വിചാരണ ഓൺലൈനായി നടത്തുന്നത് പരിഗണനയിൽ; ജയിലുകളെയും കോടതികളെയും ബന്ധിപ്പിച്ച്‌ വീഡിയോ കോൺഫറൻസിങ് സംവിധാനം

കൊച്ചി: സംസ്ഥാനത്തെ ജയിലുകളെയും കോടതികളെയും ബന്ധിപ്പിക്കുന്ന വീഡിയോ കോൺഫറൻസിങ് സംവിധാനം നിലവിൽ വന്നു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലെ 136 കോടതികളേയും 13 ജയിലുകളിലെ 38 സ്റ്റുഡിയോകളേയും ബന്ധിപ്പിക്കുന്ന സംവിധാനമാണ് നിലവില്‍ വന്നത്.

ഹൈക്കോടതിയിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. സംസ്ഥാനത്തെ 53 ജയിലുകളിലും 372 കോടതികളിലും മാര്‍ച്ച് 31 നകം പദ്ധതി നടപ്പാക്കുകയാണ് ലക്ഷ്യം.

തടവുകാരെ ഇലക്ട്രോണിക് സംവിധാനത്തിലൂടെ ഹാജരാക്കി റിമാൻഡ് കാലാവധി നീട്ടുകയാണ് ആദ്യഘട്ടത്തില്‍ നടക്കുക. വിചാരണയും ഓൺലൈനായി നടത്തുന്നത് പരിഗണനയിലാണ്.

തടവുകാരുടെ വാറണ്ട്, പരാതി തുടങ്ങിയവ ഓൺ ലൈനായി അയക്കുന്നതിനുള്ള സ്കാനർ സംവിധാനവും നിലവിൽ വന്നു. പൊലീസ് ഉദ്യോഗസ്ഥർ വാറണ്ടുമായി കോടതികൾ കയറിയിറങ്ങുന്നതിലെയും കാത്തു നിൽക്കുന്നതിലെയും കാലതാമസവും ഒഴിവാക്കാം.

പൊലീസുകാരെ സംബന്ധിച്ചിടത്തോളം വിപ്ലവകരമായ മാറ്റമാണിത്. 600 മുതൽ 800 വരെ പൊലീസുകാരാണ് പ്രതിദിനം സംസ്ഥാനത്ത് എസ്കോർട്ട് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെടുന്നത്.

അവരുടെ ബത്തയിനത്തിൽ കോടിക്കണക്കിന് രൂപ ചെലവാക്കേണ്ടി വരുന്നു. ഇതെല്ലാം ഒഴിവാക്കാനാകും. ഒരേ ദിവസം ഒന്നിലധികം കേസുകളിൽ ഹാജരാകേണ്ട തടവുകാരെ നിഷ്പ്രയാസം ഹാജരാക്കാൻ കഴിയും.

രോഗബാധിതരും യാത്ര ചെയ്യാനാവാത്തതുമായ തടവുകാരെയും തീവ്രവാദികൾ അടക്കമുള്ള തടവുകാരെയും പുറത്തു കൊണ്ടു പോകുമ്പോഴുള്ള പ്രശ്നങ്ങള്‍ ഒഴിവാക്കാനുമാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News