കശ്മീര്‍: നിലവിലുള്ള എല്ലാ നിയന്ത്രണങ്ങളും പുനഃപരിശോധിക്കണമെന്ന് സുപ്രീംകോടതി; ജനങ്ങളുടെ സ്വാതന്ത്ര്യമാണ് പ്രധാനം; ഇന്റര്‍നെറ്റ് ലഭ്യത മൗലികാവകാശം

ദില്ലി: ജമ്മു കശ്മീരില്‍ നിലവിലുള്ള എല്ലാ നിയന്ത്രണങ്ങളും ഒരാഴ്ചയ്ക്കുള്ളില്‍ പുനഃപരിശോധിക്കണമെന്ന് സുപ്രീംകോടതി.

അനിശ്ചിതകാലത്തേക്ക് ഇന്റര്‍നെറ്റ് വിച്ഛേദിച്ചത് അംഗീകരിക്കാന്‍ സാധിക്കില്ല. ഇന്റര്‍നെറ്റ് വിലക്കുന്നത് ടെലികോം നിയമങ്ങളുടെ ലംഘനമാണെന്ന് സുപ്രീംകോടതി വ്യക്തമാക്കി.

ഇന്റര്‍നെറ്റിന് നിയന്ത്രണം ഏര്‍പ്പെടുത്തിയ നടപടി ജുഡീഷ്യല്‍ പരിശോധനയ്ക്ക് വിധേയമാണ്. ഇന്റര്‍നെറ്റിലൂടെയുള്ള അഭിപ്രായ സ്വാതന്ത്ര്യം ആര്‍ട്ടിക്കിള്‍ 19ന്റെ ഭാഗമാണെന്നും അഭിപ്രായ സ്വാതന്ത്ര്യം ജനാധിപത്യത്തിന് അനിവാര്യമാണെന്നും സുപ്രീംകോടതി വ്യക്തമാക്കി.

വിലക്കുകള്‍ സാഹചര്യങ്ങള്‍ക്ക് അനുസരിച്ചാവണമെന്നും അത് അനിശ്ചിതകാലത്തേക്ക് ആവരുതെന്നും കോടതി നിര്‍ദേശിച്ചു. നിരോധനാജ്ഞയും നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിക്കൊണ്ടുള്ള ഉത്തരവുകള്‍ പ്രസിദ്ധീകരിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

നിയന്ത്രണം ഏര്‍പ്പെടുത്തിയ ഉത്തരവിന് പിന്നിലെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ കോടതി പരിഗണിച്ച വിഷയമല്ല. കശ്മീരില്‍ ഒട്ടറെ അക്രമങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച പ്രദേശമാണ്. അതുകൊണ്ടുതന്നെ സുരക്ഷയും സ്വാതന്ത്ര്യവും മനുഷ്യാവകാശങ്ങളും സന്തുലനത്തോടെ കാണാനാണ് ശ്രമിച്ചതെന്നും കോടതി വ്യക്തമാക്കി.

കശ്മീരിലെ നിരോധനാജ്ഞയും ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്കുള്ള നിയന്ത്രണങ്ങളും ചോദ്യം ചെയ്ത് നല്‍കിയ ഹര്‍ജികളിലാണ് സുപ്രീംകോടതി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. ജസ്റ്റിസ് എന്‍.വി രമണയുടെ അധ്യക്ഷതയിലുള്ള മൂന്നംഗ ബെഞ്ചാണ് വിധി പറഞ്ഞത്. കോണ്‍ഗ്രസ് നേതാവ് ഗുലാംനബി ആസാദ്, കശ്മീര്‍ ടൈംസ് എഡിറ്റര്‍ അനുരാധ ബാസിന്‍ തുടങ്ങിയവര്‍ നല്‍കിയ ഹര്‍ജികളിലാണ് കോടതി വിധി.

കശ്മീരിന്റെ പ്രത്യേക ഭരണഘടന പദവി നീക്കം ചെയ്തതിന് മുന്നോടിയായി കൊണ്ടുവന്ന നിയന്ത്രണങ്ങള്‍ അഞ്ചുമാസം പിന്നിടുമ്പോഴാണ് കോടതി വിധി.

കഴിഞ്ഞ ഓഗസ്റ്റ് നാലിന് അര്‍ദ്ധ രാത്രിയാണ് ജമ്മു കശ്മീരില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ച് രാഷ്ട്രീയ നേതാക്കളെ അറസ്റ്റ് ചെയ്യുകയും വാര്‍ത്ത വിതരണ സംവിധാനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുകയും ചെയ്തത്.

നിയമങ്ങളുടെയോ നടപടിക്രമങ്ങളുടെയും പിന്‍ബലമില്ലാതെ ഏകപക്ഷീയമായി ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ പൗരന്മാരുടെ മൗലികാവകാശങ്ങള്‍ ലംഘിക്കപ്പെടുകയാണ്. വിദ്യാഭ്യാസം, ആരോഗ്യം, വ്യാപാരം, ടൂറിസം മേഖലകളെ തകര്‍ത്തു. ക്രമസമാധാനത്തിന്റെയും ദേശസുരക്ഷയുടെയും പേര് പറഞ്ഞ് ഏഴുപതു ലക്ഷം വരുന്ന കശ്മീര്‍ ജനങ്ങളെ സര്‍ക്കാര്‍ ശിക്ഷിക്കുകയാണെന്നും ഹര്‍ജിക്കാര്‍ വാദിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News