മരട്‌ ഫ്‌ളാറ്റുകൾ പൊളിക്കുമ്പോൾ.. അറിയേണ്ടതെല്ലാം..

മരടിലെ അനധികൃത ഫ്‌ളാറ്റുകൾ പൊളിക്കുന്ന ശനിയാഴ്‌ച രാവിലെ ഒമ്പതിനുതന്നെ എല്ലാ മേഖലകളിലുമുള്ള നിയന്ത്രണം ആരംഭിക്കും. ഈ സമയം മുതൽ 200 മീറ്റർ ചുറ്റളവിൽ ആരെയും പ്രവേശിപ്പിക്കില്ല. രാവിലെ 10.30ന് ആദ്യ സൈറൺ മുഴങ്ങും. സ്ഫോടനത്തിനുള്ള നടപടികൾ ആരംഭിക്കുന്നതിന്റെ സൂചനയാണിത്. 10.35ന് രണ്ടാമത്തെ സൈറൺ. മുഴുവൻ തയ്യാറെടുപ്പുകളും പൂർത്തിയായെന്നാണ് ഇത് വ്യക്തമാക്കുന്നത്.

1-0.59ന് മൂന്നാമത്തെ സൈറൺ. ബ്ലാസ്‌റ്റ്‌മാന്‌ സ്വിച്ച്‌ അമർത്താനുള്ള സൂചനയാണിത്‌. 11ന് ഹോളി ഫെയ്ത്ത് എച്ച്‌2ഒ യിൽ സ്ഫോടനം നടക്കും. 10 മിനിറ്റിനു ശേഷം സ്‌ഫോടനം നടന്ന സ്ഥലത്തെത്തി വിദഗ്‌ധർ പരിശോധന നടത്തും. പൊടി പടരുന്നത്‌ തടയാൻ വെള്ളം പമ്പ്‌ ചെയ്യും. കൺട്രോൾ റൂമിലേയ്‌ക്ക്‌ സന്ദേശം അയക്കും.

എല്ലാം കൃത്യമായി നടന്നാൽ 11.10ന്‌ സ്ഫോടന നടപടികൾ സുരക്ഷിതമായി പൂർത്തിയാക്കി എന്നതിന്റെ സൂചനയായി നാലാമത്തെ സൈറൺ മുഴങ്ങും. ഇതിനുശേഷമാണ്‌ ആൽഫ സെറീനിൽ സ്ഫോടനം നടക്കുക. 11.15ഓടെ പ്രധാന റോഡുകൾ തുറക്കും. 11.45ന്‌ പൊതുജനങ്ങളെ കടത്തി വിട്ടു തുടങ്ങും.


പൊടി ഉയരും… ഭയക്കേണ്ട

മരടിൽ ഫ്ലാറ്റുകളുടെ സ്ഫോടന സമയത്ത് ശക്തമായ പൊടി ഉണ്ടാകുമെങ്കിലും പത്ത് മിനിറ്റിൽ കൂടുതൽ നീളില്ല. പൊടിയിൽ സ്ഫോടന വസ്തുക്കളുമായി ബന്ധപ്പെട്ട വിഷവസ്തുക്കളൊന്നും ഉണ്ടാകില്ല. പൊടിയുടെ തീവ്രത കുറയ്‌ക്കാൻ ശക്തിയായി വെള്ളം പമ്പ് ചെയ്യും. പൊളിക്കുന്ന ഫ്ലാറ്റുകൾക്ക് സമീപത്തെ മറ്റ് കെട്ടിടങ്ങൾക്ക് ആവശ്യത്തിലധികം അകലമുണ്ട്. അതുകൊണ്ടുതന്നേ ഇവയ്‌ക്ക് വിള്ളലുകൾ ഉണ്ടാകാനുള്ള സാധ്യതയും വിരളമാണ്.

ഹോളി ഫെയ്‌ത്ത്‌ എച്ച്‌2ഒ, ജെയിൻ കോറൽ കോവ്, ഗോൾഡൻ കായലോരം എന്നീ മൂന്ന് ഫ്ലാറ്റുകൾ തകർക്കുന്നതിന് ഒരു കോടി 70 ലക്ഷം രൂപയ്‌ക്കാണ് എഡിഫസ് കരാർ എടുത്തിരിക്കുന്നത്. കെട്ടിടത്തിലെ സ്റ്റീലും കമ്പനി എടുക്കും.11, 12 തീയതികളിൽ നടക്കുന്ന സ്ഫോടനത്തിന് ശേഷം അടുത്ത ദിവസം തന്നെ കമ്പനി മേധാവികൾ മടങ്ങും. കെട്ടിടാവശിഷ്ടങ്ങളിൽനിന്ന് കമ്പിയും സ്റ്റീലും വേർതിരിച്ചെടുക്കുന്ന നടപടി 45 ദിവസത്തോളം തുടരും.

ഗോൾഡൻ കായലോരത്തിന് സമീപമുള്ള അങ്കണവാടി സംരക്ഷിക്കുന്നതിന്‌ ഈ ഫ്ലാറ്റ് കിഴക്ക് പടിഞ്ഞാറ് ഭാഗങ്ങളിലേക്ക് രണ്ടായി വീഴ്‌ത്തും. ചരിച്ച് നിലത്തേക്ക് ഇരുത്തുന്ന തരത്തിലാണ് മൂന്ന് ഫ്ലാറ്റുകളിൽ സ്ഫോടനം പ്ലാൻ ചെയ്തിരിക്കുന്നത്. എച്ച്‌2ഒ ഫ്ലാറ്റിൽ പടിഞ്ഞാറുമുതൽ കിഴക്കോട്ട് സ്ഫോടനം നടക്കും.

മുൻവശത്തെ ഗേറ്റിന് സമീപത്തേക്ക് കെട്ടിടം അമർന്ന് വീഴും. ജെയ്‌ൻ ഫ്ളാറ്റിൽ കിഴക്കുനിന്ന് പടിഞ്ഞാറോട്ടാണ് സ്ഫോടനം നടക്കുക. മൂന്ന് സ്ഫോടനങ്ങളിലും അവശിഷ്ടങ്ങൾ പുഴയിൽ പതിക്കാതിരിക്കാനുള്ള പ്രത്യേക മുൻകരുതലുകൾ എടുത്തിട്ടുണ്ട്.

സ്ഫോടനം നടക്കുന്ന നിലകളിൽ മൂന്നുതരം സുരക്ഷാ വേലികൾ ഉള്ളതിനാൽ അവശിഷ്ടങ്ങൾ തെറിച്ചുപോകില്ല. എങ്കിലും ചെറിയതോതിൽ കോൺക്രീറ്റ് കഷ്ണങ്ങൾ കായലിൽ വീണേക്കാം.

കെട്ടിടങ്ങളിലെ ദ്വാരങ്ങളിൽ നിറച്ചിരിക്കുന്ന സ്ഫോടക വസ്തുക്കൾ പൊട്ടാതിരിക്കുന്ന അവസ്ഥ ഉണ്ടാകില്ല. ഇതിനുവേണ്ടിയാണ് രണ്ടുതരം വയറുകൾ ഉപയോഗിക്കുന്നത്. ഒന്ന് നിശ്ചലമായാൽ മറ്റൊന്ന് സ്ഫോടനം നടത്തും. ഇൻഷുറൻസ് സംബന്ധിച്ച നടപടികൾ മരട് നഗരസഭയാണ് ഏർപ്പെടുത്തിയിട്ടുള്ളത്. തേർഡ് പാർട്ടി ഇൻഷുറൻസാണ് എടുത്തിട്ടുള്ളതെന്നും അധികൃതർ പറഞ്ഞു.

ഗതാഗതനിയന്ത്രണം ഇങ്ങനെ
ഫ്ലാറ്റുകൾ പൊളിക്കുന്നതിനോടനുബന്ധിച്ച് ശനി, ഞായർ ദിവസങ്ങളിൽ പൊലീസ്‌ സമീപപ്രദേശങ്ങളിൽ ഗതാഗതനിയന്ത്രണം ഏർപ്പെടുത്തി. മുന്നറിയിപ്പ് സൈറണുകളുടെ അടിസ്ഥാനത്തിലാണ്‌ ഗതാഗതനിയന്ത്രണം നടപ്പാക്കുക. ചെറുറോഡുകൾ ഉൾപ്പെടെയുള്ളവ ഗതാഗതനിയന്ത്രണത്തിന്റെ പരിധിയിൽപ്പെടും. രാവിലെ 10.30ന്‌ പ്രദേശത്ത് പൊലീസിന്റെ നിയന്ത്രണത്തിൽ വാഹനഗതാഗത ക്രമീകരണമൊരുക്കും.

ശനിയാഴ്‌ച പൊളിക്കുന്ന ഫ്ലാറ്റുകളായ ഹോളിഫെയ്‌ത്തിന്റെയും ആൽഫ സെറീനിന്റെയും പരിസരത്തുള്ള പ്രദേശവാസികളെ രാവിലെ ഒമ്പതോടെ പ്രത്യേകം ഒരുക്കിയിട്ടുള്ള തേവര സേക്രഡ്‌ ഹാർട്ട് കോളേജ്, പനങ്ങാട് ഫിഷറീസ് കോളേജ് എന്നിവിടങ്ങളിലേക്ക് മാറ്റും. ഇതിനായി വാഹനസൗകര്യമുൾപ്പെടെ ഏർപ്പെടുത്തിയിട്ടുണ്ട്. പ്രായമായ ആളുകളെ മാറ്റുന്നതിന് മെഡിക്കൽസഹായമടക്കമുള്ളവ ലഭ്യമാക്കും.

അതീവ ജാഗ്രത ഇവിടെയൊക്കെ
മരട്‌ ഫ്ലാറ്റുകൾ നിയന്ത്രിത സ്‌ഫോടനത്തിലൂടെ വീഴ്‌ത്തുമ്പോൾ കെട്ടിട സമുച്ചയങ്ങൾക്ക്‌ ചുറ്റുമുള്ള 200 മീറ്റർ പ്രദേശം അതീവ ജാഗ്രതയിലായിരിക്കും. ജനവാസകേന്ദ്രങ്ങൾ ഒഴിപ്പിച്ച ഇവിടെ നിരോധനാജ്ഞയുണ്ടാകും.

ഹോളി ഫെയ്‌ത്‌ എച്ച്‌2ഒ
കുണ്ടന്നൂർ ജങ്‌ഷനു സമീപം എൻ എഫ്‌ ജോസഫ്‌ റോഡ്‌ മുതൽ മരട്‌ മുനിസിപ്പാലിറ്റിയുടെ മുന്നിലുള്ള മുനിസിപ്പൽ റോഡ്‌ വരെയുള്ള പ്രദേശങ്ങൾ.

ആൽഫ സെറീൻ
നെട്ടൂർ സമാന്തര പാലം ഇറങ്ങി അണ്ടർപാസിന്‌ അടുത്തുളള ബോട്ട്‌ ക്ലബ്ബ്‌ മുതൽ തെക്കേടത്ത്‌ പുഴയോരത്തുള്ള തട്ടേക്കാട്‌ അമ്പലം കഴിഞ്ഞുള്ള കൽവർട്ട്‌ വരെയുള്ള സ്ഥലങ്ങൾ.

ഗോൾഡൻ കായലോരം
ദേശീയപാതയിൽ കണ്ണാടിക്കാട്‌ സർവീസ്‌ റോഡ്‌ മുതൽ പടിഞ്ഞാറോട്ട്‌ കായലോരം വരെയുള്ള പ്രദേശങ്ങൾ.

ജെയിൻ കോറൽ കോവ്
നെട്ടൂർ കേട്ടേഴത്തും കടവ്‌ റോഡിന്റെ ഇരു വശങ്ങൾ. വലതു വശത്തുള്ള മൂത്തേടം കോളനിയും ഇടതു വശത്തുള്ള എട്ടു വീടുകളും.

പ്രകമ്പനം പഠിക്കാൻ ഐഐടി സംഘം
മരട് ഫ്ലാറ്റ്‌ പൊളിക്കുമ്പോഴുണ്ടാകുന്ന സ്ഫോടനത്തിലെ പ്രകമ്പന തോത് വിലയിരുത്താൻ ചെന്നൈ ഐഐടി സംഘം എത്തി. പ്രൊഫ. എ ഭൂമിനാഥന്റെ നേതൃത്വത്തിൽ ആറംഗ സംഘമാണ്‌ എത്തിയത്‌. പ്രകമ്പനത്തിന്റെ തോത്‌, എത്ര ദൂരത്തേക്ക് പ്രകമ്പനം എത്തും എന്നീ കാര്യങ്ങളാണ് സംഘം പരിശോധിക്കുക.

ആക്സിലറോ മീറ്റർ, സ്ട്രെയിൻ ഗേജുകൾ, ജിയോഫോണുകൾ എന്നിവ ഉപയോഗിച്ചാണ് പ്രകമ്പനം അളക്കുക. ഈ ഉപകരണങ്ങളിൽനിന്നുള്ള വയറുകൾ ലാപ്ടോപ്പുകളിലേക്ക് കണക്റ്റ് ചെയ്തു കാറിലിരുന്നായിരിക്കും സംഘം സ്ഫോടനം നിരീക്ഷിക്കുക. ആദ്യ ദിനം സ്‌ഫോടനം നടക്കുന്ന ഹോളിഫെയ്‌ത്ത്‌ എച്ച്‌2ഒ, ആൽഫ സെറീൻ ഫ്‌ളാറ്റുകളുടെ സമീപത്ത്‌ പ്രകമ്പനത്തിന്റെ തോത്‌ അറിയുന്നതിനായി 10 സ്ഥലങ്ങളിൽ ആക്സിലറോ മീറ്ററുകൾ സ്ഥാപിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here