മരട്‌ ഫ്‌ളാറ്റുകൾ പൊളിക്കുമ്പോൾ; കേസിലെ നാൾവഴികൾ..

സുപ്രീം കോടതി ഉത്തരവ് പ്രകാരം മരടിലെ അനധികൃത ഫ്‌ളാറ്റുകൾ പൊളിക്കുന്നതിനുള്ള നടപടികൾ ശനിയാഴ്‌ച രാവിലെ 9നു തന്നെ ആരംഭിക്കും.

കേസിലെ നാൾവഴികൾ

2006 ജൂൺ 17
തീരദേശ നിയന്ത്രണ മേഖല (സിആർഇസെഡ്‌) വിജ്ഞാപനം പാലിച്ച്‌ മാത്രമെ കെട്ടിട നിർമാണ അനുമതി നൽകാവൂ എന്ന്‌ കേരള തീരദേശ പരിപാലന അതോറിറ്റിയുടെ (കെസിഇസഡ്‌എംഎ) സർക്കുലർ.

2006 സെപ്‌തംബർ 19
ഹോളി ഫെയ്‌ത്‌ ബിൽഡേഴ്‌സ് ആൻഡ് ഡെവലപ്പേഴ്‌സ് ലിമിറ്റഡിന്റെ കുണ്ടന്നൂരുള്ള ഹോളി ഫെയ്ത് എച്ച്‌2ഒ, ആൽഫ വെൻച്വേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡിന്റെ നെട്ടൂരുള്ള ആൽഫ വെൻച്വേഴ്‌സ് ഇരട്ട ഫ്ലാറ്റ് സമുച്ചയം, കെ വി ജോസ് ഗോൾഡൻ കായലോരം, ജെയ്ൻ ഹൗസിങ്‌ ആൻഡ് കൺസ്ട്രക്‌ഷന്റെ നെട്ടൂർ കേട്ടേഴത്ത് കടവ് ജെയ്ൻ കോറൽ കോവ്, ഹോളി ഫെയ്ത്ത് ബിൽഡേഴ്‌സ് ആൻഡ് ഡെവലപ്പേഴ്‌സ് ലിമിറ്റഡിന്റെ ഹോളിഡേ ഹെറിറ്റേജ് (ഇതിന്റെ നിർമാണം തുടങ്ങിയിട്ടില്ല) എന്നിവയ്‌ക്ക്‌ മരട്‌ പഞ്ചായത്തിന്റെ നിർമാണാനുമതി.

2007 ഏപ്രിൽ
പഞ്ചായത്ത്‌ സെക്രട്ടറി നൽകിയ നിർമാണാനുമതി റദ്ദാക്കി ബിൽഡർമാർക്ക്‌ നോട്ടീസ്‌ അയക്കാനും സ്‌റ്റോപ്പ്‌ മെമ്മോ നൽകാനും കെസിഇസഡ്‌എംഎയുടെ നിർദേശം. സിആർഇസഡ്‌ വിജ്ഞാപനത്തിലെ കാറ്റഗറി ഒന്ന്‌, മൂന്ന്‌ ചട്ടങ്ങൾ ലംഘിച്ചെന്ന്‌ പ്രധാന ആക്ഷേപം.

2007 ജൂൺ 4

പഞ്ചായത്ത്‌ സെക്രട്ടറി ബിൽഡർമാർക്ക്‌ കാരണം കാണിക്കൽ നോട്ടീസ്‌ നൽകി

2007 ജൂലൈ
പഞ്ചായത്തിന്റെ നോട്ടീസ്‌ അവഗണിച്ച്‌ ബിൽഡർമാർ ഹൈക്കോടതിയിൽ. ജൂലൈ ‌‌‌‌31ന്‌ പഞ്ചായത്തിന്റെ നോട്ടീസ്‌ സ്‌റ്റേ ചെയ്‌ത്‌ ഹൈക്കോടതി ഉത്തരവ്‌. ഫ്ലാറ്റ്‌ നിർമാണം തടസ്സമില്ലാതെ തുടരുന്നു.

2012 സെപ്‌തംബർ 19

ബിൽഡർമാർക്ക്‌ അനുകൂലമായി ഹൈക്കോടതി സിംഗിൾബെഞ്ച്‌ വിധി. നിർമാണത്തിൽ തീരദേശപരിപാലന നിയമം ലംഘിച്ചിട്ടുണ്ടെന്ന കാര്യം ബിൽഡർമാരും പഞ്ചായത്തും മറച്ചുവച്ചതായി ആക്ഷേപം.

2015 ജൂൺ 2
സിംഗിൾബെഞ്ച്‌ വിധിക്കെതിരെ 2013ൽ കെസിഇസഡ്‌എംഎയും കക്ഷിചേർത്ത്‌ പഞ്ചായത്ത്‌ നൽകിയ റിട്ട്‌ ഹർജിയിലും ബിൽഡർമാർക്ക്‌ അനുകൂലമായി ഡിവിഷൻബെഞ്ച്‌ വിധി.

2015 നവംബർ 11
കെസിഇസഡ്‌എംഎയുടെ പുനഃപരിശോധനാ ഹർജിയും ഹൈക്കോടതി തള്ളി.

2016 ജനുവരി
ഫ്ലാറ്റ്‌ നിർമാണം തീരദേശ പരിപാലന ചട്ടങ്ങൾ ലംഘിച്ചാണെന്ന്‌ വ്യക്‌തമാക്കി കെസിഇസഡ്‌എംഎ സുപ്രീംകോടതിയിൽ.

2018 നവംബർ 27
ഫ്ലാറ്റ്‌ നിർമാണത്തിലെ നിയമലംഘനങ്ങൾ പരിശോധിക്കാൻ സുപ്രീംകോടതിയുടെ മൂന്നംഗസമിതി.

2019 മെയ്‌ 8
ഫ്ലാറ്റുകൾ സിആർഇസഡ്‌ മൂന്നിലാണ്‌ നിർമിച്ചിട്ടുള്ളതെന്ന്‌ മൂന്നംഗസമിതിയുടെ റിപ്പോർട്ട്‌. ജസ്‌റ്റിസ്‌ അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ച്‌ ഫ്ലാറ്റുകൾ പൊളിച്ചുനീക്കാൻ ഉത്തരവിട്ടു.

2019 സെപ്‌തംബർ 6
സെപ്‌തംബർ 20 നകം ഫ്ലാറ്റുകൾ പൊളിച്ചുനീക്കാൻ സുപ്രീംകോടതിയുടെ അന്ത്യശാസനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News