”ഒന്നാണ് നമ്മള്‍, ഒന്നാമതാണ് നമ്മള്‍; ഭരണഘടന സംരക്ഷിക്കാന്‍ കേരളം ഒറ്റക്കെട്ട്” കേരളത്തോട് വിരോധമുള്ളവര്‍ക്ക് മറുപടി

തിരുവനന്തപുരം: സാമൂഹ്യ വികസന സൂചികകളില്‍ മാത്രമല്ല, ഭരണഘടനയുടെ അന്തഃസത്ത ഉയര്‍ത്തിപ്പിടിയ്ക്കുന്നതിലും ഒന്നാമതാണ് കേരളമെന്ന് ഓര്‍മ്മപ്പെടുത്തി സംസ്ഥാന്‍ സര്‍ക്കാര്‍.

പൗരത്വ നിയമത്തിനെതിരെ പ്രമേയം പാസാക്കിയതില്‍ കേരള സര്‍ക്കാരിനും നിയമസഭക്കും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും കക്ഷി രാഷ്ട്രീയ ഭേദമന്യേ അഭിനന്ദനങ്ങള്‍ ലഭിച്ചിരുന്നു.

കേരളം അംഗീകാരം നേടുന്നത് ഇഷ്ടപ്പെടാത്ത ഉത്തരേന്ത്യന്‍ സംഘ് ബെല്‍റ്റില്‍ ജീവിക്കുന്നവരടക്കം കേരളത്തോടുള്ള ഇഷ്ടം തുറന്നെഴുതി. കേരളത്തോട് വിരോധമുള്ളവര്‍ക്കുള്ള മറുപടിയാണ് സര്‍ക്കാര്‍ നിലപാടുകള്‍.

ഇന്ന് ഡല്‍ഹിയിലും മറ്റും പത്രങ്ങളുടെ ഒന്നാം പേജ് നോക്കുന്ന കേന്ദ്രമന്ത്രിമാര്‍ക്കും ബിജെപി നേതാക്കള്‍ക്കും മനസ്സിലാകാത്ത ഒരുപാട് കാര്യങ്ങള്‍ ആ ചെറിയ പരസ്യത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ‘ഒന്നാണ് നമ്മള്‍, ഒന്നാമതാണ് നമ്മള്‍’ എന്ന് മുഖ്യവാചകമുള്ള പരസ്യം കേരളം രാജ്യത്തിന് വഴികാട്ടുന്നതിനെപ്പറ്റിയും പറയുന്നു.

പ്രധാന ദേശീയ ദിനപത്രങ്ങളിലും ‘ഭരണഘടന സംരക്ഷിക്കാന്‍ കേരളം ഒറ്റക്കെട്ട്’ എന്ന പരസ്യം അച്ചടിച്ച് വന്നിട്ടുണ്ട്.

പൗരത്വ നിയമ ഭേദഗതിക്കെതിരെ നിയമസഭയില്‍ പ്രമേയം പാസ്സാക്കുകയും, ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഇതിനെതിരെ പരസ്യമായി രംഗത്ത് വരികയും ചെയ്തതിന് പിന്നാലെയാണ് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.

പൗരത്വ നിയമത്തിനെതിരെ പ്രതിപക്ഷവുമായി യോജിച്ച് പ്രമേയം പാസ്സാക്കിയ ആദ്യ നിയമസഭ, തടങ്കല്‍ പാളയം, റേഷന്‍ കാര്‍ഡ് നിഷേധം തുടങ്ങിയ ഭീഷണികള്‍ ഉയര്‍ന്നപ്പോള്‍ ജനങ്ങളുടെ ആശങ്കയകറ്റാന്‍ ഉറച്ച് കാല്‍വെയ്പ്പ് നടത്തിയ സര്‍ക്കാര്‍ തുടങ്ങിയ കാര്യങ്ങളും പരസ്യത്തില്‍ പറയുന്നുണ്ട്.

പൗരത്വ രജിസ്റ്ററിലേക്ക് നയിക്കുന്ന എന്‍പിആര്‍ കേരളം നിര്‍ത്തിവെച്ചു എന്ന കാര്യവും ഓര്‍മ്മപ്പെടുത്തുന്നു. പൗരത്വ നിയമത്തെ എതിര്‍ക്കുന്ന പ്രമേയം നിയമസഭകള്‍ പാസ്സാക്കണമെന്നഭ്യര്‍ത്ഥിച്ച് മറ്റ് പതിനൊന്ന് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ക്ക് പിണറായി വിജയന്‍ കത്തയച്ചതിന് പിന്നാലെയാണ് ദേശീയ തലത്തില്‍ അടക്കം ശ്രദ്ധകിട്ടുന്ന തരത്തില്‍ ദേശീയ മാധ്യമങ്ങളിലും പ്രദേശീക മാധ്യമങ്ങളിലും സര്‍ക്കാര്‍ പരസ്യം നല്‍കിയിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here