റ് ക്യാന്‍സല്‍ ചെയ്ത് പ്രതിഷേധിച്ച് ചിലര്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ ആ പ്രചരണവും പൊളിഞ്ഞു. സംഘപരിവാര്‍ അനുകൂല സംഘടനകളുടെ പ്രചരണത്തെ തള്ളി, ദീപികയ്ക്ക് പിന്തുണയുമായി നിരവധി പ്രമുഖര്‍ രംഗത്തെത്തിയിട്ടുണ്ട്. കാര്‍ത്തിക് ആര്യന്‍, അനുരാഗ് കശ്യപ് തുടങ്ങി പ്രമുഖ താരങ്ങള്‍ ദീപികയെ പിന്തുണച്ച് രംഗത്ത് വന്നിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News