ഇന്ത്യ-ശ്രീലങ്ക ട്വന്റി-20 പരമ്പര; മൂന്നാം മത്സരം ഇന്ന്; അവസരം കാത്ത്‌ സഞ്‌ജു

മറ്റൊരു പരമ്പര നേട്ടത്തിനരികെ ഇന്ത്യ. പുണെയിൽ ശ്രീലങ്കയ്‌ക്കെതിരായ ട്വന്റി-20 പരമ്പരയിലെ മൂന്നാം മത്സരത്തിന്‌ ഇറങ്ങുമ്പോൾ അരികെയാണ്‌ ആ നേട്ടം. രണ്ടാം മത്സരം ജയിച്ച്‌ മുമ്പിലാണ്‌ വിരാട്‌ കോഹ്‌ലിയും സംഘവും. ആദ്യകളി മഴകാരണം മുടങ്ങിയിരുന്നു. തുടർച്ചയായ എട്ട്‌ കളികളിൽ അവസരം കിട്ടാത്ത സഞ്‌ജു സാംസണിലാണ്‌ കണ്ണുകൾ.

പുണെയിൽ സഞ്‌ജുവിന്‌ അവസരം കൊടുക്കുമോ എന്ന്‌ കണ്ടറിയണം. മനീഷ്‌ പാണ്ഡെയും സമാന അവസ്ഥയിലാണ്‌. ജയിച്ച ടീമിനെ നിലനിർത്താൻ തീരുമാനിച്ചാൽ ഇരുവരുടെയും കാത്തിരിപ്പ്‌ നീളും.

ഇൻഡോറിൽ നടന്ന രണ്ടാംമത്സരത്തിൽ ബൗളർമാരാണ്‌ ഇന്ത്യക്ക്‌ മികച്ച ജയമൊരുക്കിയത്‌. ബാറ്റ്‌സ്‌മാൻമാർക്ക്‌ കൂടുതൽ അധ്വാനിക്കേണ്ടിവന്നില്ല. പരിക്കിനുശേഷം തിരിച്ചെത്തിയ പേസർ ജസ്‌പ്രീത്‌ ബുമ്രയ്‌ക്ക്‌ ഇൻഡോറിൽ തിളങ്ങാനായില്ല. നവ്‌ദീപ്‌ സെയ്‌നിയും ശർദുൾ താക്കൂറും ആ കുറവ്‌ നികത്തി. സ്‌പിന്നർ കുൽദീപ്‌ യാദവിന്‌ പകരം യുശ്‌വേന്ദ്ര ചഹാലിന്‌ അവസരം കിട്ടിയേക്കും.

ബാറ്റിങ്‌ നിരയിൽ ശ്രേയസ്‌ അയ്യർ ഇന്നും മൂന്നാം നമ്പറിൽ ഇറങ്ങാൻ സാധ്യതയുണ്ട്‌. ഓപ്പണർ ശിഖർ ധവാന്‌ നിർണായകമാണ്‌ ഈ മത്സരം. ആദ്യകളിയിൽ ധവാന്റെ പ്രഹരശേഷി മികച്ചതായിരുന്നില്ല. ബാറ്റ്‌സ്‌മാൻമാരുടെ മോശം പ്രകടനമാണ്‌ ലങ്കയുടെ ആശങ്ക. കുശാൽ പെരേര ഒഴികെയുള്ള ആർക്കും ആത്മവിശ്വാസത്തോടെ ബാറ്റ്‌ വീശാനായില്ല. വേഗതയുള്ള പന്തുകൾക്ക്‌ മുന്നിൽ പതറിപ്പോകുന്നു.

ക്യാപ്‌റ്റൻ ലസിത്‌ മലിംഗയുൾപ്പെട്ട ബൗളിങ്‌ നിരയും പാളി.ഇസുറു ഉദാന പരിക്കുകാരണം പിന്മാറി. മുൻ ക്യാപ്‌റ്റൻ ഏഞ്ചലോ മാത്യൂസ്‌ പകരമെത്തും. ഏകദിനത്തിൽ അവസാന നാല്‌ മത്സരങ്ങളിൽ 113, 48, 52, 87 എന്നിങ്ങനെയാണ്‌ മാത്യൂസിന്റെ പ്രകടനം.

ബാറ്റ്‌സ്‌മാൻമാർക്കും ബൗളർമാർക്കും പിന്തുണ നൽകുന്നതാണ്‌ പുണെയിലെ പിച്ച്‌. അവസാനമായി ഇവിടെ കളിച്ചപ്പോൾ 101 റണ്ണിന്‌ പുറത്തായിട്ടുണ്ട്‌ ഇന്ത്യൻ ടീം. ലങ്കയായിരുന്നു അന്ന്‌ എതിരാളികൾ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News